പ്രതിസന്ധിയിലുള്ള ചെറുകിട സംരംഭങ്ങൾക്ക് കൈത്താങ്ങ്; 'മുസാനദ' പദ്ധതിക്ക് ബഹ്‌റൈനിൽ തുടക്കം

ബിസിനസുകളുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മൂന്ന് വ്യത്യസ്ത ട്രാക്കുകളായാണ് സഹായം ലഭ്യമാക്കുന്നത്

പ്രതിസന്ധിയിലുള്ള ചെറുകിട സംരംഭങ്ങൾക്ക് കൈത്താങ്ങ്; 'മുസാനദ' പദ്ധതിക്ക് ബഹ്‌റൈനിൽ തുടക്കം
dot image

പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണയുമായി ബഹ്റൈൻ. സംഭരങ്ങൾക്ക് കൈത്താങ്ങ് നൽകുന്ന പദ്ധതിയായ ലേബർ ഫണ്ട് 'തംകീൻ' വഴിയാകും പദ്ധതി നടപ്പാക്കുക. 'മുസാനദ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തകർച്ചയിലായ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സ്ഥിരതയും പണലഭ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ബഹ്റൈൻ ചേംബർ ചെറിയ-ഇടത്തരം സംരംഭ വിഭാഗം ഡയറക്ടർ ഇ. മുറാദ്, തംകീൻ പബ്ലിക് അഫയേഴ്സ് ഡയറക്ടർ അഹമ്മദ് ജനാഹി എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക തൊഴിൽ ശക്തിയെ സംരക്ഷിക്കുന്നതിനും സ്വദേശികളായ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

ബിസിനസുകളുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മൂന്ന് വ്യത്യസ്ത ട്രാക്കുകളായാണ് സഹായം ലഭ്യമാക്കുന്നത്. ഒന്നാം ട്രാക്കിൽ അടിസ്ഥാന സൗകര്യ വികസനം, വാടക, യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വെള്ളം തുടങ്ങിയവ) പോലെയുള്ള സ്ഥാപനങ്ങളുടെ സ്ഥിരമായ ചെലവുകൾക്ക് ധനസഹായം നൽകും.

രണ്ടാം ട്രാക്കിൽ കമ്പനികളുടെ വലുപ്പത്തിനനുസരിച്ച് മൂന്ന് മാസം വരെയുള്ള പ്രവർത്തന ഗ്രാന്റുകൾ അനുവദിക്കും. എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്നതിന് സ്ഥാപനങ്ങളിലെ ബഹ്റൈൻ പൗരന്മാരായ ജീവനക്കാരെ നിലനിർത്തേണ്ടതുണ്ട്. മൂന്നാം ട്രാക്കിൽ പ്രവർത്തന മൂലധന വായ്പകൾക്ക് 100 ശതമാനം ലാഭ സബ്സിഡി അനുവദിക്കും. ഇതിനായി 12 മാസത്തെ ഗ്രേസ് പിരീഡും മൂന്ന് വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയും ലഭിക്കും.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ചില നിബന്ധനകളുണ്ട്. 2026 മാർച്ചിന് മുമ്പ് രജിസ്റ്റർ ചെയ്ത, സജീവമായ കൊമേഴ്സ്യൽ രജിസ്ട്രേഷനുള്ള സ്വകാര്യ സ്ഥാപനങ്ങളായിരിക്കണം. പ്രതികൂല സാഹചര്യങ്ങൾ കാരണം വരുമാനത്തിൽ കുറവുണ്ടായതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. സ്ഥാപനത്തിന് കൃത്യമായ പ്രവർത്തന ഓഫീസ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽ യാതൊരുവിധ നിയമലംഘനങ്ങളും നിലവിലുണ്ടാകരുത് തുടങ്ങിയവയാണ് നിബന്ധനകൾ.

യോഗ്യരായ സംരംഭകർക്ക് പദ്ധതിക്കായി അപേക്ഷിക്കാനുള്ള സമയപരിധി മൂന്ന് മാസമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ബിസിനസുകൾക്ക് ആവശ്യമായ സാമ്പത്തിക സുരക്ഷിതത്വം നൽകി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും തദ്ദേശീയ തൊഴിൽ മേഖലയെയും ശക്തിപ്പെടുത്താൻ 'മുസാനദ' പദ്ധതിയിലൂടെ സാധിക്കുമെന്ന് തംകീൻ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Content Highlights: Bahrain has introduced the Musanad scheme to provide targeted support for small and medium enterprises facing financial challenges, aiming to improve stability and long-term sustainability.

dot image
To advertise here,contact us
dot image