

ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2026–2027 പ്രവർത്തന വർഷത്തെ ഉദ്ഘാടനം ജൂൺ 16 ചൊവ്വാഴ്ച നടക്കും. വൈകിട്ട് 7.30-ന് കേരള കാത്തലിക് അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
കെസിഇസി പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ ജോൺ ഏബനൈസർ നന്ദിയും അർപ്പിക്കും.
പുതിയ പ്രവർത്തന വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തൽ, വാർഷിക പ്രമേയ അവതരണം, സംഘടനയുടെ പുതിയ ലോഗോ പ്രകാശനം എന്നിവ ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. ലോഗോ രൂപകൽപ്പന മത്സരത്തിൽ പങ്കെടുത്തവർക്കുള്ള ഉപഹാര വിതരണവും ഇതോടൊപ്പം നടക്കും.
വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ യോഗത്തിൽ വിഷയാവതരണം നടത്തും. വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, പ്രോഗ്രാം കൺവീനർ ആന്റണി റോഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. ബഹ്റൈനിലെ മുഴുവൻ വിശ്വാസി സമൂഹത്തെയും പൊതുജനങ്ങളെയും ചടങ്ങിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കെസിഇസി പിആർഒ ഡിജു ജോൺ മാവേലിക്കര അറിയിച്ചു.
Content Highlights: The Kerala-based KCECI Bahrain chapter is scheduled to inaugurate its operations on June 16. The event will be formally launched with the Indian Ambassador serving as the chief guest, highlighting strengthened community and institutional ties between India and Bahrain.