ജോസഫിന് ശേഷം പോലീസ് സ്റ്റോറിയുമായി വീണ്ടും പദ്മകുമാര്‍; ഉയിര്‍ ടീസര്‍ പുറത്തിറങ്ങി

ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്

ജോസഫിന് ശേഷം പോലീസ് സ്റ്റോറിയുമായി വീണ്ടും പദ്മകുമാര്‍; ഉയിര്‍ ടീസര്‍ പുറത്തിറങ്ങി
dot image

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഉയിര്‍' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വര്‍ഗ്ഗം, വാസ്തവം, ശിക്കാര്‍, ജോസഫ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ശേഷം എം പത്മകുമാര്‍ ഒരുക്കുന്ന ഈ ചിത്രം മികച്ചൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു പ്രധാന വേഷത്തില്‍ എത്തുന്നു.

കണ്ണൂര്‍ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ടീസറില്‍ ദുരൂഹമായ ഒരു മരണവും തുടര്‍ന്നുള്ള അന്വേഷണവുമാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. കിണറ്റില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണവും അത് ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകളുമായുള്ള ബന്ധവുമെല്ലാം ടീസറില്‍ ചര്‍ച്ചയാവുന്നുണ്ട്.

ടെലിവിഷന്‍ രംഗത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖില്‍ കെ മേനോനും, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇല വീഴാ പൂഞ്ചിറ എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനും യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ ഉദ്യോഗസ്ഥന്റെ അനുഭവങ്ങളും സിനിമാറ്റിക് ശൈലിയും ചേരുന്ന തിരക്കഥ ചിത്രത്തിന് കൂടുതല്‍ തനിമ നല്‍കുന്നു.

റോഷന്‍ മാത്യുവിനൊപ്പം നടന്‍ ബൈജു സന്തോഷ് ചിത്രത്തില്‍ ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാള നടീനടന്മാര്‍ക്ക് പുറമെ ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേര്‍, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂര്‍ഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ അഞ്ച് വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

പൊറിഞ്ചു മറിയം ജോസ്, ഗരുഡന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ക്യാമറ ചലിപ്പിച്ച് ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഉയിരിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മണികണ്ഠന്‍ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുമ്പോള്‍, മുതിര്‍ന്ന ചിത്രസംയോജകന്‍ രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. വരികള്‍ ഒരുക്കിയിരിക്കുന്നത് ഷിബു ചക്രവര്‍ത്തി, സന്തോഷ് വര്‍മ്മ എന്നിവരാണ്.

ഒരു മികച്ച സസ്‌പെന്‍സ് ത്രില്ലറായിരിക്കും ചിത്രമെന്ന ഉറപ്പാണ് ടീസര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. 'നീതി വ്യക്തിപരമാകുമ്പോള്‍' എന്ന ആശയത്തെ മുന്‍നിര്‍ത്തി ഒരുങ്ങുന്ന ഉയിര്‍ തിയേറ്ററുകളില്‍ വലിയൊരു ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈന്‍: സാബുറാം, പ്രൊമോ സോങ്ങ്: ചാള്‍സ് നസ്രേത്ത്, മേയ്ക്കപ്പ്: പി.വി. ശങ്കര്‍, കോസ്റ്റ്യൂം ഡിസൈന്‍: ആയിഷ ഷഫീര്‍ സെയ്ത്, സ്റ്റണ്ട്‌സ്: തവസി രാജ്, ക്രിയേറ്റീവ് ഹെഡ്: നിഖില്‍ കെ. മേനോന്‍, സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ്മ, വി.എഫ്.എക്‌സ്: ശരത് വിനു, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഒ: അപര്‍ണ ഗിരീഷ്.

Content Highlights: The teaser of the movie Uyir has been released

dot image
To advertise here,contact us
dot image