കുവൈറ്റിലെ അൽ ഷഹീദ് പാർക്കിന്റെ മൂന്നാം ഘട്ടം തുറന്നു; രണ്ട് ദിവസം പ്രത്യേക ആഘോഷ പരിപാടികൾ

സാംസ്കാരിക പരിപാടികൾക്കും നാടകങ്ങൾക്കും പ്രദർശനങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'അൽ സൂർ തിയേറ്റർ കോംപ്ലക്സ്' ആണ് ഈ പുതിയ വികസനത്തിന്റെ പ്രധാന ആകർഷണം

കുവൈറ്റിലെ അൽ ഷഹീദ് പാർക്കിന്റെ മൂന്നാം ഘട്ടം തുറന്നു; രണ്ട് ദിവസം പ്രത്യേക ആഘോഷ പരിപാടികൾ
dot image

കുവൈറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അൽ ഷഹീദ് പാർക്കിന്റെ മൂന്നാം ഘട്ടം പൊതുജനങ്ങൾക്കായി തുറന്നു. ഒളിമ്പിക് നിലവാരത്തിലുള്ള ഐസ് സ്കേറ്റിങ് റിങ്ക്, ഇൻഡോർ സ്നോ വേൾഡ്, ഇലക്ട്രിക് കാർട്ടിങ് ട്രാക്ക്, 2300 പേർക്കിരിക്കാവുന്ന കൂറ്റൻ തിയേറ്റർ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. പാർക്ക് തുറക്കുന്നതിനോട് അനുബന്ധിച്ച് ഒക്ടോബർ 1, 2 തീയതികളിൽ സാംസ്കാരിക പരിപാടികൾ, ലൈറ്റ് ഷോ, പരേഡുകൾ, കായിക പ്രകടനങ്ങൾ എന്നിവയുൾപ്പെടുത്തിയുള്ള രണ്ട് ദിവസത്തെ കാർണിവലും സംഘടിപ്പിച്ചിട്ടുണ്ട്.

സാംസ്കാരിക പരിപാടികൾക്കും നാടകങ്ങൾക്കും പ്രദർശനങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'അൽ സൂർ തിയേറ്റർ കോംപ്ലക്സ്' ആണ് ഈ പുതിയ വികസനത്തിന്റെ പ്രധാന ആകർഷണം. 2,300 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള റോമൻ ശൈലിയിലുള്ള തിയേറ്റർ, ഔട്ട്ഡോർ സിനിമ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. കേവലം ഒരു പച്ചപ്പ് നിറഞ്ഞ പാർക്ക് എന്നതിനപ്പുറം കായികം, വിനോദം, സംസ്കാരം എന്നിവ സമന്യയിക്കുന്ന രാജ്യത്തെ പ്രധാന കേന്ദ്രമായി അൽ ഷഹീദ് പാർക്ക് ഇതോടെ മാറും.

സാഹസിക വിനോദ പ്രിയർക്കായി ഒളിമ്പിക് സൈസ് ഐസ് സ്കേറ്റിങ് റിങ്കിന് പുറമെ 'സ്നോ വേൾഡ്' എന്ന ഇൻഡോർ മഞ്ഞ് കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ, ഏകദേശം 650 മീറ്റർ ദൈർഘ്യമുള്ള ഇൻഡോർ ഇലക്ട്രിക് കാർട്ടിങ് സർക്യൂട്ടും പാർക്കിന്റെ ഭാഗമാണ്. നടക്കുന്നതിനും ഓടാൻ ആ​ഗ്രഹിക്കുന്നവർക്കുമായി 2.4 കിലോമീറ്റർ നീളമുള്ള പ്രത്യേക ട്രാക്കും കുട്ടികൾക്കായി തണലുള്ള ക്ലൈംബിങ് ഏരിയകളും ഉദ്യാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്ഘാടന കാർണിവലിന്റെ ഭാഗമായി അൽ സൂർ തിയേറ്ററിൽ വർണ്ണാഭമായ ലൈറ്റ് ഷോയും കുവൈറ്റിന്റെ പാരമ്പര്യ കലാപ്രകടനങ്ങളും നടക്കും. പ്രാദേശിക കായികതാരങ്ങൾ അണിനിരക്കുന്ന തത്സമയ പാർക്കൂർ, സ്കേറ്റിങ് പ്രകടനങ്ങളും ഉണ്ടാകും. പുതിയ ഇൻഡോർ വിനോദങ്ങൾ, സ്പോർട്സ് അടിസ്ഥാന സൗകര്യങ്ങൾ, സാംസ്കാരിക വേദികൾ എന്നിവ ഒന്നിക്കുന്നതോടെ കുവൈറ്റിലെ കുടുംബങ്ങൾക്കും യുവാക്കൾക്കും പ്രവാസികൾക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട ഇടമായി അൽ ഷഹീദ് പാർക്ക് മാറും.

Content Highlights: The third phase of Al Shaheed Park in Kuwait has been opened, featuring two days of special celebration programmes.

dot image
To advertise here,contact us
dot image