ശാസ്ത്രീയമായി കാര്യങ്ങൾ പറയുകയാണ് മന്ത്രി ചെയ്യേണ്ടത്: കെ മുരളീധരനെ വിമർശിച്ച് കെ കെ ശൈലജ

'സ്ഥലം മാറ്റാൻ സർക്കാരിന് അവകാശമുണ്ടെങ്കിലും സാഹചര്യം പരിഗണിക്കണം. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സമയത്തുള്ള സ്ഥലംമാറ്റം പ്രശ്നങ്ങൾ ഉണ്ടാക്കും'

ശാസ്ത്രീയമായി കാര്യങ്ങൾ പറയുകയാണ് മന്ത്രി ചെയ്യേണ്ടത്: കെ മുരളീധരനെ വിമർശിച്ച് കെ കെ ശൈലജ
dot image

കണ്ണൂർ: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ വിമർശനവുമായി മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. മന്ത്രിയുടെ അതേ ഭാഷയിൽ പ്രതികരണം നടത്താനില്ലെന്ന് വ്യക്തമാക്കിയ കെ കെ ശൈലജ പക്ഷെ നിപയെ നിസാരവത്കരിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യണം. മന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്യണം എന്ന് പറയുന്നത് വെറുതെയല്ല. ഉദ്യോഗസ്ഥന്മാരിൽ പല അഭിപ്രായവുമുണ്ടാകും. അഭിപ്രായ സമന്വയത്തിന് മന്ത്രിയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്നും കെ കെ ശൈലജ ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷത്തിരിക്കുമ്പോൾ പറയുന്നത് മന്ത്രിയായാൽ ബാധകമല്ലെന്ന് പറയുന്നത് ശരിയല്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു. ശാസ്ത്രീയമായി കാര്യങ്ങൾ പറയുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും കെ കെ ശൈലജ ചൂണ്ടിക്കാണിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ റീനയുടെ സ്ഥലം മാറ്റത്തിലും കെ കെ ശൈലജ പ്രതികരിച്ചു. സ്ഥലം മാറ്റാൻ സർക്കാരിന് അവകാശമുണ്ടെങ്കിലും സാഹചര്യം പരിഗണിക്കണം. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സമയത്തുള്ള സ്ഥലംമാറ്റം പ്രശ്നങ്ങൾ ഉണ്ടാക്കും. മന്ത്രിക്കും വകുപ്പിനും തന്നെയാണ് അത് ബുദ്ധിമുട്ട് ഉണ്ടാക്കുകയെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

നിപാ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ലായ്മ തുടരുന്നതായി നേരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിമർശിച്ചിരുന്നു. നിപയെ ഒറ്റകെട്ടായി നിന്ന് പ്രതിരോധിക്കേണ്ട ഘട്ടത്തിൽ നേതൃത്വം കൊടുക്കേണ്ട ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെ പ്രവർത്തിക്കുകയാണെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പ്രതികരണം ശരിയായ രീതിയിലല്ല. നിപ ബാധയുണ്ടായപ്പോൾ അന്നത്തെ പ്രതിപക്ഷം ചെയ്തതുപോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാൻ തങ്ങൾ തയ്യാറല്ല. നിപ പ്രതിരോധത്തിൽ എല്ലാ സഹകരണവും ഉണ്ടാവുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

നേരത്തെ നിപ ബാധയുണ്ടായപ്പോൾ ആരോഗ്യമന്ത്രി നിപ ബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം ഏകോപിപ്പിച്ചത്. അത്തരമൊരു ജാഗ്രത എവിടേയും കാണാനില്ല. നിപ കൺട്രോൾ റൂം ജനപ്രതിനിധികൾ അകന്നുനിൽക്കേണ്ട സ്ഥലമാണെന്ന നിലയിലാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. നിപയുടെ അതീവ ഗൗരവമായ സൗഹചര്യം ഉയർന്ന ഘട്ടത്തിൽ വലിയ തോതിൽ ആക്ഷേപത്തിനിടയാക്കിയ ഡിഎച്ച്എസിനെ മാറ്റി. പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ട ആരോഗ്യവകുപ്പ് തലപ്പത്തിരിക്കുന്നയാളെ മാറ്റുന്നത് സാധാരണ ഗതിയിൽ പ്രതീക്ഷിക്കുന്നതല്ല. വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സുതാര്യമായി പ്രവർത്തിക്കുന്ന സംവിധാനം ഉണ്ട്. അത് തകർക്കാൻ ശ്രമിച്ചപ്പോൾ കൂട്ടുനിന്നില്ലായെന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: K K Shailaja criticized K Muraleedharan, stating that ministers should communicate based on scientific facts and evidence rather than making unsubstantiated statements. Read the latest political developments and reactions.

dot image
To advertise here,contact us
dot image