ഇന്ന് പത്ത് കോടി കൊടുത്താലും കിട്ടാത്ത നടൻ, ഫഹദിന് അന്ന് നൽകിയ പ്രതിഫലം 1 ലക്ഷം; ലിസ്റ്റിൻ സ്റ്റീഫൻ

'65000 രൂപയ്ക്ക് വരെ സിനിമയിൽ അഭിനയിച്ച നടൻ, ഇന്ന് കോടികൾ കൊടുത്താലും കിട്ടാൻ ഇല്ല. അതാണ് സിനിമ എന്നു പറയുന്ന മാജിക്'

dot image

ഫഹദ് ഫാസിൽ എന്ന നടനെ അറിയാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള നടനാണ് അദ്ദേഹം. കരിയറിലെ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട്

നടത്തിയ തിരിച്ചുവരവ് ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഫഹദിന്‍റെ കരിയറില്‍ നിര്‍ണായകമായ ചിത്രമായിരുന്നു സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാ കുരിശ്.

2011ൽ റീലീസ് ചെയ്ത ചിത്രത്തില്‍ ഫഹദിന് ഒരു ലക്ഷം രൂപ ആയിരുന്നു പ്രതിഫലം ആയി നല്കിയിരുന്നതെന്ന് പറയുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇന്ന് അഞ്ചോ പത്തോ കോടി കൊടുത്താലും ഫഹദിനെ കിട്ടില്ലെന്നും സ്റ്റീഫൻ കൂട്ടിച്ചേർത്തു. ‘സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി’യുടെ കോൺവോക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ.

'ചാപ്പാ കുരിശിൽ അഭിനയിച്ചതിനു ശേഷം എനിക്കും ഫഹദിനും ഒന്നിച്ചൊരു സിനിമ ചെയ്യാൻ കഴിഞ്ഞില്ല. ഞാനിപ്പോഴും ഓർക്കുകയാണ്, 2011ൽ ആ സിനിമ ചെയ്യുമ്പോൾ ആദ്യം ശമ്പളം കൊടുത്തില്ല. സിനിമ തീർന്നതിനു ശേഷമാണ് പ്രതിഫലം കൊടുത്തത്. ലിസ്റ്റിന്‍ എന്താണെന്നു വച്ചാൽ തന്നാൽ മതിയെന്നായിരുന്നു ഫഹദ് പറഞ്ഞത്. എത്രയാണെന്നു പറഞ്ഞാൽ എനിക്കു കാര്യം ഈസിയാകുമെന്ന് ഞാനും പറഞ്ഞു. അപ്പോൾ ഫഹദ് എന്നോടു പറഞ്ഞു, ‘ടൂർണമെന്റ്’ ചെയ്തത് 65000 രൂപയ്ക്കായിരുന്നു എന്ന്. ഒരു ജൂനിയർ ആർട്ടിസ്റ്റിനേക്കാൾ കൂടുതൽ ആ സിനിമയ്ക്കായി പ്രവര്‍ത്തിച്ചത് ഫഹദ് ആയിരുന്നു. ഫുൾ എനർജിയിൽ സിനിമയുടെ ഡയറക്ടർ ആയി, എഴുത്തുകാരനായി, നടനായി അങ്ങനെ എല്ലാ രീതിയിലും ഫഹദ് ആ സിനിമയിലുണ്ടായിരുന്നു.

അന്ന് ഞാൻ ഫഹദ് ഫാസിലിന് ശമ്പളം കൊടുത്തത് 1 ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തി നിൽക്കുന്നു. ഇന്ന് ഫഹദിനെ അഞ്ചോ പത്തോ കോടി രൂപ കൊടുത്താൽ കിട്ടില്ല. അതാണ് സിനിമ എന്നു പറയുന്ന മാജിക്. കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ വന്ന്, ഒരു ഗ്യാപ് എടുത്ത്, ടൂർണമെന്റ് ചെയ്ത്, കേരള കഫെയും ചെയ്താണ് ചാപ്പാ കുരിശിൽ എത്തുന്നത്. കഴിഞ്ഞ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോഴും തന്റെ മികച്ച സിനിമകളിലൊന്നായി ഫഹദ് ചാപ്പാ കുരിശാണ് പറഞ്ഞത്. അത് ഞാൻ സ്ക്രീൻഷോട്ട് എടുത്തു വച്ചിട്ടുണ്ട്. ആ ഫഹദ് പാൻ ഇന്ത്യൻ ലെവലിലാണ് നിൽക്കുന്നത്. എല്ലാ ഭാഷയിലും വേണ്ട ആർട്ടിസ്റ്റായി അദ്ദേഹം മാറി.

ഫാസിൽ എന്ന വലിയ സംവിധായകന്റെ മകനായി സിനിമയിലെത്തിയ സമയത്ത് ഉദ്ദേശിച്ച റിസൾട്ട് കിട്ടിയില്ല. അങ്ങനെ വന്നപ്പോൾ സ്കൂളിലൊക്കെ ലീവ് എടുക്കുന്ന പോലെ ചെറിയൊരു ലീവ് എടുത്ത് തിരിച്ചു വന്നപ്പോൾ ഫഹദിനെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയായി. അതാണ് ആത്മസമർപ്പണം, അഭിനയത്തോടുള്ള സമർപ്പണം! അതെല്ലാം സിനിമയിലേക്ക് കടന്നു വരുന്ന ആളുകൾ കണ്ടു പഠിക്കേണ്ട കാര്യമാണ്,' ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Content Highlights: Listin Stephen reveals Fahadh's remuneration for the movie Chappa Kurish

dot image
To advertise here,contact us
dot image