

അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതിസന്ധി ഗൾഫ് മേഖലയിലേക്ക് പടർന്നതോടെ ദുബായിൽ കടുത്ത തൊഴിൽ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോർട്ട്. യുഎഇ ലക്ഷ്യമാക്കി ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്ന് ടൂറിസം, വ്യോമയാനം, വിദേശികളെ ആശ്രയിച്ചു കഴിയുന്ന മറ്റ് ബിസിനസുകൾ എന്നിവ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇതോടെ നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തതായാണ് പ്രവാസികൾ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് വലിയ അവസരങ്ങളുടെ നഗരമായിരുന്ന ദുബായ് ഇപ്പോൾ കടുത്ത അതിജീവനത്തിന്റെ വേദിയായി മാറുകയാണെന്ന് 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
തൊഴിൽ വിപണിയിലെ മന്ദഗതി താത്കാലികം മാത്രമാണെന്നാണ് യുഎഇ ഭരണകൂടം ആവർത്തിക്കുന്നത്. എന്നാൽ യാഥാർത്ഥ്യം മറിച്ചാണെന്ന് സാധാരണക്കാരായ തൊഴിലാളികൾ പറയുന്നു. നൂറുകണക്കിന് ആളുകളാണ് ജോലിക്കായി ദിവസവും ദുബായിലെ തെരുവുകളിൽ അലയുന്നത്. കമ്പനികൾക്ക് ശമ്പളം നൽകാൻ പോലും പണമില്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ സർവേ ഏജൻസിയായ മാൻപവർ ഗ്രൂപ്പ് യുഎഇയിലെ 546 തൊഴിലുടമകൾക്കിടയിൽ നടത്തിയ പഠനത്തിൽ, നാലിലൊന്ന് കമ്പനികളും 2026-ന്റെ മൂന്നാം പാദത്തിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി കണ്ടെത്തി. വലിയൊരു വിഭാഗം കമ്പനികൾക്ക് നിലവിൽ പുതിയ ആളുകളെ എടുക്കാൻ പദ്ധതിയുമില്ല. ജോലി നിലനിർത്താൻ കഴിഞ്ഞവർക്കാകട്ടെ ശമ്പളം പകുതിയായി കുറഞ്ഞു. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ സെയിൽസ് വിഭാഗത്തിലുള്ളവർക്ക് നിശ്ചിത ശമ്പളം ഒഴിവാക്കി കമ്മീഷൻ വ്യവസ്ഥയിലേക്ക് മാറ്റി. കൂടാതെ നിർമ്മാണ മേഖലകളിൽ കരാറുകൾ ഇല്ലാതായതും തൊഴിലാളികളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ്.
പ്രതിസന്ധി മറികടക്കാൻ ബിസിനസ് മേഖലയ്ക്കായി യുഎഇ സർക്കാർ 680 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊരു താത്കാലിക പ്രതിസന്ധി മാത്രമാണെന്നും ഇതിനെ മറികടക്കാനുള്ള സാമ്പത്തിക ശേഷിയും കരുത്തും ദുബായിക്കുണ്ടെന്നും സാമ്പത്തിക-ടൂറിസം മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ ദുബായിലെ തൊഴിൽ നഷ്ടം ഇന്ത്യയിലെയടക്കം ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളുടെ ഭാവിയെയാണ് ബാധിക്കുന്നത്. അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വീണ്ടും അനിശ്ചിതത്വങ്ങൾ ഉടലെടുക്കുകയാണ്. നിലവിലത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട നാളെകൾക്കായി കാത്തിരിക്കുകയാണ് ദുബായിലെ സാധാരണക്കാരായ പ്രവാസികൾ.
Content Highlights: A new report indicates that the continuing regional conflict has created employment uncertainties in Dubai, impacting expatriate workers, including Indians. The report points to hiring slowdowns and business disruptions in some sectors amid the evolving geopolitical situation.