

സുരക്ഷയും ശരിയായ പ്രവർത്തനവും കുട്ടികളിൽ ഉറപ്പാക്കാൻ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന ആവശ്യവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. തെറ്റായ പ്രവണതകളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും വിവിധ തരത്തിലുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും മാതാപിതാക്കളുടെ കരുതൽ അനിവാര്യമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ബോധവത്ക്കരണ സന്ദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നത് വഴി അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിക്കും. ഇത് വഴി കുട്ടികളെ വഴിതെറ്റുന്നതിൽ നിന്നും സ്വഭാവദൂഷ്യങ്ങളിൽ നിന്നും ഒരു പരിധി വരെ സംരക്ഷിക്കാൻ സാധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കുട്ടികളുമായി സ്ഥിരമായി സംസാരിക്കുകയും അവരുടെ ദൈനംദിന കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുക, മാതാപിതാക്കളുടെ നിരന്തരമായ മേൽനോട്ടവും ശ്രദ്ധയും കുട്ടികളിൽ സുരക്ഷിതത്വബോധം വളർത്താൻ സഹായിക്കും. അവരുടെ ആവശ്യങ്ങളും ആശങ്കകളും ക്ഷമയോടെ കേൾക്കാൻ തയ്യാറാകണം എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയിരിക്കുന്നത്.
കുട്ടികളുടെ മാനസിക-സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിലും അവരുടെ ആരോഗ്യകരമായ വളർച്ചയിലും മാതാപിതാക്കളുടെ പങ്കും മേൽനോട്ടവും നിർണായകമാണെന്ന് ഓർമ്മിപ്പിച്ചാണ് മന്ത്രാലയത്തിന്റെ സന്ദേശം അവസാനിക്കുന്നത്.
Content Highlights: Qatar has issued a reminder to parents and guardians to prioritize children's safety and monitor their conduct. Authorities stressed the importance of responsible parenting, supervision, and compliance with public safety guidelines to ensure the well-being of children and society.