

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ സ്വീകരണ യോഗത്തിലായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുസ്‌ലിം ലീഗില്‍ നിന്ന് വിമതനായി മത്സരിച്ച് വിജയിച്ചയാള്‍ പ്രചാരണത്തിന് എത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.
കഴിഞ്ഞ ദിവസം രാത്രി പായിപ്ര പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെടുന്ന മിന്നുംപടിയില്‍വെച്ചായിരുന്നു സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗില്‍ നിന്ന് വിമതനായി മത്സരിച്ച് വിജയിച്ച ഇ ജെ നജീബും ഒരു കൂട്ടം പ്രവര്‍ത്തകരും മാത്യു കുഴല്‍നാടന്റെ സ്വീകരണ ചടങ്ങിലേക്ക് എത്തിയപ്പോഴായിരുന്നു പ്രശ്‌നം ഉടലെടുത്തത്. നജീബ് സ്വീകരണ യോഗത്തില്‍ പങ്കെടുക്കരുതെന്നായിരുന്നു മാത്യു കുഴല്‍നാടനൊപ്പമെത്തിയ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ നജീബും സംഘവും അത് എതിര്‍ത്തു. ഇതോടെ നജീബിനൊപ്പമുണ്ടായിരുന്നവരും മാത്യു കുഴല്‍നാടനൊപ്പം വന്ന പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയായിരുന്നു. വിഷയം കൈവിട്ട് പോകുമെന്ന സാഹചര്യം വന്നപ്പോള്‍ മാത്യു കുഴല്‍നാടന്‍ ഇടപെടുകയും പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയും ചെയ്തു.
Content Highlights- UDF workers clashed during a reception meeting held for Mathew Kuzhalnadan, causing disruption at the event.