
ഹോളിവുഡ് താരങ്ങളെയും പ്രമുഖ കായികതാരങ്ങളെയും ലക്ഷ്യമിട്ട് വീടുകളിൽ മോഷണം നടത്തിയിരുന്ന സംഘത്തിലെ നാല് കൗമാരക്കാരെ ലോസ് ഏഞ്ചൽസ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ നടൻ ബ്രാഡ് പിറ്റിന്റെ ലോസ് ഫെലിസിലുള്ള വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ സംഘം മറ്റ് നിരവധി പ്രമുഖരുടെയും വീടുകളിൽ മോഷണം നടത്തിയതായി ലോസ് ഏഞ്ചൽസ് പോലീസ് മേധാവി ജിം മക്ഡൊണെൽ അറിയിച്ചു.
അറസ്റ്റിലായവരിൽ രണ്ട് പതിനെട്ടുകാരും ഒരു പതിനേഴുകാരനും ഒരു പതിനാറുകാരനും ഉൾപ്പെടുന്നു. ഇവർ ഒരു തെരുവ് ഗുണ്ടാസംഘത്തിലെ അംഗങ്ങളാണെന്നും ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ മോഷണമുതലുകൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.
അന്വേഷണം ആരംഭിച്ചത് ജൂൺ അവസാനത്തോടെ ബ്രാഡ് പിറ്റിന്റെ വീട്ടിൽ മൂന്നംഗ മുഖംമൂടി സംഘം മോഷണം നടത്തിയതിന് ശേഷമാണ്. വേലി ചാടിക്കടന്ന് ജനൽ തകർത്താണ് സംഘം അകത്തുകയറി സാധനങ്ങൾ കവർന്നത്. മോഷണം നടക്കുമ്പോൾ തന്റെ പുതിയ സിനിമയായ 'F1' ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ബ്രാഡ് പിറ്റ് വിദേശത്തായിരുന്നു. പൊലീസ് വീടിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2023ൽ പിറ്റ് വാങ്ങിയ വീടിന്റെ വിലാസവുമായി ഇത് പൊരുത്തപ്പെടുന്നുണ്ട്.
മോഷണത്തിനിരയായവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, നിക്കോൾ കിഡ്മാൻ, കെയ്ത് അർബൻ, എൽഎ ഡോഡ്ജേഴ്സ് തുടങ്ങിയ പ്രമുഖരുടെ വീടുകളിലും ഈ വർഷം സമാനമായ മോഷണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഇത്തരം മോഷണസംഘങ്ങൾ വീടിന് സമീപം രഹസ്യമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും ഹോം സർവൈലൻസ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കാൻ വൈഫൈ ജാമറുകൾ ഉപയോഗിച്ചും അതിബുദ്ധിപരമായാണ് കുറ്റകൃത്യങ്ങൾ ചെയ്തിരുന്നത് എന്ന് പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യൽ മീഡിയകളിലും മറ്റും യാത്ര വിവരങ്ങൾ ഓൺലൈനായി പങ്കുവെക്കുന്നതും ഇവർക്ക് എളുപ്പത്തിൽ ഇരകളെ കണ്ടെത്താൻ സഹായകമാകുന്നു. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ യാത്ര വിവരങ്ങൾ പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
content highlights : Teens arrested for burglary at Brad Pitt's house and targeted other stars