'അന്ന് ആ മദ്യപ സംഘം ഞങ്ങൾക്കു നേരെ പാഞ്ഞടുത്തു, ലാലേട്ടൻ എന്റെ കൈയിൽ പിടിച്ചുകൊണ്ടോടി'; മധുബാല

യോദ്ധ സിനിമയുടെ ലൊക്കേഷനിലുണ്ടായ അനുഭവം പങ്കുവച്ച് നായിക മധുബാല

'അന്ന് ആ മദ്യപ സംഘം ഞങ്ങൾക്കു നേരെ പാഞ്ഞടുത്തു, ലാലേട്ടൻ എന്റെ  കൈയിൽ പിടിച്ചുകൊണ്ടോടി'; മധുബാല
dot image

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രമാണ് യോദ്ധ. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് സംഗീത് ശിവനാണ്. മധുബാലയായിരുന്നു ചിത്രത്തിലെ നായിക. സിനിമയിലെ 'കുനു കുനെ ചെറു കുറുനിരകള്‍…' എന്ന പാട്ട് ചിത്രീകരിക്കുമ്പോഴുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടി മധുബാല. തന്റെ പുതിയ ചിത്രമായ 'ചിന്ന ചിന്ന ആസൈ'യുടെ പ്രൊമോഷന്റെ ഭാഗമായി പേര്‍ളി മാണി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ആ ഗാനം ചിത്രീകരിക്കുമ്പോള്‍ വലിയൊരു മദ്യപ സംഘത്തിനിടയില്‍ പെടുകയും അവിടെ നിന്ന് മോഹന്‍ലാല്‍ തന്നെ രക്ഷപ്പെടുത്തിയെന്നും പറയുകയാണ് താരം.

'ആ സിനിമയുടെ ഷൂട്ടിംഗ് നേപ്പാളില്‍ ആയിരുന്നു. ആദ്യത്തെ ഒരു മാസം അച്ഛന്‍ ഷൂട്ടിഗിന് വന്നില്ലായിരുന്നു. അപ്പോള്‍ എനിക്ക് എങ്ങനെയെങ്കിലും ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മതി എന്നായിരുന്നു. പക്ഷെ അവിടെ എന്നെ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ ആക്കിയത് സംവിധായകന്‍ സന്തോഷ് ശിവനും മോഹന്‍ലാലുമാണ്.

അവിടെ മാര്‍ക്കറ്റ് പരിസരത്തുള്ള എല്ലാ ആളുകളും ഒരു ആറ് മണിയാകുമ്പോള്‍ മദ്യപിക്കും ആ സമയത്താണ് 'കുനു കുനെ' എന്ന പാട്ട് ചിത്രീകരിക്കുന്നത്. പഗോഡയുടെ മുകളിലാണ് ഞങ്ങള്‍ക്ക് അന്ന് ഡാന്‍സിന്റെ ഷൂട്ട്. ഞാനപ്പോള്‍ എന്റെ അസിസ്റ്റന്‍സിനോട് ചോദിച്ചു, ആളുകള്‍ മുകളിലേക്ക് വരുന്ന പോലെ തോന്നുന്നുണ്ടല്ലോ എന്ന്. കാരണം ആദ്യം അവരെല്ലാം ഏറ്റവും താഴെയാണ് ഉണ്ടായിരുന്നത്. എനിക്ക് അവര്‍ മുകളിലേക്ക് വരുന്നതു പോലെ തോന്നി. ഞാന്‍ വീണ്ടും ചോദിച്ചു, അവര്‍ മുകളിലേക്ക് വരുന്നുണ്ടോ എന്ന്. അപ്പോള്‍ എല്ലാവരും പറഞ്ഞു. ഇല്ല എന്ന്. പെട്ടെന്നാണ് എല്ലാവരും തിരിച്ചറിഞ്ഞത്, ഞങ്ങളുടെ ഒരു മൂന്നടി അകലത്തില്‍ ആ മദ്യപ സംഘമെത്തിയിരിക്കുന്നുവെന്ന്.

ലാലേട്ടനും അത് മനസിലായി. എന്റെ ഒരു കയ്യില്‍ ലാലേട്ടനും ഒരു കയ്യില്‍ സന്തോഷ് ശിവന്റെ അസിസ്റ്റന്റ് ബിജോയ്യും പിടിച്ചു പഗോഡയുടെ സ്റ്റെപ്പില്‍ നിന്ന് ചാടി. ആ ആള്‍ക്കൂട്ടത്തിന് നടുവില്‍ കാര്‍ ഞങ്ങളെ കാത്തു കിടക്കുവായിരുന്നു. ഞങ്ങളെ കാറില്‍ കയറ്റി അവര്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഒരു തരത്തിലും നിയന്ത്രിക്കാന്‍ പറ്റാത്തത്ര തിരക്കായിരുന്നു. ഞാനും ഡാന്‍സേഴ്‌സായ എട്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഞങ്ങളെല്ലാവരും കൂടി പൊലീസ് സ്റ്റേഷനിലേക്ക് പോയി. യോദ്ധയുടെ ലൊക്കെഷനില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു അത്-മധുബാല പറയുന്നു.

Content Highlights: Actress Madhubala shares her experience on the location of the movie Yoddha

dot image
To advertise here,contact us
dot image