അഹന്തയുടെ നിഴലിൽ വളരുന്ന കുട്ടികൾ: അറിയാം കുട്ടികളുടെ ഭാവിയെ തകർക്കുന്ന നാർസിസിസ്റ്റിക് പാരന്റിങ്

ബാല്യകാലത്തെ ഒരു അതിജീവന തന്ത്രമായി തുടങ്ങുന്ന കാര്യങ്ങൾ മുതിരുമ്പോൾ സ്വയം നശിപ്പിക്കുന്ന ശീലങ്ങളായി മാറുന്നു

അഹന്തയുടെ നിഴലിൽ വളരുന്ന കുട്ടികൾ: അറിയാം കുട്ടികളുടെ ഭാവിയെ തകർക്കുന്ന നാർസിസിസ്റ്റിക് പാരന്റിങ്
dot image

"എന്റെ കുട്ടി ആരായിരിക്കുന്നോ, ആ വ്യക്തിത്വത്തിൽ ഞാൻ പൂർണ്ണമായും അഭിമാനിക്കുന്നു..." ആരോഗ്യകരമായ മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഏറ്റവും മനോഹരമായ അടിസ്ഥാനം ഈയൊരു വാചകത്തിലാണ് കുടികൊള്ളുന്നത്. എന്നാൽ, വർഷങ്ങളായി കുട്ടികൾക്കും കൗമാരക്കാർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന എന്റെ മുന്നിലെത്തുന്ന പല കേസുകളിലും ഞാൻ കേൾക്കുന്ന യാഥാർത്ഥ്യം ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

നാർസിസിസ്റ്റിക് പാരന്റിങ് (Narcissistic Parenting) ഇതിൽ നിന്നും തികച്ചും വ്യത്യസ്തവും അപകടകരവുമായ മറ്റൊരു അലിഖിത നിയമത്തിലാണ് പ്രവർത്തിക്കുന്നത്: "എന്റെ കുട്ടി സമൂഹത്തിന് മുന്നിൽ എന്നെ വലിയവനാക്കണം, എന്റെ തീരുമാനങ്ങളെ എപ്പോഴും ശരിവെക്കണം, എന്റെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റണം." എന്നിങ്ങനെ "ഞാൻ - ഞാൻ - എൻറെ " എന്ന വാക്ക് ഇവിടെ എപ്പോഴും ഉയർന്നുകേൾക്കുന്നു. സ്വന്തം ഈഗോയെയും (Ego) കുട്ടിയുടെ വ്യക്തിത്വത്തെയും വേർതിരിച്ചുകാണാൻ ഒരു രക്ഷിതാവിന് കഴിയാതെ വരുമ്പോൾ, ആ കുട്ടി പിന്നീട് ഒരു സ്വതന്ത്ര വ്യക്തിയല്ലാതാകുന്നു. പകരം, രക്ഷിതാവിന് സമൂഹത്തിന് മുന്നിൽ കാണിക്കാനുള്ള ഒരു പ്രതിരൂപമായി (Extension of the parent) അവർ മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ പഠിക്കുന്ന ഒരു ഭയാനകമായ പാഠമുണ്ട്: "ഇവിടെ സ്നേഹം എന്നത് വെറുതെ കിട്ടുന്ന ഒന്നല്ല; അതൊരു കച്ചവടമാണ്." നാർസിസിസ്റ്റിക് പാരന്റിങ്ങിന്റെ (Narcissistic Parenting) മനശാസ്ത്രപരമായ വശങ്ങളും, അത് ഒരു കുട്ടിയുടെ വ്യക്തിത്വത്തെയും ഭാവിയെയും എങ്ങനെ തകർക്കുന്നുവെന്നും, മുതിർന്നതിനു ശേഷമെങ്കിലും ഈ വിഷമവൃത്തത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നും നമുക്ക് പരിശോധിക്കാം.

സ്നേഹം ഒരു വിലപേശലാകുമ്പോൾ: കുട്ടികളിൽ അവർ ആഗ്രഹിക്കുന്നതെന്ത്? ഒരു നാർസിസിസ്റ്റിക് രക്ഷിതാവ് യഥാർത്ഥത്തിൽ തങ്ങളുടെ കുട്ടികളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത്? ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു 'പെർഫോമൻസ്'. കുട്ടിയുടെ ചിന്തകളെയും വികാരങ്ങളെയും ഇവർ പൂർണ്ണമായി നിയന്ത്രിക്കുന്നു എന്നുള്ളതാണ്. എന്റെ കൗൺസിലിംഗ് മുറിയിലെത്തിയ പത്താം ക്ലാസുകാരനായ ഒരു കുട്ടിയുടെ അനുഭവം പറയാം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ ആ കുട്ടിക്ക് ഒരു വിഷയത്തിന് മാത്രം ചെറിയ മാർക്ക് കുറഞ്ഞു. അത് കേട്ടയുടനെ അമ്മയുടെ പ്രതികരണം ഇതായിരുന്നു: "നിനക്ക് വേണ്ടി എന്റെ ജീവിതം മുഴുവൻ ഞാൻ ഹോമിച്ചിട്ട് നീ എന്റെ മുഖത്ത് കരിവാരിതേച്ചില്ലേ? ഇനി ഞാൻ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും?" ഇവിടെ സ്നേഹം നിബന്ധനകൾക്ക് വിധേയമാണ് (Conditional Love). കുട്ടിക്ക് മികച്ച മാർക്ക് കിട്ടുമ്പോഴോ, എന്തിനും തലയാട്ടുമ്പോഴോ മാത്രം സ്നേഹം നൽകുക. കുട്ടി സ്വന്തമായി ഒരു അഭിപ്രായം പറയുകയോ പരാജയപ്പെടുകയോ ചെയ്താൽ ഈ സ്നേഹം ഉടനടി പിൻവലിക്കപ്പെടും. കുട്ടി സങ്കടം പറഞ്ഞാൽ ഉടനെ, "നിനക്ക് വല്ലാത്ത സെൻസിറ്റിവിറ്റിയാണ്" എന്ന് പറഞ്ഞ് ആ വികാരങ്ങളെ റദ്ദാക്കുകയും (Emotional Invalidation), "നീ കാരണം ഞാൻ നാണം കെട്ടു, നീകാരണമാണ് ഞാൻ കഷ്ടപ്പെടുന്നത്" എന്ന സ്ഥിരം പല്ലവിയിലൂടെ കുട്ടിയിൽ എപ്പോഴും ഒരുതരം കുറ്റബോധം (Guilt) സൃഷ്ടിക്കുകയും ചെയ്യും.

"അവരത്ര മോശക്കാരാണോ?" അഹങ്കാരവും മാനസിക പ്രശ്നവും തമ്മിലെ വ്യത്യാസം

അല്പം സ്വാർത്ഥത കാണിക്കുന്നവരെയോ മുൻകോപികളെയോ ഒക്കെ 'നാർസിസിസ്റ്റ്' എന്ന് എളുപ്പത്തിൽ മുദ്രകുത്തുന്ന പ്രവണത ഇന്നുണ്ട്. എന്നാൽ അല്പം അഹങ്കാരം കാണിക്കുന്നതെല്ലാം 'നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ' (NPD) എന്ന മാനസിക വൈകല്യമാകണമെന്നില്ല.

Also Read:

താൻ വലിയവനാണെന്ന അമിതമായ ചിന്ത, മറ്റുള്ളവരിൽ നിന്നുള്ള പ്രശംസ ലഭിക്കണമെന്ന വാശി, സഹാനുഭൂതിയുടെ (Empathy) പൂർണ്ണമായ അഭാവം എന്നിവയാണ് യഥാർത്ഥ നാർസിസിസത്തിന്റെ ലക്ഷണങ്ങൾ. ഒരു രക്ഷിതാവിന് ഈ ഡിസോർഡർ ഉണ്ടെങ്കിലും ഇല്ലെങ്കിലും, അവർ കുട്ടികളിൽ ഏൽപ്പിക്കുന്ന വൈകാരിക ചൂഷണമാണ് (Emotional abuse) ഇവിടെ പ്രശ്നമാകുന്നത്.

സുവർണ്ണ കുട്ടിയും ബലിയാടും: കുടുംബത്തിലെ അലിഖിത നിയമങ്ങൾ

കുടുംബത്തിൽ കുട്ടികൾക്ക് ചില റോളുകൾ നൽകി അവരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ഇവരുടെ രീതിയാണ്. എന്റെ അടുത്ത് വന്ന ഒരു കുടുംബത്തിന്റെ ഉദാഹരണമെടുക്കാം. നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന ഇളയ കുട്ടിയെ 'ശരിയാക്കാൻ' വന്നതായിരുന്നു അവർ. കൂടെ വളരെ അനുസരണയുള്ള, പഠിക്കാൻ മിടുക്കനായ മൂത്ത കുട്ടിയുമുണ്ട്. എന്നാൽ വ്യക്തിപരമായ സെഷനുകളിൽ ഞാൻ കണ്ടത് മറ്റൊന്നാണ്. കുടുംബത്തിലെ പ്രശ്നങ്ങൾക്ക് മുഴുവൻ പഴി കേൾക്കുന്ന 'ബലിയാട്' (The Scapegoat) മാത്രമായിരുന്നു ആ ഇളയ കുട്ടി. ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ അനുഭവിക്കുന്നത് അവനായിരിക്കും. എന്നാൽ മൂത്ത കുട്ടിയാകട്ടെ, അവരുടെ ഈഗോയുടെ ഏറ്റവും മികച്ച ഉൽപ്പന്നമായി അവതരിപ്പിക്കപ്പെടുന്ന 'സുവർണ്ണ കുട്ടി' (The Golden Child) ആയിരുന്നു. അവന് എല്ലാ സ്വാതന്ത്ര്യവും കിട്ടുമെങ്കിലും, എപ്പോഴും 'പെർഫെക്റ്റ്' ആയിരിക്കണം എന്ന സമ്മർദ്ദം കാരണം കടുത്ത ഉത്കണ്ഠയും (Anxiety) പാനിക് അറ്റാക്കും അവൻ അനുഭവിക്കുന്നുണ്ടായിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇതിനെല്ലാം മൗനാനുവാദം നൽകുന്ന മറ്റൊരു രക്ഷിതാവ് (The Enabler Parent) കൂടിയാകുമ്പോൾ ആ കുടുംബം കുട്ടികൾക്ക് ഒരുതരം തടവറയായി മാറുന്നു.

ഉയർന്ന റാങ്കുകാർക്കെല്ലാം സന്തോഷമുണ്ടോ? ഉള്ളിലെ ആ വലിയ പൊള്ളൽ

നാർസിസിസ്റ്റിക് പാരന്റിങ്ങിന്റെ ഏറ്റവും വലിയ സങ്കീർണ്ണത, അത് പുറമെ നോക്കുമ്പോൾ വളരെ വിജയകരമായ ജീവിതം നയിക്കുന്ന കുട്ടികളെ സൃഷ്ടിച്ചേക്കാം എന്നതാണ്. താൻ എന്ത് നേടുന്നു എന്നതിനെ ആശ്രയിച്ചാണ് തനിക്ക് സ്നേഹം ലഭിക്കുന്നത് എന്ന് പഠിച്ചതുകൊണ്ട്, ഈ കുട്ടികൾ പഠനത്തിലും കരിയറിലും വലിയ ലക്ഷ്യങ്ങളുള്ളവരുമാകും. എന്നാൽ ഈ ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികൾക്ക് ഒരിക്കലും ആ നേട്ടങ്ങൾ ആസ്വദിക്കാൻ കഴിയില്ല എന്നതാണ് ഒരു കൗൺസലർ എന്ന നിലയിൽ ഞാൻ കാണുന്ന ഏറ്റവും സങ്കടകരമായ കാര്യം. പരാജയപ്പെടുമോ എന്ന നിരന്തരമായ ഭയം, തനിക്ക് ഇതിനുള്ള കഴിവില്ലെന്ന തോന്നൽ (Imposter syndrome) എന്നിവ ഇവരെ എപ്പോഴും വേട്ടയാടും. ഒരു നിമിഷം പോലും ഇവർക്ക് റിലാക്സ് ചെയ്യാൻ കഴിയില്ല, കാരണം "പെർഫോമൻസ് കുറഞ്ഞാൽ എന്റെ വില പോകും" എന്ന് അവരുടെ മനസ്സ് ആഴത്തിൽ വിശ്വസിച്ചുപോയിട്ടുണ്ട്. പുറമെ കാണുന്ന വലിയ വിജയങ്ങളൊന്നും ഉള്ളിലെ മാനസികാരോഗ്യത്തിന്റെ ലക്ഷണമാകണമെന്നില്ല എന്നർത്ഥം.


കർശനക്കാരായ മാതാപിതാക്കൾ എല്ലാവരും നാർസിസിസ്റ്റുകളാണോ?

പാരന്റിങ്ങിനെക്കുറിച്ച് പറയുമ്പോൾ നമ്മൾ തീർച്ചയായും നമ്മുടെ സാംസ്കാരിക പശ്ചാത്തലം മനസ്സിലാക്കണം. കർശനമായ നിയമങ്ങൾ, വിദ്യാഭ്യാസത്തിലെ ഉയർന്ന പ്രതീക്ഷകൾ എന്നിവ നമ്മുടെ സമൂഹത്തിൽ സാധാരണമാണ്. കർശനക്കാരായ രക്ഷിതാക്കൾ (Strict parenting) എല്ലാവരും നാർസിസിസ്റ്റുകളല്ല. ഇതിലെ വ്യത്യാസം വളരെ ലളിതമാണ്. ഒരു രക്ഷിതാവ് കർശനമായി പെരുമാറുന്നത് അത് കുട്ടിയുടെ ഭാവിക്കും സുരക്ഷയ്ക്കും അനിവാര്യമാണെന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുന്നതുകൊണ്ടാണ്. എന്നാൽ നാർസിസിസ്റ്റിക് രക്ഷിതാവ് നിയമങ്ങൾ വെക്കുന്നത് കുട്ടിയുടെ വിധേയത്വം അവരുടെ ഈഗോയെ തൃപ്തിപ്പെടുത്തുന്നത് കൊണ്ടാണ്.
കുട്ടി വളരെ മാന്യമായി ഒരു കാര്യത്തോട് "നോ" പറഞ്ഞാൽ, കർശനക്കാരനായ രക്ഷിതാവ് ഒരുപക്ഷെ അതിനോട് വിയോജിക്കുകയോ വഴക്കുപറയുകയോ ചെയ്തേക്കാം, എന്നാൽ അവർ കുട്ടിയോടുള്ള സ്നേഹം പിൻവലിക്കില്ല. എന്നാൽ ഒരു നാർസിസിസ്റ്റിക് രക്ഷിതാവ് കുട്ടിയുടെ "നോ" എന്ന വാക്കിനെ തന്നോടുള്ള വഞ്ചനയായി കണ്ട് വൈകാരികമായി അവരെ ഉപേക്ഷിക്കുകയോ കടുത്ത കോപം പ്രകടിപ്പിക്കുകയോ ചെയ്യും.

ബാല്യത്തിലെ മുറിവുകൾ യൗവനത്തെ വേട്ടയാടുമ്പോൾ

ബാല്യകാലത്തെ ഒരു അതിജീവന തന്ത്രമായി തുടങ്ങുന്ന കാര്യങ്ങൾ മുതിരുമ്പോൾ സ്വയം നശിപ്പിക്കുന്ന ശീലങ്ങളായി മാറുന്നു:
• ബാല്യകാലം: കടുത്ത ഉത്കണ്ഠ, തെറ്റുകൾ വരുത്തുമോ എന്ന ഭയം, എപ്പോഴും രക്ഷിതാക്കളുടെ മുഖഭാവം നോക്കി ജീവിക്കുന്ന അവസ്ഥ, സ്വന്തം വികാരങ്ങളെ ഉള്ളിലൊതുക്കൽ.
• കൗമാരം: അമിതമായ വഴക്കാളിത്തം അല്ലെങ്കിൽ അമിതമായ വിധേയത്വം, താൻ ആരാണെന്ന ആശയക്കുഴപ്പം, സമപ്രായക്കാരുമായി കൂട്ടുകൂടാനുള്ള ബുദ്ധിമുട്ട്.
• മുതിർന്ന കാലം: എല്ലാവരെയും എപ്പോഴും പ്രീതിപ്പെടുത്താൻ ശ്രമിക്കുക (People-pleasing), മറ്റുള്ളവരോട് ഒരു 'നോ' പറയാൻ കഴിയാത്ത അവസ്ഥ (Boundary issues), സ്വന്തം തീരുമാനങ്ങളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ. പലപ്പോഴും ടോക്സിക് ആയ പ്രണയബന്ധങ്ങളിൽ ചെന്ന് ചാടുന്നതും ഇവർ തന്നെയായിരിക്കും.

Also Read:

ഈ ചങ്ങല പൊട്ടിച്ചെറിയാം: ഇനി സ്വയം സ്നേഹിച്ചു തുടങ്ങാം

ഒരു നാർസിസിസ്റ്റിന്റെ കുട്ടി നാളെ മറ്റൊരു നാർസിസിസ്റ്റിക് രക്ഷിതാവായി മാറുമോ? ഒരിക്കലുമില്ല. മുതിർന്ന കുട്ടികൾക്ക് ഈ ചങ്ങല പൊട്ടിച്ചെറിയാൻ തീർച്ചയായും കഴിയും. അതിനുള്ള ചില വഴികൾ ഇതാ:

  1. യാഥാർത്ഥ്യത്തെ അംഗീകരിക്കുക: നിങ്ങളുടെ രക്ഷിതാക്കൾ ഇനി മാറാൻ പോകുന്നില്ല എന്ന സത്യം അംഗീകരിക്കുക. നിങ്ങൾക്ക് കിട്ടാതെ പോയ നിരുപാധികമായ സ്നേഹത്തിന് കാരണം ഒരിക്കലും നിങ്ങളല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം.
  2. അതിരുകൾ നിശ്ചയിക്കുക (Boundaries): അനാവശ്യമായ വാഗ്വാദങ്ങളിൽ നിന്ന് മാറിനിൽക്കുക. വൈകാരികമായി പ്രതികരിക്കാതെ നിർവികാരമായി കേട്ട് നിൽക്കുന്ന "ഗ്രേ റോക്ക്" (Grey Rock method) രീതി ശീലിക്കുക.
  3. സ്വയം ഒരു രക്ഷിതാവാകുക (Reparenting Yourself): നിങ്ങൾക്ക് നിഷേധിക്കപ്പെട്ട സ്നേഹവും കരുണയും നിങ്ങൾ തന്നെ നിങ്ങൾക്ക് നൽകുക. തെറ്റുകൾ വരുത്തിയാൽ സ്വയം ശിക്ഷിക്കാതിരിക്കാൻ ശീലിക്കുക, അവർ അടിച്ചേൽപ്പിച്ചതിനപ്പുറം നിങ്ങളുടെ യഥാർത്ഥ താല്പര്യങ്ങൾ കണ്ടെത്തുക.
    നിങ്ങളുടെ ജീവിതത്തിൽ ഇത്തരം അനുഭവങ്ങളിലൂടെയാണ് നിങ്ങൾ കടന്നുപോയതെങ്കിൽ, ഓർക്കുക; നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല. സ്നേഹത്തെ ഒരു ആയുധമായി ഉപയോഗിച്ച ഒരു ചുറ്റുപാടിനോട് നിങ്ങൾ വെറുതെ പ്രതികരിക്കുക മാത്രമായിരുന്നു. നിങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കാനും, ആരോഗ്യകരമായ അതിരുകൾ തീർക്കാനും ഒരു പ്രൊഫഷണൽ കൗൺസിലറുടെ സഹായം തേടുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരിക്കും. കാരണം, നിങ്ങൾ എല്ലാ അർത്ഥത്തിലും പൂർണ്ണരാണ്; മറ്റൊരാളുടെ അംഗീകാരമില്ലാതെ തന്നെ.

Content Highlights: Narcissistic parenting can influence children's emotional development, self-esteem and relationships. Understanding unhealthy parenting patterns can help parents create a more supportive and positive environment for children.

dot image
To advertise here,contact us
dot image