പശ്ചിമേഷ്യൻ സംഘർഷം; കുവൈത്തില്‍ എണ്ണ-വൈദ്യുതി മേഖലകൾക്ക് നാശനഷ്ടം; വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചു

വിവിധ കേന്ദ്രങ്ങളില്‍ തീപിടിത്തമുണ്ടാകുകയും അടിസ്ഥാനസൗകര്യങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു

പശ്ചിമേഷ്യൻ സംഘർഷം; കുവൈത്തില്‍ എണ്ണ-വൈദ്യുതി മേഖലകൾക്ക് നാശനഷ്ടം; വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചു
dot image

കുവൈറ്റിന് നേരെ ഇന്ന് പുലർച്ചെ മുതൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ ശക്തമായ ആക്രമണങ്ങൾ കുവൈറ്റ് സായുധ സേന വിജയകരമായി ചെറുത്തു തോൽപ്പിച്ചതായി പ്രതിരോധ മന്ത്രാലയം. സൈനിക, സുരക്ഷാ സ്ഥാപനങ്ങൾക്ക് പുറമെ രാജ്യത്തെ എണ്ണ, വൈദ്യുതി, ജല മേഖലകളിലെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം.

വ്യോമസേന മിസൈലുകൾ പ്രതിരോധിച്ചെങ്കിലും തകർക്കപ്പെട്ടവയുടെ അവശിഷ്ടങ്ങൾ പതിച്ചും മറ്റും വിവിധ കേന്ദ്രങ്ങളിൽ വലിയ രീതിയിൽ തീപിടിത്തമുണ്ടാവുകയും കെട്ടിടങ്ങൾക്കും സുപ്രധാന സ്ഥാപനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എണ്ണമേഖലയിലെ ഒരു പ്രധാന കേന്ദ്രം ആക്രമണത്തിനിരയായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷനും (കെപിസി) സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തര സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ കേന്ദ്രത്തിൽ നിന്നുള്ള ജീവനക്കാരെ പൂർണ്ണമായി ഒഴിപ്പിച്ചു.

ആക്രമണത്തെ തുടർന്നുണ്ടായ രണ്ട് വൻ തീപിടിത്തങ്ങൾ അണയ്ക്കാനായി കുവൈറ്റ് അഗ്നിശമന-രക്ഷാസേനയുടെ നേതൃത്വത്തിൽ കഠിനശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും ഒപ്പം എണ്ണമേഖലയിലെ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടനടി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ആവശ്യമായ ചികിത്സ ലഭ്യമാക്കി. ജനവാസ മേഖലകളിലടക്കം മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വ്യാപകമായ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

ആക്രമണ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ മണിക്കൂറുകൾക്ക് ശേഷം പൂർണ്ണമായി പുനരാരംഭിച്ചു. ടേക്ക് ഓഫ്, ലാൻഡിംഗ് സർവീസുകൾ പുനഃസ്ഥാപിച്ചതോടെ കുവൈത്ത് എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. നിലവിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പതിവുപോലെ തുടരുകയാണെന്നും പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷാ നടപടികളോട് സഹകരിച്ച യാത്രക്കാർക്ക് നന്ദി അറിയിക്കുന്നതായും സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.

Content Highlight: Kuwait reported damage to oil and electricity facilities amid the West Asia conflict, while airport operations have resumed

dot image
To advertise here,contact us
dot image