

രാജ്യത്തെ സാമ്പത്തിക രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് യുപിഐ വഴിയുള്ള പണമിടപാടുകള്‍. ദൈനംദിന ജീവിതത്തില്‍ യുപിഐ സംവിധാനത്തെ ആശ്രയിക്കാത്തവരായി ആരുമില്ല. വേഗത്തില്‍ പണം അയക്കുന്നതിനും പണം കയ്യില്‍ കൊണ്ടുനടക്കാതെ ഡിജിറ്റല്‍ മണിയെ ആശ്രയിക്കുന്നതിനും യുപിഐ വഹിക്കുന്ന പങ്ക് ചില്ലറയല്ല. എന്നാല്‍ പണം അയക്കുമ്പോള്‍ ആളുമാറിപ്പോയാല്‍ എന്തു ചെയ്യും? ഇങ്ങനെ സംഭവിച്ചാല്‍ നഷ്ടപ്പെട്ട പണമെങ്ങനെ തിരികെ ലഭിക്കും?
അറിയാതെ പണം മറ്റൊരാള്‍ക്ക് അയച്ചുപോയാല്‍ ആദ്യം തന്നെ ആ അക്കൗണ്ട് ഉടമയെ ബന്ധപ്പെടുക. പണം വന്ന കാര്യം അറിയിച്ച് അത് തിരികെ ചോദിക്കുക. ആ വ്യക്തി പണം തിരികെ തരാന്‍ തയ്യാറായില്ലെങ്കില്‍ ഉപയോഗിച്ച യുപിഐ ആപ്പ് (ഉദാഹരണത്തിന് ജി-പേ, ഫോണ്‍-പേ) വഴിയോ ബാങ്ക് വഴിയോ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുഖാന്തരമോ പരാതി നല്‍കാം. ഇതിന് പണം അയച്ചതിന്റെ തെളിവ് സ്‌ക്രീന്‍ഷോട്ടായോ മറ്റേതെങ്കിലും രീതിയിലോ നല്‍കണം. അയച്ച തുക, സമയം, ട്രാന്‍സാക്ഷന്‍ നമ്പര്‍, യുടിആര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ ഉണ്ടെങ്കില്‍ അത് ഉള്‍പ്പെടെ സൂക്ഷിച്ചുവയ്ക്കണം. യുപിഐ ആപ്പുകളുടെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ട് കാര്യം പറയുകയാണ് അടുത്ത നടപടി.
ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനും ആപ്പുകളിലുണ്ട്. ട്രാന്‍സാക്ഷന്‍ റിവേഴ്സ് ചെയ്യാന്‍ സാധിക്കുന്നതാണെങ്കില്‍ യുപിഐ ആപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.
വിവിധ യുപിഐ ആപ്പുകളുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ അറിഞ്ഞിരിക്കാം
ഗൂഗിള്‍ പേ - 1800 419 0157
ഫോണ്‍ പേ - 080 6872 7374
പേടിഎം - 0120 4456 456
കസ്റ്റമര്‍ കെയറില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന എന്‍സിപിഐയില്‍ ബന്ധപ്പെടണം.'1800 120 1740' ഈ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് തെറ്റായി സംഭവിച്ച ഇടപാടിന്റെ എല്ലാ വിവരങ്ങളും അറിയിക്കാം. എന്‍സിപിഐ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുകയും അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കണ്ടെത്തിയാല്‍ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബാങ്കിന് നിര്‍ദേശം നല്‍കുകയും ചെയ്യും.
Content Highlights: If you accidentally send money to the wrong UPI account, immediately contact the recipient and file a complaint through your UPI app, bank, or NPCI with transaction details to seek a refund