
2010 മുതലുള്ള സാന്ദ്ര തോമസിന്റെ ചാറ്റുകൾ തന്റെ പക്കൽ ഉണ്ടെന്നും വ്യാജ ആരോപണങ്ങൾ ഉയർത്തി ലൈംലൈറ്റിൽ വരാൻ ശ്രമിക്കരുതെന്നും വിജയ് ബാബു. സാന്ദ്രയുടെ അസൂയ ജനങ്ങളെ കാണിക്കരുതെന്നും തന്നെ പ്രകോപിപ്പിക്കരുതെന്നും നടൻ പറഞ്ഞു. അങ്ങനെ ഉണ്ടായാൽ തെളിവ് സഹിതം പല വിവരങ്ങളും പുറത്തുവിടുമെന്നും വിജയ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയ് ഇക്കാര്യങ്ങൾ കുറിച്ചത്.
'നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. അത്രേ എനിക്കുപറയാനുള്ളു സാന്ദ്ര. സാന്ദ്ര ഇനി ഓക്കാനിക്കുമ്പോൾ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്', വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
കൂടാതെ കോടതി വിധിക്ക് ശേഷം മുൻപ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ ചെറിയ തിരുത്ത് വരുത്തി വിജയ് ഇങ്ങനെ എഴുതി…'സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. സാന്ദ്ര തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അവൾ മത്സരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. ആരാണ് അതിനെ എതിർക്കുന്നത്. അവൾക്കും എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാവുന്നിടത്തോളം സെൻസർ വ്യക്തികൾക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവർ 2016ൽ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതിൽ കൂടുതലോ വാങ്ങിയ ശേഷം. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവർക്ക് ഒരു ബന്ധവുമില്ല, കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു..', വിജയ് ബാബു കുറിച്ചു.
'ഒന്ന് ഓർക്കണം ടെക്‌നോളജി എല്ലാവർക്കും ഉള്ളതാണ് 2010 മുതലുള്ള ചാറ്റുകൾ എന്റെ പക്കൽ ഉണ്ട്. സ്വന്തമായി കഷ്ടപ്പെട്ട് വന്നവരുടെ പേരിൽ വ്യാജ ആരോപണങ്ങൾ ഉയർത്തി ലൈംലൈറ്റിൽ വരാൻ ശ്രമിക്കരുത്. തന്റെ അസൂയ ജനങ്ങളുടെ മുൻപിൽ പ്രദർശിപ്പിക്കരുത്. എന്നെ പ്രകോപിപ്പിച്ചാൽ എന്റെ പക്കൽ ഉള്ള സകല വിവരങ്ങളും തെളിവ് സഹിതം പുറത്തു വിടും. നന്ദി സാന്ദ്ര…എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ് അവറ്റകൾ മനുഷ്യരേക്കാൾ വിശ്വസിക്കാൻ കഴിയുന്നവരാണ്', വിജയ് ബാബു കൂട്ടിച്ചേർത്തു.
അതേസമയം, ഫേസ്ബുക്കിൽ കുറിപ്പ് എഴുതി ഇട്ട ശേഷം ഒരു കുറുക്കന്റെ ചിരിക്കുന്ന ചിത്രമാണ് വിജയ് ബാബു പങ്കുവെച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. എറണാകുളം സബ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
Content Highlights: Vijay Babu Slams back Sandra thomas after the court verdict