ബഹ്റൈനിൽ ഷെയർഡ് താമസകർക്ക് പുതിയ നിയമം; ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കി

ഷെയർഡ് താമസസൗകര്യങ്ങൾ കൂടാതെ മറ്റ് പ്രധാന മുനിസിപ്പൽ ഭേദഗതികളും പുതിയ ഉത്തരവിലുണ്ട്

ബഹ്റൈനിൽ ഷെയർഡ് താമസകർക്ക് പുതിയ നിയമം; ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കി
dot image

ബഹ്റൈനിൽ ഷെയർഡ് താമസസൗകര്യങ്ങൾ വാടകയ്ക്ക് നൽകുന്നതിന് പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും നിലവിൽ വന്നു. മുനിസിപ്പൽ നിയമങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം, ഇനി മുതൽ കെട്ടിടങ്ങൾ ഷെയർ ചെയ്ത് വാടകയ്ക്ക് നൽകുന്നതിന് മുൻപ് ഉടമകൾ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയെ മുൻകൂട്ടി വിവരമറിയിക്കണം. കൂടാതെ, താമസസ്ഥലം ആവശ്യമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കെട്ടിട ഉടമകൾ ഉറപ്പാക്കുകയും വേണം.

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പൽ കാര്യ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. പുതിയ നിയമപ്രകാരം, രക്തബന്ധമില്ലാത്ത അഞ്ചോ അതിലധികമോ പേർ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളെയാണ് 'ഷെയർഡ് താമസസൗകര്യമായി' കണക്കാക്കുന്നത്. ഇത്തരം താമസസ്ഥലങ്ങൾ നിർബന്ധമായും മുനിസിപ്പാലിറ്റിയുടെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഷെയർഡ് താമസസൗകര്യങ്ങൾ കൂടാതെ മറ്റ് പ്രധാന മുനിസിപ്പൽ ഭേദഗതികളും പുതിയ ഉത്തരവിലുണ്ട്. കടൽ നികത്തുന്നതിനുള്ള ലൈസൻസ് ഫീസ് ഒരു ചതുരശ്ര മീറ്ററിന് 400 ഫിൽസ് ആയി നിശ്ചയിച്ചിട്ടുണ്ട്. നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ളതും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതുമായ കെട്ടിടങ്ങൾക്ക് മുനിസിപ്പൽ ഫീസിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകൾ താമസം ആരംഭിക്കുകയോ വൈദ്യുതി മീറ്റർ സ്ഥാപിക്കുകയോ ചെയ്യുന്ന ഘട്ടം മുതൽ ഫീസ് ബാധകമാകും.

പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി കൊതുക്, എലി തുടങ്ങിയ രോഗവാഹകരായ ജീവികളുടെ വ്യാപനം തടയാൻ കെട്ടിക്കിടക്കുന്ന വെള്ളമുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും മുനിസിപ്പാലിറ്റികൾക്ക് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. കൂടാതെ, മുനിസിപ്പൽ കൗൺസിലുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി യോഗങ്ങളുടെ അജണ്ട തയ്യാറാക്കുന്നതിലും വിവിധ സമിതികളുടെ അധികാരപരിധികളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി തയ്യാറാക്കിയ പുതിയ ചട്ടങ്ങൾ കെട്ടിട ഉടമകളും താമസക്കാരും ഒരുപോലെ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Content Highlights: Bahrain has announced new rules governing shared accommodation. The regulations require property owners and operators to comply with mandatory health and safety standards to improve living conditions.

dot image
To advertise here,contact us
dot image