

കുവൈറ്റിലെ പ്രധാന വൈദ്യുതി ഉൽപാദന-ജല ശുദ്ധീകരണ കേന്ദ്രത്തിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ആക്രമണം ഉണ്ടായതായി വൈദ്യുതി, ജല മന്ത്രാലയം. ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ ചില ഭാഗങ്ങളിൽ വലിയ രീതിയിൽ തീപിടിത്തമുണ്ടാവുകയും നിരവധി വൈദ്യുതി ഉത്പാദന യൂണിറ്റുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു.
ആക്രമണ വിവരം ലഭിച്ചയുടൻ കുവൈറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. മന്ത്രാലയത്തിലെ പ്രത്യേക സാങ്കേതിക സംഘങ്ങൾ പ്ലാന്റിലെ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. തകരാറിലായ ഉത്പാദന യൂണിറ്റുകൾ എത്രയും വേഗം നന്നാക്കി പ്രവർത്തനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ അധികൃതർ മുഴുവൻ സമയവും നിരീക്ഷണം തുടരുകയാണെന്നും സംഭവത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൗരന്മാരും പ്രവാസികളും വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: A power generation and water desalination plant in Kuwait has reportedly been attacked again, resulting in significant damage. Authorities are assessing the impact on essential services while emergency teams continue response operations.