മൃഗസംരക്ഷണ, കാർഷിക സേവനങ്ങളും ഔൻ ആപ്പിലേക്ക്; ഖത്തറിൽ പുതിയ 38 സേവനങ്ങൾ കൂടി ഇനി ഓൺലൈനാകും

വളർത്തുമൃഗങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയും കയറ്റുമതിയും ഇനി ഔൻ ആപ്പ് വഴി എളുപ്പത്തിൽ കൈകാര്യം ചെയ്യാം

മൃഗസംരക്ഷണ, കാർഷിക സേവനങ്ങളും ഔൻ ആപ്പിലേക്ക്; ഖത്തറിൽ പുതിയ 38 സേവനങ്ങൾ കൂടി ഇനി ഓൺലൈനാകും
dot image

പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക സ്മാർട്ട്ഫോൺ ആപ്ലിക്കേഷനായ 'ഔനിൽ' (OUN) 38 പുതിയ സേവനങ്ങൾ കൂടി ആരംഭിച്ച് ഖത്തർ നഗരസഭ മന്ത്രാലയം. ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇറക്കുമതി പെർമിറ്റുകൾ, മൃഗസംരക്ഷണ-വെറ്ററിനറി ക്വാറന്റൈൻ സർട്ടിഫിക്കറ്റുകൾ, കമ്പനി രജിസ്‌ട്രേഷൻ, കാർഷിക സേവനങ്ങൾ തുടങ്ങിയ സേവനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. പൊതുജനങ്ങൾക്ക് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവത്ക്കരിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

മൃഗങ്ങൾ, വളർത്തുമൃഗങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയും കയറ്റുമതിയും ഇനി ഔൻ ആപ്പ് വഴി എളുപ്പത്തിൽ കൈകാര്യം ചെയ്യാം. പൂച്ചകൾ, നായകൾ, കുതിരകൾ, മത്സര ഒട്ടകങ്ങൾ, അലങ്കാര മത്സ്യങ്ങൾ, വന്യമൃഗങ്ങൾ എന്നിവയുടെ ഇറക്കുമതി പെർമിറ്റുകളും മൃഗങ്ങൾക്കായുള്ള തീറ്റ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള ലൈസൻസുകളും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ മൃഗ ഉത്പ്പന്നങ്ങൾ, പക്ഷിമൃഗാദികൾ, ഫാൽക്കൺ പക്ഷികൾ, മത്സര ഒട്ടകങ്ങൾ എന്നിവ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള വെറ്ററിനറി ഹെൽത്ത് സർട്ടിഫിക്കറ്റുകളും ആപ്പിലൂടെ ലഭ്യമാകും.

വളർത്തുമൃഗങ്ങളെ തിരികെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള റീ-എൻട്രി പെർമിറ്റ്, വെറ്ററിനറി മരുന്നുകൾ, പരിശോധന ഉപകരണങ്ങൾ എന്നിവയുടെ ലൈസൻസ്, ക്വാറന്റൈൻ സർട്ടിഫിക്കറ്റുകളുടെ പുതുക്കലും റദ്ദാക്കലും തുടങ്ങി അതിർത്തി ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകൾ വരെയുള്ള സേവനങ്ങളും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും പുനർകയറ്റുമതിയും അതിനായുള്ള പരിശോധനാ അപേക്ഷകളും കമ്പനികളുടെ രജിസ്ട്രേഷനും ഇനി മുതൽ ആപ്പ് വഴി പൂർത്തിയാക്കാം.

ഈ സേവനങ്ങളെല്ലാം ഇപ്പോൾ ഔൻ ആപ്പിൽ ലഭ്യമാണ്. സേവനങ്ങൾ ഉപയോഗിക്കുന്നതിനായി രക്ഷിതാക്കളും ഉപഭോക്താക്കളും ആപ്പ് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ഖത്തർ ഐഡി നമ്പറും മൊബൈൽ നമ്പറും നൽകി ലോഗിൻ ചെയ്യണം. ഫോണിലേക്ക് ലഭിക്കുന്ന വൺ ടൈം പാസ്‌വേഡ് ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം ആവശ്യമായ സേവനം തിരഞ്ഞെടുക്കാം. രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ നിലവിലെ വിവരങ്ങൾ ആപ്പിലൂടെ തന്നെ തത്സമയം അറിയാനും സാധിക്കും.

Content Highlights: Qatar has expanded its Aoun app by adding 38 new online services, including services related to agriculture and animal husbandry. The move is aimed at making government services more accessible and convenient through digital platforms.

dot image
To advertise here,contact us
dot image