അമേരിക്കയിൽ പന്തുരുളുമ്പോൾ ലോകം ഒരേ മനസ്സോടെ അതിന് ചുറ്റും ഉരുളുമോ? ലോകകപ്പ് ഉയർത്തുന്ന ഭൗമരാഷ്ട്രീയ ചോദ്യങ്ങൾ

ഭൗമരാഷ്ട്രീയം, അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയം, രാജ്യാന്തര ബന്ധങ്ങൾ, മനുഷ്യാവകാശ-കുടിയേറ്റ പ്രശ്നങ്ങൾ, സുരക്ഷാ ആശങ്കകൾ, ഫിഫയുടെ വാണിജ്യ താൽപ്പര്യങ്ങൾ എന്നിവയെല്ലാ ചേരുന്ന അതിസങ്കീർണ്ണമായ വിഷയങ്ങളിൽ കൂടി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ഉത്തര അമേരിക്ക അതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്

അമേരിക്കയിൽ പന്തുരുളുമ്പോൾ ലോകം ഒരേ മനസ്സോടെ അതിന് ചുറ്റും ഉരുളുമോ? ലോകകപ്പ് ഉയർത്തുന്ന ഭൗമരാഷ്ട്രീയ ചോദ്യങ്ങൾ
dot image

''ലോകത്തെ മാറ്റി മറിയ്ക്കാൻ സ്പോർട്സിന് ശക്തിയുണ്ട്. മനുഷ്യരെ പ്രചോദിപ്പിക്കാനും അതിന് കഴിയും. മറ്റൊന്നിനും അത്ര എളുപ്പത്തിൽ സാധിക്കാത്ത രീതിയിൽ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള അതുല്യശക്തി സ്പോർട്സിനുണ്ട്" എന്ന് പറഞ്ഞത് ദക്ഷിണാഫ്രിക്കൻ പോരാളി നെൽസൺ മണ്ടേലയാണ്. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് തുടക്കം കുറിക്കുമ്പോൾ ലോകം ഈ വാക്കുകൾ തന്നെയാവും ആവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടാവുക. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഉത്തര അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് പന്തുരുളുന്നത്. സംഘർഷത്തിൻ്റെ ഒരുപക്ഷത്ത് നിൽക്കുന്ന അമേരിക്ക ആതിഥേയത്വം വഹിക്കുകയും എതിർപക്ഷത്ത് നിൽക്കുന്ന ഇറാൻ ടൂർണ്ണമെൻ്റിൽ ഭാ​ഗമാകുകയും ചെയ്യുന്ന ഒരു സാഹചര്യം കൂടി ഇവിടെ പ്രധാനമാണ്. ഈ നിലയിൽ ഭൗമരാഷ്‌ട്രീയം അതിസങ്കീർണ്ണമായ രൂപപരിണാമങ്ങളിലൂടെ കടന്ന് പോകുന്ന ഘട്ടത്തിൽ അരങ്ങുണരുന്ന ഒരു കായിക മാമാങ്കത്തെ ഇത്തരത്തിൽ പ്രത്യാശാനിർഭരമായല്ലാതെ എങ്ങനെയാണ് നോക്കി കാണാൻ കഴിയുക. എന്നാൽ അതെത്രമാത്രം യാഥാർത്ഥ്യ ബോധത്തോട് ചേർന്ന് കിടക്കുന്ന ശുഭപ്രതീക്ഷയാണ് എന്ന ചോദ്യവും പ്രധാനമാണ്.

ഭൗമരാഷ്ട്രീയം, അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയം, രാജ്യാന്തര ബന്ധങ്ങൾ, മനുഷ്യാവകാശ-കുടിയേറ്റ പ്രശ്നങ്ങൾ, സുരക്ഷാ ആശങ്കകൾ, ഫിഫയുടെ വാണിജ്യ താൽപ്പര്യങ്ങൾ എന്നിവയെല്ലാ ചേരുന്ന അതിസങ്കീർണ്ണമായ വിഷയങ്ങളിൽ കൂടി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ഉത്തര അമേരിക്ക അതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്

ഉത്തര അമേരിക്കയുടെ ഐക്യത്തിന്റെയും ആഗോള ഫുട്ബോളിന്റെ വളർച്ചയുടെയും പ്രതീകമായി 2026 ലോകകപ്പിനെ പൊതുവെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ സൂഷ്മാർത്ഥത്തിൽ, യാഥാർത്ഥ്യ ബോധത്തോടെ ചിന്തിക്കുമ്പോൾ 2026 ലോകകപ്പ് പതിവില്ലാത്ത വിധത്തിലുള്ള വിഷയ ബാഹുല്യങ്ങളാൽ കലുഷിതമാണ്. ഭൗമരാഷ്ട്രീയം, അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയം, രാജ്യാന്തര ബന്ധങ്ങൾ, മനുഷ്യാവകാശ-കുടിയേറ്റ പ്രശ്നങ്ങൾ, സുരക്ഷാ ആശങ്കകൾ, ഫിഫയുടെ വാണിജ്യ താൽപ്പര്യങ്ങൾ എന്നിവയെല്ലാ ചേരുന്ന അതിസങ്കീർണ്ണമായ വിഷയങ്ങളിൽ കൂടി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ഉത്തര അമേരിക്ക അതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്. പശ്ചിമേഷ്യൻ പ്രതിസന്ധി, റഷ്യ–യുക്രെയ്ൻ യുദ്ധം, സാമ്പത്തിക പ്രതിസന്ധികൾ, വിവിധ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ സംഘർഷപരമായ ബന്ധങ്ങൾ എന്നിവ ലോകകപ്പിന്റെ സുരക്ഷാ സാഹചര്യത്തെയും കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വൻ ടൂർണമെന്റ് അതിനാൽ തന്നെ സുരക്ഷാ ഏകോപനം വലിയ വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഫിഫ ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായ ചാമ്പ്യൻഷിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന 104 മത്സരങ്ങൾ ഇത്തവണ മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായാണ് നടക്കുന്നതെന്ന് ഒരേ സമയം ആകർഷണവും അതേ സമയം സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നതുമാണ്.

President Donald Trump appears at a FIFA Club World Cup 2025 match at New Jersey’s MetLife Stadium on July 13, 2025, with FIFA president Gianni Infantino standing to the right. Eva Marie Uzcategui
2025 ജൂലൈ 13-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് വേൾഡ് കപ്പ് 2025 മത്സരത്തിനെത്തിയ ഡോണൾഡ് ട്രംപ്

ലോകകപ്പിൻ്റെ സംയുക്ത ആതിഥേയ‍ർക്കിടയിലെ സംഘർഷഭരിതമായ അയൽബന്ധം

ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങളുടെ നിരവധിയായ കാണാച്ചരടുകൾ പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് ഈ ലോകകപ്പിന് അരങ്ങുണരുന്നതെന്ന് പറഞ്ഞ് കഴിഞ്ഞല്ലോ. അത് കേവലം പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ടൂർണമെൻ്റിന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന മൂന്ന് രാജ്യങ്ങൾക്കിടയിലെ ബന്ധങ്ങളിൽ കൂടി ഈ വൈരുദ്ധ്യം നിഴലിച്ച് നിൽക്കുന്നുണ്ട്. അയൽരാജ്യങ്ങളായ മെക്സിക്കോയും കാനഡയുമായുള്ള ട്രംപ് കാലത്തെ അമേരിക്കയുടെ സംഘർഷഭരിതമായ അയൽബന്ധം ഈ ലോകകപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 2026ലെ ലോകകപ്പിൻ്റെ അതിഥേയരെ തെരഞ്ഞെടുക്കാൻ 2018ൽ ബിഡ് നടക്കുന്ന അവസരത്തിൽ ഉത്തര അമേരിക്കൻ സഹകരണത്തിന്റെ പ്രതീകമെന്ന നിലയിലാണ് അമേരിക്ക-കാനഡ-മെക്സിക്കോ ലോകകപ്പ് സംയുക്ത ആതിഥേയത്വം എന്ന ആശയം രൂപകൽപ്പന ചെയ്തിരുന്നത്. യുഎസ്എംസി‌എ (USMCA) കരാറിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. ട്രംപിൻ്റെ ആദ്യ ടേമിലായിരുന്നു യുഎസ്എംസി‌എ (USMCA) കരാർ നിലവിൽ വന്നതെന്നതാണ് മറ്റൊരു വിരോധാഭാസം. എന്തുതന്നെയായാലും ഇതിന് ശേഷം ബ്രാവോ ഡെൽ നോർട്ടെ (റിയോ ​ഗ്രാൻഡേ ഡിയോ) നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകി പോയെന്ന് മെക്സിക്കോയും സെൻ്റ് ലോറൻസ് നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയെന്ന് കാനഡക്കാരും പറയുമെന്ന് തീർച്ചയാണ്.

അമേരിക്ക ഫസ്റ്റ് എന്ന നയവുമായി മുന്നോട്ടുപോകുന്ന ട്രംപ് ഇരു അയൽരാജ്യങ്ങളെയും പരമാധികാര സ്വഭാവമുള്ള രാജ്യങ്ങളായി പോലും പരി​ഗണിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സ്റ്റേറ്റാക്കുമെന്ന ഭീഷണിപോലും ട്രംപ് മുഴക്കിയിരുന്നു. അമേരിക്കയിലേയ്ക്കുള്ള ലഹരിക്കടത്തുമായി ബന്ധപ്പെട്ട് മെക്സിക്കോയുമായും ട്രംപ് രണ്ടാം ടേമിൽ കൊമ്പു കോർത്തിരുന്നു. കുടിയേറ്റ നയങ്ങളെ വ്യാപാരവുമായി ആക്രമണാത്മകമായി ബന്ധിപ്പിച്ചുള്ള വിലപേശൽ സമീപനവും ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങളോടും സ്വീകരിച്ചിരുന്നു

ആദ്യ ടേമിൽ നിന്നും തീർത്തും വ്യത്യസ്തനായ ഒരു ട്രംപിനെയാണ് 2025 മുതൽ അയൽക്കാർ എന്ന നിലയിൽ കാനഡയ്ക്കും മെക്സിക്കോയ്ക്കും അഭിമുഖീകരിക്കേണ്ടി വന്നത്. 'അമേരിക്ക ഫസ്റ്റ്' എന്ന നയവുമായി മുന്നോട്ടുപോകുന്ന ട്രംപ് ഇരു അയൽരാജ്യങ്ങളെയും പരമാധികാര സ്വഭാവമുള്ള രാജ്യങ്ങളായി പോലും പരി​ഗണിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സ്റ്റേറ്റാക്കുമെന്ന ഭീഷണിപോലും ട്രംപ് മുഴക്കിയിരുന്നു. അമേരിക്കയിലേയ്ക്കുള്ള ലഹരിക്കടത്തുമായി ബന്ധപ്പെട്ട് മെക്സിക്കോയുമായും ട്രംപ് രണ്ടാം ടേമിൽ കൊമ്പു കോർത്തിരുന്നു. കുടിയേറ്റ നയങ്ങളെ വ്യാപാരവുമായി ആക്രമണാത്മകമായി ബന്ധിപ്പിച്ചുള്ള വിലപേശൽ സമീപനവും ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങളോടും സ്വീകരിച്ചിരുന്നു. വ്യാപാര തർക്കങ്ങൾ, ഇറക്കുമതി തീരുവകൾ, കുടിയേറ്റ നിയന്ത്രണങ്ങൾ, അതിർത്തി സുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് രാജ്യങ്ങൾക്കിടയിലും ഇപ്പോഴും സംഘർഷഭരിതമായ അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണ്.

The July 1, 2020 implementation of the United-States-Mexico-Canada Agreement will create many relevant opportunities for Mexico to attract companies from other nations, as well as from its North American partners to set up operations within its borders.
യുഎസ്എംസി‌എ (USMCA) കരാറിൽ ഒപ്പിടുന്ന അമേരിക്ക-കാനഡ- മെക്സിക്കോ രാഷ്ട്ര തലവന്മാർ

സ്വന്തം പരമാധികാരം സംരക്ഷിച്ചുകൊണ്ട് അമേരിക്കയുമായി ആശ്രിതബന്ധം തുടരേണ്ട ഒരു ​ഗതികേടിലേയ്ക്ക് മെക്സിക്കോയും കാനഡയും മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. അതിനാൽ തന്നെ നിലവിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ രൂക്ഷമാകാനുള്ള സാധ്യത ഏറെയാണെന്ന് വിലയരുത്തലുകളുണ്ട്. അതിർത്തി കടന്നുള്ള യാത്ര, സുരക്ഷാ ഏകോപനം, ആരാധകരുടെ സഞ്ചാരം തുടങ്ങിയ ഈ ലോകകപ്പുമായി ബന്ധപ്പെട്ട് ഉയരാനിടയുള്ള വെല്ലുവിളികൾ ഭരണപരമായി എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതും നിർണ്ണായകമാകും. അമേരിക്കയിൽ തങ്ങൾക്ക് സ്വതന്ത്രമായ അന്തരീക്ഷം ലഭിക്കുമോ എന്ന ആശങ്ക മെക്സിക്കൻ ആരാധകർ ഇതിനകം ഉയർത്തിയിട്ടുണ്ട്. ഇതെല്ലാം പരി​ഗണിക്കുമ്പോൾ മൂന്ന് ഉത്തര അമേരിക്കൻ രാജ്യങ്ങൾ ചേർന്ന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ഇവർക്കിടയിലെ ബന്ധം മെച്ചപ്പെടുത്തുമോ കൂടുതൽ സങ്കീർണ്ണമാക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.

ട്രംപിൻ്റെ നയങ്ങൾ ലോകകപ്പിനെ എങ്ങനെ സ്വാധീനിക്കും എന്ന ആശങ്ക ശക്തം

അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ട് ട്രംപ് ഉയർത്തിയ നിലപാടുകൾ വിവാദമായിരിരുന്നു. സുരക്ഷാ, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉയർത്തി ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ലോകകപ്പ് മത്സരങ്ങൾ മാറ്റുമെന്ന് ഒരുഘട്ടത്തിൽ ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ ഫിഫ ഈ നീക്കത്തിന് വഴങ്ങാത്തത് ലോകകപ്പുമായി ബന്ധപ്പെട്ട് അമേരിക്കൻ രാഷ്ട്രീയത്തിൽ ഉണ്ടാകുമായിരുന്ന സംഘർഷങ്ങളെ ഒരുപരിധിവരെ ലഘൂകരിച്ചിട്ടുണ്ട്. അപ്പോഴും ഈ ലോകകപ്പ് തൻ്റെ രാഷ്ട്രീയ പ്രതിച്ഛായ ശക്തമാക്കാൻ ട്രംപ് ഉപയോ​ഗപ്പെടുത്തിയേക്കാമെന്ന് വിലയിരുത്തലുമുണ്ട്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ട്രംപും തമ്മിലുള്ള അടുത്ത ബന്ധം ട്രംപിന് ലോകകപ്പിനെ 'മെയ്ക്ക് അമേരിക്ക ​ഗ്രെയ്റ്റ് എ​ഗെയ്ൻ' കാമ്പയിനായി ഉപയോ​ഗപ്പെടുത്താൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഇരുവരും തമ്മിലുള്ള ബന്ധം ഫിഫയുടെ രാഷ്ട്രീയ നിഷ്പക്ഷതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഇതിനകം ഉയർത്തിയിട്ടുണ്ട്.‌ അമേരിക്കയിൽ ശക്തമായിരിക്കുന്ന എൽജിബിടിക്യു അവകാശങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം, തൊഴിലാളി അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളും ഈ ലോകകപ്പുമായി ബന്ധപ്പെട്ട് വീണ്ടും ശക്തമായി ഉയരാൻ സാധ്യതയുണ്ട്. ഇറാനുമായുള്ള യുദ്ധത്തിനെതിരെയും വലിയ വികാരം അമേരിക്കയിലെ ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്. ലോകം മുഴുവൻ അമേരിക്കയിലേയ്ക്ക് ശ്രദ്ധിക്കുമ്പോൾ ഈ വിഭാ​​ഗങ്ങൾ ലോകകപ്പിൻ്റെ സാധ്യതയെ എങ്ങനെ ഉപയോ​ഗപ്പെടുത്തും എന്നതും നിർണ്ണായകമാണ്.

'നമ്മുടെ വീട്ടുമുറ്റത്ത് ഒരു ലോകകപ്പ് വരുന്നുണ്ട്. ന്യൂയോർക്കിലെ തൊഴിലാളി വ‍ർ​​ഗത്തിൽപ്പെട്ട ജനതയ്ക്ക് അതിൻ്റെ ഭാ​ഗാമാകാനുള്ള അവസരം ഉറപ്പാക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു' എന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് തൻ്റെ അടിസ്ഥാന രാഷ്ട്രീയ നിലപാടിനോടുള്ള പ്രതിബദ്ധത സൊഹ്റാൻ മംദാനി വ്യക്തമാക്കിയത്

ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ലോകകപ്പുമായി ബന്ധപ്പെട്ട് ​​ഗൗരവമുള്ള രാഷ്ട്രീയ നിലപാട് ഇതിനകം മൂന്നോട്ട് വെച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് നിവാസികളായ തൊഴിലാളികൾക്ക് ഫൈനൽ ഒഴികെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന 2026ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ ടിക്കറ്റ് നൽകാനുള്ള പദ്ധതിയാണ് ന്യൂയോർക്ക് സിറ്റി ഭരണകൂടം ആവിഷ്കരിച്ചിരിക്കുന്നത്. മെറ്റ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് 50 ഡോളറിൻ്റെ ആയിരം ടിക്കറ്റുകൾ നൽകുമെന്നാണ് വാ​ഗ്ദാനം. ഓരോ മത്സരങ്ങൾക്കും 150 ടിക്കറ്റ് വീതമാണ് ലഭ്യമാക്കുക. മത്സരശേഷം തിരികെ മടങ്ങാൻ സൗജന്യ ബസ് യാത്രയും വാ​ഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. 'നമ്മുടെ വീട്ടുമുറ്റത്ത് ഒരു ലോകകപ്പ് വരുന്നുണ്ട്. ന്യൂയോർക്കിലെ തൊഴിലാളി വ‍ർ​​ഗത്തിൽപ്പെട്ട ജനതയ്ക്ക് അതിൻ്റെ ഭാ​ഗാമാകാനുള്ള അവസരം ഉറപ്പാക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു' എന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് തൻ്റെ അടിസ്ഥാന രാഷ്ട്രീയ നിലപാടിനോടുള്ള പ്രതിബദ്ധത സൊഹ്റാൻ മംദാനി വ്യക്തമാക്കിയത്.

President Trump's strict border policies are clashing with the 2026 FIFA World Cup, restricting entry for numerous participating teams, officials, and fans.
ട്രംപിന്റെ കർശനമായ കുടിയേറ്റ നയങ്ങൾ 2026 ഫിഫ ലോകകപ്പിന് വിരുദ്ധമാണെന്ന് വിമർശനവമുണ്ട്

ട്രംപിൻ്റെ കുടിയേറ്റ വിസാ നയങ്ങൾ ഈ ലോകകപ്പിൽ എന്തെല്ലാം അസ്വാരസ്യങ്ങൾ ഉണ്ടാക്കുമെന്നതും പ്രധാനമാണ്. കർശനമായ വിസാ പരിശോധനകളും യാത്രാ നിയന്ത്രണങ്ങളും ഇതിനകം തന്നെ ടൂർണ്ണമെൻ്റിൽ കളിക്കാനെത്തുന്ന ടീമുകളെ അടക്കം ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയർന്ന് കഴിഞ്ഞു. ബഹുസ്വരതകളെ ഉൾക്കൊള്ളുന്ന ഫുട്ബോൾ ലോകകപ്പിൻ്റെ പാരമ്പര്യത്തെ അമേരിക്ക വെല്ലുവിളിക്കുന്നുവെന്ന പരാതിയും ഇതിനകം ശക്തമാണ്. ഇറാൻ, ഇറാഖ്, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ ഇത്തരം പരാതികൾ ഇതിനകം ഉയർത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്കും അമേരിക്കയിലേയ്ക്ക് എത്തുമ്പോൾ കർശനമായ വിസാ പരിശോധനകൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കുടിയേറ്റ നിയമനിർവഹണ ഏജൻസികളായ ICE ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇതിനകം തന്നെ ചില ആരാധകരിലും സമൂഹങ്ങളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ലക്ഷ്യമിടുന്ന നടപടികളുണ്ടാകുമോ എന്ന ഭയവും ശക്തമാണ്. അതിനാൽ തന്നെ ചില കേന്ദ്രങ്ങളിൽ നിന്ന് ലോകകപ്പ് ബഹിഷ്കരണ ആഹ്വാനങ്ങളും ഉയരുന്നു കഴിഞ്ഞു.

കടുത്ത നിയന്ത്രണങ്ങളോടെ അമേരിക്കയിൽ പന്ത് തട്ടാനാണ് ഇപ്പോൾ ഇറാനിയൻ ടീമിന് അമേരിക്ക വിസ അനുവദിച്ചിരിക്കുന്നത്. മത്സരദിവസം രാവിലെ മാത്രം അമേരിക്കയിൽ എത്തി ഫൈനൽ വിസിലിന് തൊട്ട് പിന്നാലെ മടങ്ങുക എന്ന നിബന്ധനയോടെയാണ് ഇറാനിയൻ ടീമിന് വിസ നൽകിയിരിക്കുന്നത്

അമേരിക്കയുമായി യുദ്ധമുഖത്ത് നിൽക്കുന്ന ഇറാനിയൻ ടീമിന് കർശനമായ വിസാ മാനദണ്ഡങ്ങളാണ് അമേരിക്കൻ അധികൃതർ മുന്നോട്ട് വെച്ചിരിക്കുന്നത്. ലോസ് ഏഞ്ചൽസിലും വാഷിം​ഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിലുമാണ് ജി ​ഗ്രൂപ്പിൽ ഇടം നേടിയിരിക്കുന്ന ഇറാൻ്റെ മത്സരങ്ങൾ. അമേരിക്കയിലെ അരിസോണയിലെ ടക്സണിലായിരുന്നു ഇറാനിയൻ ടീം ആദ്യം പരിശീലന ക്യാമ്പ് അലോചിച്ചിരുന്നത്. എന്നാൽ വിസാ സംബന്ധമായ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അമേരിക്കയുടെ കാലിഫോർണിയൻ അതിർത്തിയിലുള്ള മെക്സിക്കോയിലെ ടിജുവാനയിലാണ് ഒടുവിൽ ഇറാനിയൻ ടീം പരിശീലന ക്യാമ്പ് തുറന്നത്. കടുത്ത നിയന്ത്രണങ്ങളോടെ അമേരിക്കയിൽ പന്ത് തട്ടാനാണ് ഇപ്പോൾ ഇറാനിയൻ ടീമിന് അമേരിക്ക വിസ അനുവദിച്ചിരിക്കുന്നത്. മത്സരദിവസം രാവിലെ മാത്രം അമേരിക്കയിൽ എത്തി ഫൈനൽ വിസിലിന് തൊട്ട് പിന്നാലെ മടങ്ങുക എന്ന നിബന്ധനയോടെയാണ് ഇറാനിയൻ ടീമിന് വിസ നൽകിയിരിക്കുന്നത്. നിലവിൽ ലോസ് ഏഞ്ചൽസിൽ കളിക്കണമെങ്കിൽ മെക്സിക്കോയിലെ കേന്ദ്രത്തിൽ നിന്ന് 200 കിലോമീറ്ററിലേറെ യാത്ര ചെയ്ത് വേണം ഇറാനിയൻ ടീമിന് അമേരിക്കയിൽ എത്തിച്ചേരാൻ. എന്നാൽ വാഷിം​ഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ കളിക്കാൻ എത്തണമെങ്കിൽ ഇറാനിയൻ കളിക്കാർ 1700 കിലോമീറ്ററിലേറെ സഞ്ചരിക്കണം. കേവലമായ രാഷ്ട്രീയ കാരണങ്ങൾ സ്പോർട്സുമായി കണ്ണിചേർക്കുന്ന ട്രംപ് ഭരണകൂടത്തിൻ്റെ സമീപനമാണ് ഇവിടെ ഇത്തരം ശുഭകരമല്ലാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ട്രംപിന്റെ കർശനമായ ഇത്തരം നയങ്ങൾ ഫിഫ ലോകകപ്പിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന വിമർശനം അതിനാൽ തന്നെ ശക്തമാണ്.

ആ​ഗോളവിപണിയുടെ സാധ്യത കണ്ടെത്തിയ അമേരിക്ക ആതിഥേയത്വം വഹിച്ച 1994ലെ ലോകകപ്പ്

ഇത്തവണത്തെ ലോകകപ്പ് പുതിയ വിപണന സാധ്യതളുടെ അനന്ത വിഹായസ് കൂടിയാണ് ലോകത്തിന് മൂന്നിൽ തുറന്നിടാൻ പോകുന്നത്. അമേരിക്കയെ വീണ്ടും അതിഥേയരായി തെരഞ്ഞെടുക്കുമ്പോൾ ഫിഫയുടെ ആദ്യ മുൻഗണനയും ലോകപ്പിൻ്റെ വിപണന സാധ്യകളിലാവും ശ്രദ്ധ ഊന്നിയിരിക്കുക. അമേരിക്ക വീണ്ടുമൊരു ഫിഫ ലോകകപ്പിന് വേദിയാകുമ്പോൾ വിപണിയുടെ ആഗോള സാധ്യകകൾ തന്നെയാണ് ശ്രദ്ധേയമാകുന്നത്.

The 1994 World Cup draw: FIFA’s Vegas show that ‘will never be matched’
ലാസ് വെഗാസിൽ നടന്ന ഫിഫയുടെ 1994 ലോകകപ്പ് നറുക്കെടുപ്പിൽ നിന്നുള്ള ദൃശ്യങ്ങൾ

ഫിഫ ലോകകപ്പിന് അമേരിക്ക നടാടെ ആതിഥേയത്വം വഹിച്ച 1994ലാണ് ആ​ഗോളവത്കരണത്തിൻ്റെ സാധ്യതകളെ ഉപയോ​ഗിച്ചുള്ള വാണിജ്യവത്കരണത്തിനും ആ​ഗോള ടെലിവിഷൻ വിപണിയുടെ പുതിയ മാർക്കറ്റിം​ഗ് തന്ത്രങ്ങൾക്കും വഴി തെളിയുന്നത്. അതിനാൽ തന്നെ 1994ലെ ലോകകപ്പ് ഫിഫ ലോകകപ്പുകളുടെ ചരിത്രത്തിൽ വാണിജ്യപരമായ ഒരു നാഴികകല്ലായാണ് വിലയിരുത്തപ്പെടുന്നത്. സജീവമായ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീ​ഗ് പോലും ഇല്ലാതിരുന്ന അമേരിക്കയിലേയ്ക്ക് 1994ലെ ലോകകപ്പ് എത്തിക്കുമ്പോൾ ലോകത്തിൻ്റെ എല്ലാ കോണിലും സജീവമായ ഫുട്ബോൾ ഭ്രാന്തിൻ്റെ വാണിജ്യ താൽപ്പര്യത്തെ ഉപയോ​ഗപ്പെടുത്താനാണ് ഫിഫ പ്രസിഡൻ്റായിരുന്ന ജോവോ ഹാവെലാഞ്ച് ലക്ഷ്യമിട്ടത്. കായിക വിനോദത്തേക്കാൾ വാണിജ്യപരമായ ചൂതാട്ടമാണ് ഫിഫ നടത്തുന്നതെന്ന രൂക്ഷമായ വിമർ‌ശനങ്ങളും ഇക്കാലത്തുണ്ടായിരുന്നു.

ആഗോളവൽക്കരണ, വാണിജ്യവൽക്കരണ പ്രവണതകളെ ഉപയോ​ഗിച്ച് ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളുടെ പുതിയ വിപണികളിലേയ്ക്ക് നുഴഞ്ഞ് കയറാൻ ആ​ഗോള മുതലാളിത്തം ഉപയോ​ഗിച്ച ടെസ്റ്റ് ഡോസായിരുന്നു 1994ലെ അമേരിക്കൻ ലോകകപ്പ് എന്ന് തന്നെ വേണം വിലയിരുത്താൻ. നിലവിൽ ലോകകപ്പ് കീഴടിക്കിയിരിക്കുന്ന വൻകരകളിലെ വാണിജ്യവിപണിയെ പരി​ഗണിക്കുമ്പോഴാണ് അന്നത്തെ നീക്കം എത്രമാത്രം സൂഷ്മവും ആസൂത്രിതവുമായിരുന്നു എന്ന് വ്യക്തമാകുന്നത്

1990കളുടെ തുടക്കത്തിൽ ശക്തമായ ആഗോളവൽക്കരണ, വാണിജ്യവൽക്കരണ പ്രവണതകളെ ഉപയോ​ഗിച്ച് ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളുടെ പുതിയ വിപണികളിലേയ്ക്ക് നുഴഞ്ഞ് കയറാൻ ആ​ഗോള മുതലാളിത്തം ഉപയോ​ഗിച്ച ടെസ്റ്റ് ഡോസായിരുന്നു 1994ലെ അമേരിക്കൻ ലോകകപ്പ് എന്ന് തന്നെ വേണം വിലയിരുത്താൻ. നിലവിൽ ലോകകപ്പ് കീഴടിക്കിയിരിക്കുന്ന വൻകരകളിലെ വാണിജ്യവിപണിയെ പരി​ഗണിക്കുമ്പോഴാണ് അന്നത്തെ നീക്കം എത്രമാത്രം സൂഷ്മവും ആസൂത്രിതവുമായിരുന്നു എന്ന് വ്യക്തമാകുന്നത്. എന്തായാലും 1994ലെ അമേരിക്കൻ ലോകകപ്പ് വാണിജ്യപരമായി വൻ വിജയമായിരുന്നു. ഫുട്ബോളിന് വേരോട്ടമില്ലാതിരുന്ന അമേരിക്കയിലേയ്ക്ക് ഒഴുകിയെത്തിയത് 3.6 ദശലക്ഷം കാണികൾ എന്ന റെക്കോർഡ് സംഖ്യ ആയിരുന്നു. 1994-ലെ ഫിഫ ലോകകപ്പ് 188 രാജ്യങ്ങളിലായി സംപ്രേക്ഷണം ചെയ്യുകയും 32 ബില്യണിലധികം പ്രേക്ഷകർ കാണുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. ബ്രസീലും ഇറ്റലിയും തമ്മിൽ ഏറ്റുമുട്ടിയ 1994ലെ ഫൈനൽ മത്സരം മാത്രം ആഗോളതലത്തിൽ 2 ബില്യൺ പ്രേക്ഷകരെ ആകർഷിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.

സോവിയറ്റ് യൂണിയൻ്റെയും കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ചേരിയുടെയും തകർച്ച, ലോകഭൂപടത്തിൽ നിന്ന് ചില രാജ്യങ്ങളെ തുടച്ച് നീക്കുകയും ചില രാജ്യങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്തതിന് ശേഷം ആദ്യമായി നടന്ന ലോകകപ്പ് കൂടിയായിരുന്നു 1994ലേത്. പടിഞ്ഞാൻ-കിഴക്കൻ ജർമ്മനികൾ ഒന്നായതിന് ശേഷം ഐക്യ ജർമ്മൻ ബാനറിൽ ആദ്യമായി കളിക്കാനിറങ്ങിയ ലോകകപ്പും 1994ലേത് ആയിരുന്നു

ഭൗമരാഷ്ട്രീയത്തെ സംബന്ധിച്ചും വളരെ പ്രധാനമായിരുന്നു 1994ലെ ലോകകപ്പ്. ശീതയുദ്ധം അവസാനിക്കുകയും അമേരിക്കയുടെ സ്വാധീനത്തിലുള്ള ഒരു ഏകധ്രുവ ലോകം എന്ന സാധ്യതകൾ ഉരുത്തിരിയുകയും ചെയ്തതിന് ശേഷം ആദ്യമായി നടന്ന ലോകകപ്പായിരുന്നു 1994ലേത്. സോവിയറ്റ് യൂണിയൻ്റെയും കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ചേരിയുടെയും തകർച്ച, ലോകഭൂപടത്തിൽ നിന്ന് ചില രാജ്യങ്ങളെ തുടച്ച് നീക്കുകയും ചില രാജ്യങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്തതിന് ശേഷം ആദ്യമായി നടന്ന ലോകകപ്പ് കൂടിയായിരുന്നു 1994ലേത്. പടിഞ്ഞാൻ-കിഴക്കൻ ജർമ്മനികൾ ഒന്നായതിന് ശേഷം ഐക്യ ജർമ്മൻ ബാനറിൽ ആദ്യമായി കളിക്കാനിറങ്ങിയ ലോകകപ്പും 1994ലേത് ആയിരുന്നു. സോവിയറ്റ് യൂണിയന് പകരം റഷ്യൻ ഫെഡറേഷനായിരുന്നു 1994ലെ ലോകകപ്പിൽ ബൂട്ട് കെട്ടിയത്.

32 വർഷത്തിന് ശേഷം ലോക​കപ്പ് വീണ്ടും ഉത്തര അമേരിക്കയിൽ എത്തുമ്പോൾ ലോകം 1994ലേത് പോലെ അമേരിക്കൻ അനുകൂല ഏകധ്രുവമല്ല. അമേരിക്കയുടെ ആ​ഗോളഅധിനിവേശ നിലപാടുകൾ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. റഷ്യയുടെയും ചൈനയുടെയും ബ്രസീലിൻ്റെയുമെല്ലാം നേതൃത്വത്തിലുള്ള മറ്റൊരു ലോകം ഡോളറിനോട് പോലും മത്സരബുദ്ധിയോടെ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ 2026 ലോകകപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കുന്നു എന്നത് ലോക ഭൗമസാഹചര്യത്തെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. ഉത്തര അമേരിക്കയിൽ പന്ത് ഉരുളുമ്പോൾ ലോകം ഇത്തവണ ഒരേ മനസ്സോടെ ആ പന്തിന് ചുറ്റും ഉരുളുമോ എന്ന ചോദ്യം അതിനാൽ തന്നെ നിർണ്ണായകമാണ്.

Content Highlights: As the United States prepares to host the 2026 FIFA World Cup, this article explores the geopolitical tensions, soft power dynamics, and global unity questions surrounding the tournament. Does football truly bring the world together, or does it amplify existing rivalries and power plays?

dot image
To advertise here,contact us
dot image