

കുവൈറ്റിൽ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു. കൊപ്പം കിഴ്മുറി സ്വദേശി താനിക്കുന്നത്ത് അർജുൻ ആണ് മരിച്ചത്. 25 വയസായിരുന്നു.
ഈ മാസം ഒമ്പതാം തീയതിയാണ് അപകടമുണ്ടായത്. കുവൈറ്റിലെ സാൽമിയയിൽ അർജുൻ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ അർജുൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
സാൽമിയയിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന അർജുൻ ഒരു വർഷം മുൻപാണ് ഒടുവിൽ കുവൈറ്റിലേക്ക് പോയത്. ടി. രവീന്ദ്രകുമാറിന്റെയും കിഴ്മുറി അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും മകനാണ്. സുരഭി, സുവർണ എന്നിവർ സഹോദരങ്ങളാണ്. കുവൈറ്റിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Content Highlights: A young expatriate from Kerala, aged 25, lost his life after reportedly falling from a building in Kuwait. Local authorities have initiated an investigation to determine the cause and circumstances of the incident.