ഈസ്റ്റർ ആഘോഷിച്ച് ​ഗൾഫ് രാജ്യങ്ങൾ; ദുബായിൽ ചടങ്ങുകൾ ഓൺലൈനായി നടന്നു

ശനിയാഴ്ച വൈകുന്നേരം മുതല്‍ പ്രാര്‍ത്ഥനകളാൽ മുഖരിതമായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍

ഈസ്റ്റർ ആഘോഷിച്ച് ​ഗൾഫ് രാജ്യങ്ങൾ; ദുബായിൽ ചടങ്ങുകൾ ഓൺലൈനായി നടന്നു
dot image

പ്രത്യാശയുടെ സന്ദേശവുമായി ഗള്‍ഫ് രാജ്യങ്ങളും ഈസ്റ്റര്‍ ആഘോഷിച്ചു. വിവിധ രാജ്യങ്ങളില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായില്‍ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു തിരുകര്‍മങ്ങള്‍ നടന്നത്.

ശനിയാഴ്ച വൈകുന്നേരം മുതല്‍ പ്രാര്‍ത്ഥനകളാള്‍ മുഖരിതമായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍. അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയിലെ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാദര്‍ ജിജു എന്‍ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. മുസ്സഫ സീറോ മലങ്കര കത്തോലിക്കാ സഭ സമൂഹത്തിന്റെ ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ക്ക് ഫാദര്‍ ജോണ്‍സണ്‍ പുതുപ്പറമ്പില്‍ നേതൃത്വം നല്‍കി. ഇടവകവികാരി റവ ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍.

ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ, ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ ഓണ്‍ലൈനായിട്ടായിരുന്നു ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ നടന്നത്. ഒമ്പതോളം വൈദീകരുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍. ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദേവാലയം ഉള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഈസ്റ്ററിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ഒമാനില്‍ മസ്‌ക്കറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് കൊല്ലം ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

മസ്‌ക്കറ്റിലെ റൂവി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തിലെ പ്രത്യേക പ്രാര്‍ത്ഥനയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മലങ്കര കത്തോലിക്ക സഭ വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാലിക്കോടത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഗാല സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ഇടവകയിലും വിപുലമായ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ബഹ്‌റൈന്‍, സൗദി, കുവൈറ്റ്, ഖത്തര്‍ തുടങ്ങി മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ശുശ്രൂഷകള്‍ നടന്നു.

Content Highlights: Easter celebrations were observed across Gulf countries, with Dubai hosting online ceremonies for worshippers.

dot image
To advertise here,contact us
dot image