

ഒമാനിൽ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ മുൻകൂർ അനുമതിയില്ലാതെ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ചു. മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച വ്യക്തമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള എല്ലാത്തരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും പ്രിന്റ് മാധ്യമങ്ങൾക്കും ഈ നിരോധനം ഒരുപോലെ ബാധകമാണ്. മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള ഔദ്യോഗിക അനുമതിയില്ലാതെ തങ്ങളുടെ ലോഗോയോ പേരോ പ്രമോഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്നോ പങ്കാളിത്തമുണ്ടെന്നോ തെറ്റിദ്ധരിപ്പിച്ച് സേവനങ്ങളും ഉൽപ്പന്നങ്ങളും പ്രചരിപ്പിക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
ഇനി മുതൽ മന്ത്രാലയവുമായി സഹകരണമോ പങ്കാളിത്തമോ ഉണ്ടെന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങൾ, അത് തെളിയിക്കുന്ന ഔദ്യോഗിക അനുമതിപത്രങ്ങൾ കൈവശം സൂക്ഷിക്കേണ്ടതുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുകയും അനുമതിയില്ലാതെ ലോഗോയോ പേരോ ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Content Highlights: Oman's Ministry of Labour has warned that its name and logo must not be used in advertisements without authorization. The measure aims to prevent misleading and fraudulent advertisements and protect job seekers and the public from deceptive claims.