

കുവൈറ്റിലെ പ്രധാന എണ്ണ ഉത്പ്പാദന കേന്ദ്രത്തിന് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടാവുകയും ഇവിടുത്തെ ജീവനക്കാരെയും തൊഴിലാളികളെയും അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. നിലവിൽ ഈ കേന്ദ്രത്തിലെ എണ്ണ ഉത്പ്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പെട്രോളിയം കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തീ അണയ്ക്കാൻ ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും കഠിനശ്രമം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥർക്ക് പുറമെ ഇവിടെ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കുവൈറ്റ് കനത്ത സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ കുവൈറ്റ് വ്യോമാതിർത്തി ലക്ഷ്യമാക്കിയും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുണ്ടായി. ആക്രമണത്തെ കുവൈറ്റ് സായുധ സേന വിജയകരമായി പ്രതിരോധിച്ചു. കുവൈറ്റ് അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച മിസൈലുകളും സായുധ ഡ്രോണുകളും സേന കണ്ടെത്തി തകർക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ രാജ്യത്തെ ഒരു വൈദ്യുതി നിലയത്തിനും ജല ഡിസ്റ്റില്ലേഷൻ പ്ലാന്റിനും ഉൾപ്പെടെയുള്ള സുപ്രധാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ പതിച്ച് വ്യാപകമായ വസ്തുനാശമുണ്ടായി. എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും പൂർണ്ണമായി സംരക്ഷിക്കാൻ സായുധ സേന കനത്ത ജാഗ്രതയോടെ സന്നദ്ധമാണെന്നും അധികൃതർ അറിയിച്ചു.
ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാൻഡിങ് പ്രവർത്തനങ്ങൾ ഇന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ സാധാരണ നിലയിലായതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
Content Highlights: An oil production facility in Kuwait caught fire after an Iranian attack, with one worker reported injured. Emergency teams responded to contain the blaze while authorities assessed the damage and monitored the impact on energy operations.