വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ താമസിക്കാൻ അനുമതി; കുവൈറ്റിൽ പുതിയ നിയമം പ്രാബല്യത്തിൽ

ഉയർന്ന മൂല്യമുള്ള വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം

വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ താമസിക്കാൻ അനുമതി; കുവൈറ്റിൽ പുതിയ നിയമം പ്രാബല്യത്തിൽ
dot image

രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ശക്തമാക്കുന്നതിനുമായി പുതിയ ദീർഘകാല റെസിഡൻസി നിയമം അനുവദിച്ച് കുവൈറ്റ് സർക്കാർ. യോഗ്യരായ വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ രാജ്യത്ത് തുടരാൻ അനുമതി നൽകുന്നതാണ് പുതിയ റെസിഡൻസി പെർമിറ്റ് സംവിധാനം. കുവൈറ്റിന്റെ ഔദ്യോഗിക ഗസറ്റായ 'കുവൈറ്റ് അൽയൂം' വഴിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉയർന്ന മൂല്യമുള്ള വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. എന്നാൽ അതോടൊപ്പം തന്നെ കൃത്യമായ നിയമപരമായ മേൽനോട്ടം ഉറപ്പാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ ദീർഘകാല റെസിഡൻസിക്ക് അർഹത നേടുന്നതിനായി വിദേശ നിക്ഷേപകർ പാലിക്കേണ്ട കർശനമായ നിയമപരവും സാമ്പത്തികവും പ്രവർത്തനപരവുമായ നിബന്ധനകൾ പുതിയ നിയമത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കുടുംബാംഗങ്ങൾക്കും ആനുകൂല്യം ലഭിക്കുമെന്നതാണ് നിയമത്തിന്റെ മറ്റൊരു പ്രത്യേകത. ലൈസൻസുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമകൾ, ബിസിനസ് പങ്കാളികൾ, കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കും ദീർഘകാല റെസിഡൻസി പെർമിറ്റുകൾ ലഭിക്കും. നിക്ഷേപകർക്ക് പുറമെ അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാണ്. പങ്കാളി (ഭാര്യ/ഭർത്താവ്), മാതാപിതാക്കൾ, മക്കൾ എന്നിവർക്കും ഈ ദീർഘകാല റെസിഡൻസി പെർമിറ്റിന് അർഹതയുണ്ടായിരിക്കുമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ആയിരിക്കും പുതിയ ദീർഘകാല റെസിഡൻസി അപേക്ഷകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുക. വ്യാജരേഖകളോ തെറ്റായ വിവരങ്ങളോ സമർപ്പിക്കുന്ന അപേക്ഷകരെ കാത്തിരിക്കുന്നത് കടുത്ത നിയമനടപടികളാണ്. അത്തരം അപേക്ഷകൾ ഉടനടി നിരസിക്കുകയോ അല്ലെങ്കിൽ അനുവദിച്ച റെസിഡൻസി പെർമിറ്റ് റദ്ദാക്കുകയോ ചെയ്യും. ഇതിന് പുറമെ ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Content Highlights: Kuwait's new residency law permits eligible foreign investors to stay in the country for up to 15 years. The move is designed to encourage foreign direct investment, support economic diversification, and strengthen Kuwait's appeal as a regional investment destination.

dot image
To advertise here,contact us
dot image