

ലോകത്തെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്ക് ഉള്ള രണ്ടാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും എന്നാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞത്. യുഎസിനെയാണ് ഇന്ത്യ ഇക്കാര്യത്തിൽ മറികടക്കുക.
ഇൻഡോർ മെട്രോയുടെ വിപുലീകരിച്ച പാതയുടെ ഉദ്‌ഘാടനം നിർവഹിക്കവെയായിരുന്നു മന്ത്രി ഇത്തരത്തിൽ അറിയിച്ചത്. ഇന്ത്യയുടെ മെട്രോ ശൃംഖല അതിവേഗമാണ് വികസിച്ചത്. 26 നഗരങ്ങളിലായി 1,170 കിലോമീറ്ററിലെത്തി നിൽക്കുകയാണത്. യുഎസിന്റെ മൊത്തം മെട്രോ ശൃംഖല 1,386 കിലോമീറ്ററാണ്. യുഎസിനെ മറികടക്കാൻ ഇന്ത്യക്ക് 216 കിലോമീറ്റർ മെട്രോ ശൃംഖല മാത്രം നിർമിച്ചാൽ മതി.
2014ൽ ഇന്ത്യയിലെ മെട്രോ ശൃംഖല വെറും 245 കിലോമീറ്റർ ആയിരുന്നുവെന്നും ഇപ്പോഴുള്ള വളർച്ച അഭൂതപൂർവമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യമൊട്ടാകെ 900 കിലോമീറ്ററോളം മെട്രോ ശൃംഖല നിർമാണത്തിന്റെ പദ്ധതി ഘട്ടത്തിലോ ഇരിക്കുകയാണെന്നും അതിൽ കുറച്ച് മാത്രം പ്രവർത്തനക്ഷമമായാൽ ഇന്ത്യ യുഎസിനെ മറികടക്കുമെന്നും മന്ത്രി പറഞ്ഞു.
ഇൻഡോർ മെട്രോ വൻ വിപുലീകരണമാണ് നടത്തിയത്. നേരത്തെ 6.3 കിലോമീറ്റർ മാത്രമായിരുന്ന മെട്രോ ഇപ്പോൾ 17.5 കിലോമീറ്റർ ആയിരിക്കുകയാണ്. ഗാന്ധി നഗർ-മാളവ്യ നഗർ ഇടനാഴി കമ്മീഷൻ ചെയ്തതോടെയാണ് മെട്രോ ശൃംഖല വളർന്നത്. 15 മിനുട്ട് ഇടവേളയിലാണ് മെട്രോ സർവീസ് ഉണ്ടാകുക.
Content Highlights: India is expected to become the country with the world’s second-largest metro network within the next two years. Union Housing and Urban Affairs Minister Manohar Lal said India is poised to overtake the United States, reflecting the rapid expansion of metro rail infrastructure across the country.