

സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം പുരാതന കാലം മുതല്‍ക്കുതന്നെ പ്രസിദ്ധമാണ്. ഇന്ത്യന്‍ വീടുകളില്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന ആകെ സ്വര്‍ണത്തിന്റെ മൂല്യം രാജ്യത്തിന്റെ ജിഡിപിക്കും മുകളില്‍ എത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇക്കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം 445 ലക്ഷം കോടി രൂപ (5 ട്രില്യണ്‍ ഡോളര്‍) കവിഞ്ഞു.

430 ലക്ഷം കോടിയാണ് രാജ്യത്തിന്റെ ജിഡിപി. ഇന്ത്യയുടെ ആകെ വിപണി മൂലധനം ഏകദേശം 460 ലക്ഷം കോടി രൂപയാണെന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ഇന്ത്യന്‍ വീടുകളിലുള്ള സ്വര്‍ണത്തിന്റെ മൂല്യം പല വികസിത രാജ്യങ്ങളുടെയും ആകെ ജിഡിപിയേക്കാള്‍ കൂടുതലാണ്. ജപ്പാന്‍ (365 - 380 ലക്ഷം കോടി), യു.കെ (290 - 310 ലക്ഷം കോടി), ഫ്രാന്‍സ് (265 - 285 ലക്ഷം കോടി), ബ്രസീല്‍ (195 - 215 ലക്ഷം കോടി) എന്നിവയെല്ലാം ഈ സ്വര്‍ണശേഖരത്തിനു പിന്നില്‍ പോകും.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വര്‍ണശേഖരത്തിന്റെ മൂല്യം നാല് മടങ്ങിലധികം വര്‍ധിച്ചു. 2019 മാര്‍ച്ചില്‍ 109 ലക്ഷം കോടി രൂപയായിരുന്നത് 2026 ജനുവരിയില്‍ 445 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ കുടുംബങ്ങളുടെ വസ്തുവകകള്‍ അല്ലാത്ത ആസ്തിയുടെ 65 ശതമാനവും ഇപ്പോള്‍ സ്വര്‍ണമാണ്. ഇത് ബാങ്ക് നിക്ഷേപങ്ങളുടെയും ഓഹരി വിപണിയിലെ നിക്ഷേപങ്ങളുടെയും ആകെ മൂല്യത്തിന്റെ 175 ശതമാനത്തോളം വരുമെന്ന് കൊട്ടക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജനങ്ങള്‍ ബാങ്ക് നിക്ഷേപങ്ങളില്‍നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് മാറ്റുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വര്‍ണത്തിനായുള്ള അമിതമായ ആവശ്യം ഇറക്കുമതി വര്‍ധിപ്പിക്കുകയും അത് റിസര്‍വ് ബാങ്കിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കുറവുണ്ടാക്കാന്‍ കാരണമാവുകയും ചെയ്യും.
Content Highlights: India’s household gold holdings top $5 trillion, flags Kotak; warns of capital shift from financial savings