

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും സഹകരണവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. നയതന്ത്രം, സാമ്പത്തികം, സമുദ്രസുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും കൈവരിച്ച പുതിയ പുരോഗതികൾ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ സമീപകാല ബഹ്റൈൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ഊർജ്ജം പകർന്നതായും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈൻ സന്ദർശനത്തിനിടെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതൃത്വവുമായി ഡോ. എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ആശംസകൾ അദ്ദേഹം ബഹ്റൈൻ ഭരണാധികാരികളെ അറിയിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി നടത്തിയ ചർച്ചയിൽ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും വിലയിരുത്തി. 2026-27 കാലയളവിലേക്ക് യുഎൻ സുരക്ഷാ സമിതിയിലെ താൽക്കാലിക അംഗത്വം നേടിയ ബഹ്റൈനെ ഇന്ത്യ അഭിനന്ദിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം റെക്കോർഡ് വളർച്ചയിലാണെന്ന് നേതാക്കൾ വിലയിരുത്തി. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യ-ബഹ്റൈൻ ഉഭയകക്ഷി വ്യാപാരം 16 ബില്യൺ യുഎസ് ഡോളറിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 1.57 ശതമാനത്തിന്റെ വർധനവാണ് ഇതിലുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആകെ നിക്ഷേപം ഏകദേശം രണ്ട് ബില്യൺ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. ബഹ്റൈന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിൽ പ്രവാസി ഇന്ത്യക്കാർ നൽകുന്ന സംഭാവനകളെ വിദേശകാര്യ മന്ത്രി പ്രത്യേകം പ്രശംസിച്ചതായും അംബാസഡർ വ്യക്തമാക്കി.
Content Highlights: The Indian Ambassador has said that India-Bahrain bilateral relations are at a high point, citing progress in trade, investment, healthcare, education, culture, and people-to-people ties. The remarks underscore the deepening partnership between the two countries.