

കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് കൃത്യമായ തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ. ഇതിനായി പുതിയ കേന്ദ്രീകൃത ശമ്പള വിതരണ സംവിധാനത്തിന് കുവൈറ്റ് സെൻട്രൽ ബാങ്ക് തുടക്കം കുറിച്ചു. 'കുവൈറ്റ് വേജ് പ്രൊട്ടക്ഷൻ ആന്റ് പേയ്മെന്റ് സിസ്റ്റം' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഡിജിറ്റൽ സംവിധാനം വഴി തദ്ദേശീയ ബാങ്കുകൾ മുഖേന സ്വകാര്യ മേഖലയിലെ ശമ്പള വിതരണം കൂടുതൽ വേഗത്തിലും സുതാര്യമായും നടത്താൻ സാധിക്കും.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെയും നിയമലംഘനങ്ങളെയും നേരത്തെ തന്നെ കണ്ടെത്താനും നിയന്ത്രണ ഏജൻസികൾക്ക് ഈ സംവിധാനം വഴി അവസരമൊരുങ്ങും. രാജ്യത്തെ സാമ്പത്തിക മേഖലയുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും സാങ്കേതിക ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനും ഈ നീക്കം വലിയ പിന്തുണ നൽകുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു.
ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വൻ മുന്നേറ്റമാണ് കുവൈറ്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുമ്പ് 2026 ജനുവരിയിൽ അവതരിപ്പിച്ച 'കുവൈറ്റ് ഓട്ടോമേറ്റഡ് ക്ലിയറിംഗ് സിസ്റ്റം', ഫെബ്രുവരിയിൽ നടപ്പിലാക്കിയ 'കുവൈറ്റ് ഡിസ്പൂട്ട് മാനേജ്‌മെന്റ് സിസ്റ്റം' എന്നിവയ്ക്ക് ശേഷമാണ് പുതിയ ശമ്പള വിതരണ സംവിധാനം സെൻട്രൽ ബാങ്ക് നിലവിൽ വരുത്തിയത്. രാജ്യത്തെ സാമ്പത്തിക വിനിമയങ്ങൾ നവീകരിക്കുന്നതിനും സ്വകാര്യ മേഖലയിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും ഈ നടപടി സഹായകരമാകും.
Content Highlights: Kuwait has introduced a centralised wage payment system for private-sector employees. The KWPS enables salaries to be transferred electronically through local banks while allowing authorities to monitor payments in real time and identify non-compliance at an early stage.