

നിരവധി ആരാധകരുള്ള ബോളിവുഡ് നടൻ ആണ് രൺബീർ കപൂർ. നടന്റേതായി ഇനി പുറത്തിറങ്ങാനുള്ള രാമായണ എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയാണ്. ഇപ്പോഴിതാ ഹോളിവുഡ് അഭിനേതാക്കളെ നേരിട്ട് കണ്ടപ്പോഴുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് രൺബീർ.
'സിനിമയുടെ കാര്യത്തില്‍ ഞാനൊരു ഗീക്ക് ആണ്. കഴിഞ്ഞ 35 വര്‍ഷമായി എല്ലാ ദിവസവും ഒരു സിനിമ കാണാറുണ്ട്. എന്റെ നാടായ ഇന്ത്യയിലെ താരങ്ങളെ മാത്രമല്ല, യാത്രകളില്‍ വിദേശ താരങ്ങളേയും കാണാന്‍ ശ്രമിക്കാറുണ്ട്. നതാലിയ പോര്‍ട്ട്മാന്‍ എന്നെ ഓടിച്ചു വിട്ടിട്ടുണ്ട്. ക്വിന്റിന്‍ ടറാന്റിനോ എനിക്ക് നടുവിരല്‍ കാണിച്ചു തന്നിട്ടുണ്ട്. ബില്‍ മുറെയെ കണ്ടിട്ടുണ്ട്. അല്‍ പാചിനോ സലോമെയുടെ റീഡിംഗിന് വന്നപ്പോള്‍ പുറത്ത് കാത്തു നിന്നിട്ടുണ്ട്. ആ സമയത്ത് ഞാന്‍ പഠിക്കുകയായിരുന്നു. മൂന്ന് മണിക്കൂറാണ് അദ്ദേഹത്തെ കാണാന്‍ കാത്തു നിന്നത്. റോബര്‍ട്ട് ഡി നീറോയെ ഇന്ത്യയില്‍ വച്ചാണ് കണ്ടത്. അവരെല്ലാം എന്റെ സ്‌ക്രീന്‍ ഐഡലുകളാണ്. അവരെ കാണുന്നത് എനിക്ക് അതിയായ സന്തോഷം ലഭിക്കും', രൺബീറിന്റെ വാക്കുകൾ.
വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് പുറത്തുവന്നത്. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രാമനായി രൺബീറിന്റെ അത്യുഗ്രൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ടീസറിലെ ചില ഷോട്ടുകൾ എഐ പോലെയുണ്ടെന്നും 4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെ തോന്നുന്നില്ല എന്നാണ് കമന്റുകൾ. ചില ഷോട്ടുകൾ ഗംഭീരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും മേക്കേഴ്‌സ് ഇനിയും വിഎഫ്എക്സ് മെച്ചപ്പെടുത്തണം എന്നാണ് മറ്റുചില അഭിപ്രായങ്ങൾ.
Content Highlights: Ranbir kapoor talks about meeting hollywood actors and his experience