

പശ്ചിമേഷ്യന്‍ സംഘര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനേയും ബാധിക്കുന്നു. 70 ശതമാനത്തിലധികം പ്രവാസികളും ഇത്തവണ വോട്ട് ചെയ്യാന്‍ കേരളത്തില്‍ എത്തില്ലെന്നാണ് വിലലയിരുത്തല്‍. പ്രവാസി വോട്ടുകള്‍ ഗണ്യമായി കുറയുമെന്നത് സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. ഭീമമായ തുക നല്‍കാന്‍ കഴിയാത്തതിനാല്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഇത്തവണ ഉണ്ടാകില്ല.
കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പു വേളകളിലും വോട്ട് ചെയ്യുന്നതിന് വേണ്ടി മാത്രം ആഘോഷപൂര്‍വം നാട്ടിലേക്ക് പോകുന്നവരായിരുന്നു വലിയൊരു വിഭാഗം പ്രവാസികള്‍. എന്നാല്‍ ഇപ്പോള്‍ സാഹചര്യം തീര്‍ത്തും വ്യത്യസ്തം. മുന്നിലുള്ളത് നിരവധി പ്രതിസന്ധികള്‍. പല രാജ്യങ്ങളിലും പരിമിതമായ വിമാന സര്‍വീസ് മാത്രമണ് നിലവിലുള്ളത്. അതിന് നല്‍കേണ്ടതാകട്ടെ മൂന്നിരട്ടി വരെ ഉയര്‍ന്ന നിരക്കും. ഭീമമായ നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ കെഎംസിസിയും ഇന്‍കാസും അടക്കമുള്ള വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് വിമാനങ്ങളും ഇത്തവണ ഉണ്ടാകില്ല.
നാട്ടിലേക്ക് പോയാല്‍ കൃത്യസമയത്ത് തിരിച്ചെത്താന്‍ കഴിയുമോ എന്ന സംശയത്തിനൊപ്പം ജോലി നഷ്ടമാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. 70 ശതമാനത്തിലധികം പ്രവാസികള്‍ ഇത്തവണ വോട്ട് ചെയ്യാന്‍ കേരളത്തില്‍ എത്തില്ല എന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 2,23,558 പ്രവാസി വോട്ടര്‍മാര്‍ ഉണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കുറ്റ്യാടി മണ്ഡലത്തിലാണ്. 16,002 വോട്ടര്‍മാര്‍.
12,424 പ്രവാസി വോട്ടര്‍മാരാണ് നാദാപുരത്ത് ഉള്ളത്. തിരൂരില്‍ 8,601, കല്യാശേരി 8097 കൂത്തുപറമ്പില്‍ 6839 എന്നിങ്ങനെയാണ് മറ്റ് കണക്ക്. ആയിരത്തില്‍ അധികം പ്രവാസി വോട്ടുള്ള 47 മണ്ഡലങ്ങളുണ്ട്. മഞ്ചേശ്വരം മുതല്‍ തിരുവമ്പാടി വരെയുള്ള 32 മണ്ഡലങ്ങളില്‍ 27 ഇടത്തും ആയിരത്തിലധികം പ്രവാസിവോട്ടുകളുണ്ട്. പല മണ്ഡലങ്ങളിലും ജയപരാജയങ്ങളെ സ്വാധീനിക്കുന്ന നിര്‍ണായക ശക്തി കൂടിയാണ് പ്രാവാസി വോട്ടര്‍മാര്‍.
Content Highlights: The ongoing West Asia conflict is expected to impact Kerala Assembly elections, with a large number of expatriate voters unlikely to return home to cast their votes.