

എഐ തരംഗം പല മേഖലകളെയും അടിമുടി മാറ്റിമറിക്കുകയാണ്. ഇപ്പോഴിതാ വിവാഹത്തിൽ വരെ എഐ യുടെ പങ്ക് വളരെ പ്രകടമായി തന്നെ കാണുകയാണ്. ദക്ഷിണ കൊറിയയിൽ ഒരുകാലത്ത് ഡോക്ടറും അഭിഭാഷകരുമായിരുന്നു ഏറ്റവും ആകർഷകമായ പ്രൊഫഷനുകൾ. എന്നാൽ എഐയുടെ കടന്നുവരവ് ഈ ചിന്താഗതികളെ മാറ്റി. ഇപ്പോൾ Samsung Electronics, SK Hynix പോലുള്ള സെമികണ്ടക്ടർ കമ്പനികളിലെ ജീവനക്കാരെയും എഐ മേഖലയിലെ ജോലിക്കാരെയും വിവാഹ പങ്കാളികളായി കൂടുതൽ പേർ പരിഗണിക്കുന്നതായി കൊറിയൻ മാച്ച്‌മേക്കിംഗ് സ്ഥാപനമായ Gayeon പറയുന്നു.
ഇതിന് പിന്നിൽ പ്രധാന കാരണം ചിപ്പുകളുടെ കുതിച്ചുയരുന്ന ആവശ്യവും അതിലൂടെ സെമികണ്ടക്ടർ മേഖലയിലുണ്ടായ സമ്പത്ത് വർധനയുമാണ്. 2026ൽ സാംസങ് ഇലക്ട്രോണിക്സ് ഓഹരി ഏകദേശം 95% ഉയർന്നപ്പോൾ SK Hynix ഓഹരി ഏകദേശം 135% നേട്ടം രേഖപ്പെടുത്തി. കമ്പനികളിലെ വലിയ ബോണസുകളും ടെക് ജീവനക്കാരുടെ ആകർഷണം വർധിപ്പിക്കുന്നു.
SK Hynix ( ഡൈനാമിക് റാൻഡം-ആക്‌സസ് മെമ്മറി ചിപ്പുകളും ഫ്ലാഷ് മെമ്മറി ചിപ്പുകളും നിർമ്മിക്കുന്ന ഒരു ദക്ഷിണ കൊറിയൻ സെമികണ്ടക്ടർ കമ്പനി) ജീവനക്കാരുമായി ഓപ്പറേറ്റിങ് ലാഭത്തിന്റെ 10% പങ്കിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ഒരാൾക്ക് ഏകദേശം 700 മില്യൺ കൊറിയൻ വോൺ വരെ ലഭിക്കാവുന്ന തരത്തിലുള്ള ബോണസാണ് രാജ്യത്തെ ശരാശരി വാർഷിക ശമ്പളത്തിന്റെ 15 മടങ്ങിലേറെ.
വിവാഹത്തെയും സാമ്പത്തിക സുരക്ഷയെയും കൂടുതൽ അടുത്ത് കാണുന്ന പ്രവണതയും ഈ മാറ്റത്തിന് പിന്നിലുണ്ട്.
വീടുവാങ്ങാനും സമ്പത്ത് കെട്ടിപ്പടുക്കാനും രണ്ട് പേരുടെയും വരുമാനം ഒന്നിപ്പിക്കുന്നത് പ്രധാനമാണെന്ന ചിന്ത കൊറിയൻ യുവാക്കൾക്കിടയിൽ ശക്തമാകുകയാണ്. അതോടെ ഉയർന്ന വരുമാനവും ഭാവിയിലെ തൊഴിൽസാധ്യതയും നൽകുന്ന സെമികണ്ടക്ടർ ജോലികൾക്ക് വിവാഹവിപണിയിലും കൂടുതൽ മൂല്യം ലഭിക്കുന്നു. ഈ മാറ്റം പോപ് കൾച്ചറിലേക്കും കടന്നിട്ടുണ്ട്. Samsung, SK Hynix ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിയ ഒരു യുട്യൂബ് ഡേറ്റിങ് ഷോയ്ക്ക് ഓഗസ്റ്റിൽ സംപ്രേഷണം ചെയ്തതിന് ശേഷം ഏകദേശം 6.5 ലക്ഷം കാഴ്ചകൾ ലഭിച്ചു. ഓഹരി വിപണിയെയും SK Hynix ഓഹരികളെയും പ്രമേയമാക്കിയ പരിപാടികളും ശ്രദ്ധ നേടി.
വിദ്യാഭ്യാസ രംഗത്തും എഐ സെമികണ്ടക്ടർ തരംഗത്തിന്റെ സ്വാധീനം കാണാം. സിയോൾ നാഷണൽ യൂണിവേഴ്സിറ്റി യിൽ ഈ വർഷം എൻജിനീയറിങ് വിദ്യാർഥികളിൽ ഏകദേശം 10ൽ 9 പേരും എലെക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് തെരഞ്ഞെടുത്തു. 2023ൽ ഇത് ഏകദേശം 10ൽ 2 മാത്രമായിരുന്നു. Samsung, SK Hynix എന്നിവ എഐ രീതികൾക്ക് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന ഹൈ ബ്രാൻഡ് വിത്ത് മെമ്മറി (HBM) ചിപ്പുകളുടെ ആവശ്യകത വർധിച്ചതിന്റെ പ്രധാന ഗുണഭോക്താക്കളാണ്.
സെമികണ്ടക്ടർ അടിസ്ഥാനസൗകര്യങ്ങളിലും ഭാവിയിലെ സാങ്കേതികവിദ്യകളിലും ദക്ഷിണ കൊറിയൻ സർക്കാരും നിക്ഷേപം വർധിപ്പിക്കുന്നുണ്ട്. അങ്ങനെ AI ബൂം വെറും ടെക് കമ്പനികളുടെ ലാഭം മാത്രമല്ല മാറ്റുന്നത് ഏത് ജോലി കൂടുതൽ വിലമതിക്കപ്പെടുന്നു, ഏത് കരിയർ ഭാവിക്ക് സുരക്ഷിതമാണ്, വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ എന്താണ് പ്രധാനമാകുന്നത് എന്നതുവരെ സ്വാധീനിക്കുന്ന സാമൂഹിക മാറ്റമായി മാറുകയാണ് ദക്ഷിണ കൊറിയയിൽ
.
Content Highlights: How AI Wealth Is Shifting Korea’s Dating Preferences From Doctors To Chipmakers