

പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1996 മുതല്‍ 2016 വരെ രണ്ടുപതിറ്റാണ്ട് കാലം ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 1979 മുതല്‍ 1996 വരെ ദീര്‍ഘകാലം ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ചെയര്‍മാനായി സേവനമനുഷ്ഠിട്ടുണ്ട്. 1978 മുതല്‍ തത്തമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും, ചിറ്റൂര്‍ പ്രൈമറി കോപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ്, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഇത്രയും സ്വാധീനമുണ്ടാക്കിയ നേതാക്കള്‍ വിരലില്‍ എണ്ണാവുന്നതേയുള്ളൂവെന്നും കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹമെന്നും ഷാഫി പറമ്പില്‍ എംപി അനുസ്മരിച്ചു. ആര്‍ക്കും അദ്ദേഹത്തെ ബന്ധപ്പെടാം. ചിറ്റൂരിനപ്പുറം ഒരു ലോകവും ആകര്‍ഷിച്ചിട്ടില്ലാത്തയാളാണ് അച്ചുവേട്ടന്‍. ചിറ്റൂരിനേക്കാള്‍ വലുതല്ല മന്ത്രിസ്ഥാനം എന്നുവെച്ച് അത് വേണ്ടെന്ന് പറഞ്ഞ നേതാവാണ് അദ്ദേഹമെന്നും ഷാഫി പറമ്പില്‍ അനുസ്മരിച്ചു.
തനിക്ക് ഏറെ അടുപ്പവും ബന്ധവുമുള്ള നേതാവ് അദ്ദേഹമെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അമിതമായി ആഗ്രഹിക്കാത്ത നേതാവ് ആണെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് അച്യുതന്റെ പേര് ഉയര്‍ന്നുകേട്ടപ്പോള്‍ മന്ത്രിസഭയില്‍ അദ്ദേഹം വരേണ്ടെന്ന് ആഗ്രഹിച്ച ഒരേ ഒരാള്‍ അദ്ദേഹം മാത്രമാണെന്നും ആയിരുന്നുവെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു. പത്ത് വര്‍ഷം തനിക്കൊപ്പം അദ്ദേഹം നിയമസഭയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് പി സി വിഷ്ണുനാഥ് മറ്റൊരു അനുഭവം ഓര്‍ത്തെടുത്തു.
ഒരു ഘട്ടത്തില്‍ അച്യുതന്‍ എംഎല്‍എ സ്ഥാനത്ത് നിന്നും രാജി വെച്ചപ്പോള്‍ ആളുകള്‍ വീട് വളഞ്ഞ് ജീവനാടുക്കാന്‍ ശ്രമിച്ചെന്നും ഒടുക്കം സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങി തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
Content Highlights: Congress leader and former Chittur MLA K Achuthan has died at the age of 76