

തുടർച്ചയായ അഞ്ചാം ദിവസവും ആഭ്യന്തര ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. തുടക്കഘട്ട വ്യാപാരത്തിൽ നഷ്ടത്തിലായിരുന്ന ഇന്ത്യൻ ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. നിഫ്റ്റി 82 പോയിന്റ് നേട്ടത്തോടെ 24,168.00 എന്നാണ് നിലയിലും സെൻസെക്സ് 0.33% മുന്നേറി 77,409.98 എന്ന ലെവലിലും വ്യാപാരം അവസാനിപ്പിച്ചു.
ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ഇടിവാണ് വിപണിക്ക് പ്രധാന പിന്തുണയായത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കുറയുകയും എണ്ണവില താഴെയിറങ്ങുകയും ചെയ്തതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചു. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് പണപ്പെരുപ്പ സമ്മർദ്ദം കുറയ്ക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുകയും ചെയ്യുന്ന ഘടകമാകും.
അമേരിക്കൻ ഫെഡറൽ റിസർവ് ഭാവിയിൽ കൂടുതൽ കർശനമായ ധനനയ സൂചനകൾ നൽകിയിരുന്നെങ്കിലും, എണ്ണവിലയിലെ ഇടിവും ആഗോള വിപണികളിലെ അനുകൂല മനോഭാവവും ഇന്ത്യൻ വിപണിക്ക് അനുകൂലമായിട്ടുണ്ട്. ചില ഐടി ഓഹരികൾ സമ്മർദ്ദം നേരിട്ടെങ്കിലും ധനകാര്യ, ഉപഭോക്തൃ, മേഖലകളിലെ വാങ്ങൽ താൽപര്യം ഉണ്ടായത് വിപണിയെ മുന്നോട്ട് നയിച്ചു.
വിപണിയിലെ 16 പ്രധാന സെക്ടറൽ സൂചികകളിൽ ഭൂരിഭാഗവും നേട്ടം രേഖപ്പെടുത്തി. മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകളും മുന്നേറ്റം കാഴ്ചവെച്ചു. വ്യാപാരത്തിന്റെ അവസാനഘട്ടത്തിൽ വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് അധിക കരുത്ത് നൽകിയിട്ടുണ്ട്.
തുടർച്ചയായ അഞ്ചാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളിലെ ഏറ്റവും മികച്ച മുന്നേറ്റങ്ങളിലൊന്നാണ് ഇന്ത്യൻ വിപണി രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണവിലയുടെ തുടർഗതി, ആഗോള പലിശനിരക്ക് സാഹചര്യം, വിദേശ നിക്ഷേപകരുടെ നിലപാട് എന്നിവയാണ് അടുത്ത ദിവസങ്ങളിലെ വിപണി ദിശ നിർണയിക്കുന്ന പ്രധാന ഘടകങ്ങളായി മാറുക.
Content Highlights: Taking Stock: Market rally continues; Nifty near 24,200, Sensex gains 254 points