പാകിസ്താന്‍ അടപടലം തകര്‍ന്നു; ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍

ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്റോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടി

പാകിസ്താന്‍ അടപടലം തകര്‍ന്നു; ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍
dot image

വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതാ ടീം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഏകപക്ഷീയമായിരുന്നു. പാകിസ്താനെ വെറും 55 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യന്‍ വനിതകള്‍ വെറും 8.4 ഓവറില്‍ ജയിച്ചു കയറി. മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൌര്‍ സിക്‌സര്‍ പായിച്ചാണ് വിജയത്തിലേക്ക് നയിച്ചത്. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്റോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനായുടെ തീരുമാനം പാടേ പിഴയ്ക്കുന്നതാണ് ദുബായില്‍ കണ്ടത്. വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലായിരുന്ന പാകിസ്ഥാന്‍, ഇന്ത്യന്‍ സ്പിന്‍ കെണിയില്‍ പെട്ട് വെറും 8 റണ്‍സിനിടെ 6 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി തകരുകയായിരുന്നു. 18.1 ഓവറില്‍ വെറും 55 റണ്‍സില്‍ പാക് ടീം പുറത്തായി. വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേട് കൂടിയാണ് ഇന്ത്യയ്‌ക്കെതിരെ പാക് വനിതകള്‍ വഴങ്ങിയത്. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ യുവ സ്പിന്നര്‍മാരായ ശ്രീചരണി, പ്രേമ റാവത്ത് എന്നിവര്‍ പാകിസ്താനെ കറക്കി വീഴ്ത്തി. ശ്രീചരണി ഏഴും
പ്രേമ റാവത്ത് ഒമ്പതും റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. കളിയിലെ താരം ശ്രീചരണിയാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെയും തുടക്കം പാളി. ചെറിയ സ്‌കോര്‍ പിന്തുടരുന്നതിനിടയില്‍ തുടക്കത്തില്‍ 3 വിക്കറ്റുകള്‍ നഷ്ടമായി. 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടിയ പാക് നായിക ഫാത്തിമ സനായാണ് വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൌര്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നതോടെ പാക് പ്രതീക്ഷകള്‍ അവസാനിച്ചു. 18 റണ്‍സോടെ പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് ഒമ്പതാം ഓവറിലെ നാലാം പന്ത് അതിര്‍ത്തി കടത്തി ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. 68 പന്തുകള്‍ ബാക്കി നിര്‍ത്തിയായിരുന്നു ഇന്ത്യന്‍ വിജയം.

ഈ മത്സരം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് മറ്റൊരു ചരിത്ര നിമിഷം കൂടിയായി മാറി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍മന്‍പ്രീതിന്റെ 150ാം മത്സരമായിരുന്നു ഇത്. പുരുഷ-വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ലോകത്തെ ആദ്യത്തെ ക്രിക്കറ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഇതോടെ ഹര്‍മന്‍പ്രീത് സ്വന്തമാക്കി .തായ്ലന്‍ഡ്, ഹോങ്കോംഗ്, പാകിസ്ഥാന്‍ എന്നിവരെ തുടര്‍ച്ചയായി പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന് സെമിയിലെത്താന്‍ ഹോങ്കോംഗിനെതിരെയുള്ള അടുത്ത മത്സരം വിജയിക്കേണ്ടതുണ്ട്.

Content Highlights: India Women defeated Pakistan in the 2026 Women’s Asia Cup securing their place in the final

dot image
To advertise here,contact us
dot image