മെട്രോ നഗരത്തില്‍ കുഞ്ഞിനെ വളര്‍ത്താന്‍ 4 ലക്ഷം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരച്ഛന്റെ വിഡിയോ

മരുന്നുകള്‍, പ്രസവച്ചെലവ്, വാക്സിനേഷന്‍, കുഞ്ഞിന്റെ അവശ്യസാധനങ്ങള്‍, ഡയപ്പറുകള്‍ എന്നിങ്ങനെ ശിശുപരിപാലനവുമായി ബന്ധപ്പെട്ട ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു

മെട്രോ നഗരത്തില്‍ കുഞ്ഞിനെ വളര്‍ത്താന്‍ 4 ലക്ഷം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരച്ഛന്റെ വിഡിയോ
dot image

ഇന്നത്തെ കാലത്ത് ഒരു കുഞ്ഞ് ഉണ്ടായാലുള്ള ചെലവോര്‍ക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് ടെന്‍ഷനാണ്. ആശുപത്രി ചെലവ് മുതല്‍ ശിശുപരിപാലനത്തിനുള്ള എന്തിനും ഏതിനും പൊള്ളുന്ന വിലയാണ്. അത്തരമൊരു കഥ പങ്കുവയ്ക്കുകയാണ് ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ ആര്യന്‍ ചക്രവര്‍ത്തി. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിനുള്ള ചെലവ് വര്‍ധിച്ചു വരികയാണെന്ന് അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചു. ഇത് പലര്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ചെലവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഭാര്യയുടെ ഗര്‍ഭകാലം മുതല്‍ മകള്‍ക്ക് ആറുമാസം പ്രായമാകുന്നതുവരെ കുടുംബം നടത്തിയ ചെലവുകളുടെ വിശദമായ കണക്ക് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കുഞ്ഞിന് 6 മാസമാകുന്നത് വരെ താന്‍ ഏകദേശം 4 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് ചക്രവര്‍ത്തി തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തി.

ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍, പരിശോധനകള്‍, മരുന്നുകള്‍, പ്രസവച്ചെലവ്, വാക്‌സിനേഷന്‍, കുഞ്ഞിന്റെ അവശ്യസാധനങ്ങള്‍, ഡയപ്പറുകള്‍, ഫോര്‍മുല പാല്‍, കളിപ്പാട്ടങ്ങള്‍, ശിശുപരിപാലനവുമായി ബന്ധപ്പെട്ട മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ ചെലവുകളും പ്രസവച്ചെലവും

ഗര്‍ഭധാരണം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ സ്ഥിരമായ ഡോക്ടര്‍ സന്ദര്‍ശനങ്ങള്‍, സ്‌കാനുകള്‍, രക്തപരിശോധനകള്‍, മരുന്നുകള്‍ എന്നിവ ആരംഭിക്കും. ഗര്‍ഭകാലത്ത് മരുന്നുകള്‍ക്കും സപ്ലിമെന്റുകള്‍ക്കുമായി മാത്രം പ്രതിമാസം 1,500 മുതല്‍ 2,000 വരെ ചെലവായതായി അദ്ദേഹം കണക്കാക്കുന്നു. പ്രസവത്തിനായുള്ള ആശുപത്രി ബില്‍ 1.2 ലക്ഷം മുതല്‍ 1.5 ലക്ഷം വരെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞ് ജനിച്ചതിന് ശേഷം ഒരുതവണ മാത്രം വരുന്ന ചില വലിയ ചെലവുകളും ഉണ്ടായിരുന്നു. കുഞ്ഞിന്റെ കിടക്കയ്ക്ക് 9,000 മുതല്‍ 15,000 രൂപ വരെയും, വസ്ത്രങ്ങള്‍ക്ക് 7,000 മുതല്‍ 8,000 വരെയും ചെലവാക്കി. ഫീഡിങ് ബോട്ടിലുകള്‍, സ്റ്റെറിലൈസറുകള്‍ തുടങ്ങിയവയ്ക്കായി ഏകദേശം 10,000 രൂപ വരെയും ചെലവായതായി അദ്ദേഹം വ്യക്തമാക്കി.

പ്രതിമാസ ചെലവുകള്‍

ആദ്യ ആറുമാസത്തിനിടെ ഡോക്ടര്‍ സന്ദര്‍ശനങ്ങള്‍ക്ക് ഒരു കണ്‍സള്‍ട്ടേഷന് ഏകദേശം 1,200 രൂപ വീതം ചെലവായതായി അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനാണ് ഏറ്റവും വലിയ ചെലവുകളില്‍ ഒന്ന്. ഡയപ്പറുകള്‍ക്കായി പ്രതിമാസം 3,000 മുതല്‍ 4,000 രൂപ വരെയും, ഫോര്‍മുല പാലിന് 3,000 മുതല്‍ 4,000 വരെയും, കളിപ്പാട്ടങ്ങള്‍ക്കും മറ്റ് ഉപഭോഗ വസ്തുക്കള്‍ക്കുമായി ഏകദേശം 2,500 വരെയും ചെലവാകുന്നതായി അദ്ദേഹം കണക്കാക്കി.

ഒരേയൊരു വരുമാനം

ഇന്നത്തെ യുവകുടുംബങ്ങള്‍ പലരും നേരിടുന്ന സാമ്പത്തിക വെല്ലുവിളി ചെറുതല്ല, കുഞ്ഞ് ഉള്ളപ്പോള്‍ ഇതെല്ലാം ഒരു വരുമാനത്തില്‍ ചെയ്യേണ്ടി വരുന്നതായി ചിന്തിച്ചുനോക്കൂ. കുടുംബത്തിന്റെ പിന്തുണയില്ലാതെ ചെയ്യേണ്ടി വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ വലിയ സാമ്പത്തിക ഞെരുക്കത്തിലാവുമെന്ന് അദ്ദേഹം പറഞ്ഞു. സഹായത്തിനായി ഒരു 24 മണിക്കൂര്‍ ആയയുടെ ശമ്പളം ഒരു എന്‍ട്രി-ലെവല്‍ ഐടി ജോലിയിലെ ശമ്പളത്തേക്കാള്‍ കൂടുതലുള്ള നഗരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍

ആര്യന്‍ ചക്രവര്‍ത്തിയുടെ കണക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ വൈറലായെങ്കിലും, പലരും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളെ ചോദ്യം ചെയ്തു. സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിനുകള്‍ തിരഞ്ഞെടുക്കാമല്ലോ എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. 3.8 ലക്ഷം എന്നത് ആറുമാസത്തേക്കുള്ള ചെലവല്ല, ഗര്‍ഭകാലവും ഉള്‍പ്പെടുത്തിയാല്‍ 15 മാസത്തേക്കുള്ള ചെലവാണെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. എങ്കിലും രാജ്യത്തെ ജീവിതചെലവുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ മെട്രോ നഗരങ്ങളിലെ ചെലവുകള്‍ ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്.

Content Highlights: A viral video by Ayan Chakravarty claims that raising a child from pregnancy to six months in an Indian metro city can cost nearly ₹4 lakh, triggering widespread debate online

dot image
To advertise here,contact us
dot image