

കുവൈറ്റിൽ ഇറാൻ ഇന്ന് നടത്തിയ ആക്രമണങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന വ്യോമഗതാഗതം പുനസ്ഥാപിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇറാൻ ആക്രമണത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇന്ന് പുലർച്ചെ കുവൈറ്റ് വ്യോമപരിധി അടയ്ക്കുകയും വ്യോമഗതാഗതം നിർത്തിവെക്കുകയും ചെയ്തത്. ഇതേത്തുടർന്ന് വിമാനങ്ങൾ മറ്റ് ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു.
യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായാണ് കുവൈറ്റിലും ബഹ്റൈനിലും ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ പ്രതികരണം. ബഹ്‌റൈനിലെ ഷെയ്ക്ക് ഇസാ എയര്‍ബേസിലും കുവൈറ്റിലെ അലി അല്‍ സലേം, അഹ്‌മദ് അല്‍- ജാബര്‍ എയര്‍ബേസുകളിലും ഇന്ന് ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സാണ് അറിയിച്ചത്.
ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് എണ്ണ കണ്ടെയ്‌നറുകളെ ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു. അതേസമയം മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിട്ടതായി കുവൈറ്റ് പ്രതികരിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇരുരാജ്യങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ബാരലിന് രണ്ട് ഡോളറിലധികമാണ് വര്‍ദ്ധിച്ചത്.
Content Highlights: Kuwait resumed air traffic on Thursday and Kuwait International Airport returned to normal operations after a temporary suspension prompted by Iranian attacks, the civil aviation authority said.