ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ; 10 മിസൈലുകളും 50 ഡ്രോണുകളും നേരിട്ടതായി യുഎഇ

തുടര്‍ച്ചയായ 37-ാം ദിവസവും ആക്രമണങ്ങള്‍ക്ക് കുറവില്ല

ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ; 10 മിസൈലുകളും 50 ഡ്രോണുകളും നേരിട്ടതായി യുഎഇ
dot image

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ വൈദ്യുതി, ജല സംഭരണ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായി. എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തി. യുഎഇയില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. 10 മിസൈലുകളും 50 ഡ്രോണുകളും ഇന്ന് നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായ 37-ാം ദിവസവും ആക്രമണങ്ങള്‍ക്ക് കുറവില്ല. കുവൈറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ജല, വൈദ്യുതി വിതരണ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായി. പിന്നാലെ രണ്ട് പ്ലാന്റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ആര്‍ക്കും പരിക്കില്ലെന്നും യൂണിറ്റുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രെടോളിയം കോര്‍പ്പറേഷന്റെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തി. വിവിധ യൂണിറ്റുകളില്‍ ഉണ്ടായ തീ നിയന്തണ വിധേയമാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്സിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലും വലിയ നാശനഷ്ടം ഉണ്ടായി. ആക്രമണത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയെങ്കിലും പ്രധാന കെട്ടിടത്തിലെ ചില ഓഫീസുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. യുഎഇയില്‍ പ്രതിരോധ സേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. 9 ബാലിസ്റ്റക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 50 ഡ്രോണുകളുമാണ് ഇന്ന് മാത്രം യുഎഇയുടെ പ്രതിരോധ സംവിധാനം തകര്‍ത്തത്.

ഇറാന്‍ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 2191 ഡ്രോണുകളും 507 ബാലിസ്റ്റിക് മിസൈലുകളും 24 ക്രൂയിസ് മിസൈലുകളുമാണ് യുഎഇ നേരിട്ടത്. ബഹ്‌റൈില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ജനവാസ മേഖലയായ സിത്രയില്‍ കെട്ടിടത്തിന് തീപിടിച്ചു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി സൗദി അറേബ്യയും വ്യക്തമാക്കി.

Content Highlights: Iran continued its attacks on Gulf nations, while United Arab Emirates reported intercepting 10 missiles and 50 drones, escalating regional tensions.

dot image
To advertise here,contact us
dot image