യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ഗള്‍ഫ് രാജ്യങ്ങൾ; ദുബായിൽ ശുശ്രൂഷകൾ ഓൺലൈനായി നടന്നു

ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുളള വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി

യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ഗള്‍ഫ് രാജ്യങ്ങൾ; ദുബായിൽ ശുശ്രൂഷകൾ ഓൺലൈനായി നടന്നു
dot image

യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ മലായാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുളള വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ദുബായില്‍ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു ശുശ്രൂഷകള്‍ നടന്നത്.

ഇന്നലെ രാത്രി മുതല്‍ തന്നെ പ്രാര്‍ത്ഥനകളാൽ മുഖരിതമായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലെ ക്രിസ്ത്രീയ ദേവാലയങ്ങള്‍. ഒമാനിലെ റൂവി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് മലങ്കര കത്തോലിക്ക സഭ വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാലിക്കോടത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. മലങ്കര കാത്തലിക് തിരുവനന്തപുരം സെന്റ് മേരീസ് മേജര്‍ സെമിനാരി റവറന്റ് ഫാദര്‍ എബ്രഹാം ചരിവ് പുരയിടത്തിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സലാല സെന്റ് ഫ്രാന്‍സിസ് കാത്തലിക് ചര്‍ച്ചിലെ ശുശ്രൂഷകള്‍.

ഗാല സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെയും മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് മഹാ ഇടവകയുയെും നേതൃത്വത്തിലും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു. യുഎഇയിലെ വിവിധ ദേവാലയങ്ങളിലും നേരിട്ടും ഓണ്‍ലൈനായും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചു. അബുദാബിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് കാത്തിഡ്രലില്‍ നടന്ന പ്രത്യേക ശുശ്രൂഷകള്‍ക്ക് ഇടവക വികാരി നീവര്‍ഗ്ഗീസ് മാത്യു നേതൃത്വം നല്‍കി. ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന അധിപന്‍ ഡോ എബ്രഹാം മാര്‍ സെറാഫി മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക, അലൈന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളി, റാസ് അല്‍ ഖൈമ സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയം എന്നിവിടങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. സിഎസ്‌ഐ പാരിഷ് മലയാളം ദുബായിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ആയി നടന്ന ചടങ്ങുകള്‍ക്ക് സിഎസ്‌ഐ ബിഷപ്പ് റൈറ്റ് റവ. ഡോക്ടര്‍ ഉമ്മന്‍ ജോര്‍ജ് നേതൃത്വം നല്‍കി. നൂറ് കണക്കിന് വിശ്വാസികളും ഓണ്‍ലൈനായി പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു.

Content Highlights: Gulf countries commemorate the Passion of Jesus Christ, with Dubai conducting church services online as part of observances.

dot image
To advertise here,contact us
dot image