

ബഹ്‌റൈനിൽ വേനൽക്കാല ഉച്ചവിശ്രമ തൊഴിൽവിലക്ക് സ്വകാര്യ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നതായി റിപ്പോർട്ട്. നിയമം കർശനമായി നടപ്പാക്കിയതോടെ തൊഴിലിടങ്ങളിലെ അപകടങ്ങളിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതികളിലൊന്നും തന്നെ അപകട മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബോധവത്കരണ പരിപാടികൾ വലിയ വിജയമാണെന്നും അധികൃതർ വ്യക്തമാക്കി.
സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ബഹ്‌റൈൻ ഫ്രീ ട്രേഡ് യൂണിയൻ ഫെഡറേഷൻ നടത്തിയ ശക്തമായ ബോധവത്കരണവും ഫീൽഡ് പരിശോധനകളുമാണ് നിയമം ഇത്രയും ഫലപ്രദമാകാൻ കാരണം. 'ഫ്രീ ട്രേഡ് യൂണിയൻ ഫോർ സേഫ്റ്റി ഇൻ സമ്മർ' ക്യാമ്പയിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ വാട്ടർഫ്രണ്ട് വികസന പദ്ധതിയിലെ 150-ലധികം തൊഴിലാളികൾക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, സൂര്യാഘാതം തടയൽ, അടിയന്തര സാഹചര്യങ്ങൾ നേരിടൽ എന്നിവയിലാണ് തൊഴിലാളികൾക്ക് പ്രായോഗിക അറിവ് പകർന്നു നൽകിയത്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ ഇത്തവണ മന്ത്രാലയം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം അഞ്ചായിരുന്ന ഫീൽഡ് സന്ദർശനങ്ങൾ ഇത്തവണ പത്തായി വർദ്ധിപ്പിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അന്താരാഷ്ട്ര ബന്ധ വിഭാഗം മേധാവി ജമാൽ അൽ ഹൈകി അറിയിച്ചു. വരാനിരിക്കുന്ന ഓഗസ്റ്റ് 31-ന് ഉച്ചവിശ്രമ തൊഴിൽവിലക്ക് അവസാനിക്കുന്നതിന് മുൻപായി രാജ്യത്തുടനീളം 20 പരിശോധനകൾ കൂടി പൂർത്തിയാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Authorities in Bahrain have reported successful implementation of the midday work ban, with private sector establishments largely complying with the regulations. The seasonal measure is intended to safeguard outdoor workers from extreme summer temperatures and reduce the risk of heat-related illnesses.