

കമന്റേറ്റര്‍മാര്‍ സാമുവേല്‍ മുത്തുസാമിയെന്ന് പറയുമ്പോള്‍ ആരാധകര്‍ സൂക്ഷിച്ചു നോക്കും; ഇത് നമ്മുടെ ആളല്ലേയെന്ന് ആത്മഗതം പറയും. അതെ, സാമുവേല്‍ മുത്തുസാമി ഇന്ത്യന്‍ വംശജനാണ്. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വരെ ഗ്രൗണ്ടിലിട്ട് വെള്ളംകുടിപ്പിച്ച ടീമിലെ പ്രധാനി. തമിഴ് വംശജനായ പിതാവിന്റെയും കോംഗോക്കാരിയായ മാതാവുമാണ് മുത്തുസാമിയുടേത്.
പാരീസിലായിരുന്നു മുത്തുസാമി ജനിച്ചത്. 29-കാരനായ താരം 2019 മുതലാണ് കോംഗോ ടീമില്‍ കളിച്ചുതുടങ്ങിയത്. ഇതുവരെ കളിച്ചത് 58 മത്സരങ്ങളാണ്. ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസിന്റെ താരം കൂടിയാണ് മുത്തുസാമി. ലിയോണിലും നാന്റസിലുമെല്ലാം മുത്തുസാമി കളിച്ചിട്ടുണ്ട്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലാണ് മുത്തുസാമി കളിക്കുന്നത്. പ്രതിരോധക്കോട്ടയൊരുക്കൊനും കളിമെനയാനുമുള്ള കരുത്താണ് മുത്തുസാമിയുടെ പ്രത്യേകത. കഴിഞ്ഞദിവസം പോര്‍ച്ചുഗലിനെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പന്ത് കിട്ടാതിരിക്കാന്‍ മുത്തുസാമി വഹിച്ച പങ്ക് ചെറുതല്ല. കളിയുടെ പൂര്‍ണസമയം ഗ്രൗണ്ടിലുണ്ടായിരുന്നു അദ്ദേഹം.
ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യന്‍ വംശജരായ ഒട്ടേറെപ്പെരാണ് ഇത്തവണ കളിക്കുന്നത്. ന്യൂസീലന്‍ഡ് ടീമിനായി സര്‍പ്രീത് സിങ്ങും കളിച്ചിരുന്നു. മലയാളി താരം തഹ്‌സീന്‍ മുഹമ്മദ് ഖത്തര്‍ ടീമിന്റെ പകരക്കാരന്റെ വേഷത്തില്‍ ടീമിലുണ്ട്. അദ്ദേഹം കളിക്കാനിറങ്ങിയാല്‍ ചരിത്രം പിറക്കും. ലോകകപ്പില്‍ കളിക്കുന്ന ആദ്യമലയാളി താരമെന്ന റെക്കോഡ് അദ്ദേഹം പേരിലാക്കും.
content highlights: Muthusamy is a Gem; Who is Samuel Moutoussamy, the Midfielder Who Ruled the Congo Team?