

വിദേശ രാജ്യങ്ങളിൽ ജനിക്കുന്ന പ്രവാസി കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് നാട്ടിൽ നിന്ന് ലഭ്യമാക്കുന്നതിലെ സങ്കീർണമായ നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും ഇതിനായി ഏകീകൃത ഓൺലൈൻ സംവിധാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ബഹ്‌റൈൻ കെഎംസിസി സർക്കാരിന് പരാതി നൽകി. മുഖ്യമന്ത്രി വിഡി സതീശനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും അയച്ച നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ് എപി ഫൈസൽ ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് അതത് രാജ്യങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റും ഇന്ത്യൻ എംബസിയുടെ സാക്ഷ്യപത്രവും അടിസ്ഥാനമാക്കി ഇന്ത്യൻ പാസ്‌പോർട്ട് ലഭ്യമാകുന്നുണ്ട്. എന്നാൽ, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ മാസങ്ങളോളം നീളുന്ന നടപടിക്രമങ്ങളാണ്. നിലവിലെ നിബന്ധനകൾ മൂലം എട്ട് മാസത്തോളം കാത്തിരുന്ന ശേഷമാണ് പലർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി.
നിലവിൽ വിദേശ ജനന സർട്ടിഫിക്കറ്റ്, എംബസി സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പാസ്‌പോർട്ടുകൾ ഉൾപ്പെടെ 25-ഓളം രേഖകൾ തദ്ദേശ സ്ഥാപനങ്ങളിൽ നൽകേണ്ടതുണ്ട്. ഇതിന് പുറമെ 50 രൂപ മുദ്രപത്രത്തിൽ രണ്ട് ഗസറ്റഡ് ഓഫീസർമാരുടെയും നോട്ടറിയുടെയും സാക്ഷ്യപ്പെടുത്തൽ, ആർഡിഒ ഓഫീസ് വഴിയുള്ള നടപടികൾ, വില്ലേജ് ഓഫീസിൽ രണ്ട് പ്രാദേശിക സാക്ഷികളെ ഹാജരാക്കൽ തുടങ്ങി അനാവശ്യമായ നിരവധി കടമ്പകളാണ് പ്രവാസികൾക്ക് മുന്നിലുള്ളത്. അൽപ്പദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് പഞ്ചായത്തും വില്ലേജും ആർഡിഒ ഓഫീസും കയറിയിറങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും കാരണമാകുന്നുതെന്ന് കെഎംസിസി വ്യക്തമാക്കി.
ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി അഞ്ച് പ്രധാന നിർദേശങ്ങളാണ് ബഹ്‌റൈൻ കെഎംസിസി സർക്കാരിന് മുന്നിൽ വെച്ചിട്ടുള്ളത്;
പ്രവാസി സമൂഹത്തെ വലയ്ക്കുന്ന ഈ വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടലാണ് കെഎംസിസിയുടെ ആവശ്യം.
Content Highlights: Bahrain KMCC has requested the government to simplify the birth certificate issuance process for children of expatriates. The organisation highlighted difficulties faced by expat families and sought easier procedures.