'കടപ്പുറത്ത് കാറ്റുകൊള്ളുന്ന മനുഷ്യരിലേക്ക് മതവാദങ്ങളുമായി എത്തുന്നവരെ നാം സൂക്ഷിക്കണം'

എതിര്‍ക്കുന്നവരെ മതം പറഞ്ഞ് പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും തീവ്രമായ പ്രബോധന ത്വരയെ മതമായി കാണുകയും ചെയ്യുന്നവരോട് സാംസ്‌കാരിക കേരളം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്

'കടപ്പുറത്ത് കാറ്റുകൊള്ളുന്ന മനുഷ്യരിലേക്ക് മതവാദങ്ങളുമായി എത്തുന്നവരെ നാം സൂക്ഷിക്കണം'
എം എസ് ഷൈജു
13 min read|29 Aug 2026, 04:28 pm
dot image

കേരളം സവിശേഷമായ സാംസ്‌കാരിക പശ്ചാത്തലമുള്ള ഒരു നാടാണ്. വിവിധ മതങ്ങളും സംസ്‌കാരങ്ങളും നൂറ്റാണ്ടുകളായി പരസ്പരം ഇടകലര്‍ന്നും സൗഹാര്‍ദ്ദത്തോടെയും ജീവിച്ചുപോരുന്ന ഒരു മണ്ണാണിത്. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഏറ്റവും ബഹുത്വ, സഹവര്‍ത്തന സംസ്‌കാരമുള്ള ഒരിടമാണ് കേരളം. പല മതങ്ങളും, അതില്‍ തന്നെ അനേകം വിശ്വാസ ധാരകളും കേരളത്തില്‍ നില നില്‍ക്കുന്നുണ്ട്. രാജ്യത്ത് ജാതീയവും സാമുദായികവുമായ യാഥാസ്ഥിതികതകളും അന്ധവിശ്വാസങ്ങളും ഒരളവോളമെങ്കിലും ചെറുത്ത് തോൽപ്പിക്കപ്പെട്ടത് കേരളത്തിലാണ്. മാനവികമായ മൂല്യങ്ങളെയും യുക്തി, ശാസ്ത്രബോധം തുടങ്ങിയ ആധുനിക കാഴ്ചപ്പാടുകളെയും മുന്നില്‍ വെച്ച് കൊണ്ടാണ് സാമുദായിക പരിഷ്‌കരണങ്ങളും ജാതി ശുദ്ധീകരണങ്ങളും കേരളത്തില്‍ നടന്നത്. അത് കൊണ്ടാണ് അതില്‍ ചില ശ്രമങ്ങളെ നവോത്ഥാനപരതയുള്ള പ്രവര്‍ത്തനങ്ങളായി ചിലരെങ്കിലും കണക്കാക്കുന്നത്. ഈ മാനവിക മൂല്യങ്ങളും പുരോഗമന തത്പരതയുമാണ് കേരളത്തെ ജാതീയവും മതാത്മകവുമായ ഇന്ത്യയുടെ പൊതു പരിശ്ചേദത്തില്‍ നിന്നും പരിമിതമായ തോതിലെങ്കിലും വേറിട്ട് നിര്‍ത്തുന്നത്.

സി ഇ 68ല്‍ റോമാ സാമ്രാജ്യം ജറുസലേം ദേവാലയം തകര്‍ക്കുകയും ജൂതവേട്ട നടത്തുകയും ചെയ്തതിന്റെ ഫലമായി പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ജൂതന്മാര്‍ ലോകത്തെല്ലായിടത്തേക്കും കുടിയേറിയിരുന്നു. അതിന്റെ ഭാഗമായാണ് പശ്ചിമേഷ്യയില്‍ നിന്നും കേരളത്തിലേക്ക് ധാരാളമായി ജൂതര്‍ വന്നത്. സി ഇ ഒന്നാം നൂറ്റാണ്ടില്‍ തന്നെ തോമാശ്ലീഹ കേരളത്തില്‍ ക്രിസ്തു മത പ്രചരണത്തിനെത്തിയെന്നാണ് അനുമാനം. അതോടെയാണ് കേരളത്തിലെ ജനങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിതരാകുന്നത്. സി ഇ ഏഴാം നൂറ്റാണ്ടോടെയാണ് ഇസ്‌ലാം മതം കേരള തീരത്തേക്ക് എത്തുന്നത്. വ്യാപാരികളായി എത്തിയ അറബികളും സൂഫികളും ചേര്‍ന്നാണ് ഇസ്‌ലാം മതത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നത്. ഇവരെയെല്ലാം സൗഹാര്‍ദ്ദത്തോടെ സ്വീകരിക്കുകയും സഹവര്‍ത്തനത്തോടെ ഉള്‍ക്കൊള്ളുകയും ചെയ്ത ആതിഥേയ ചരിത്രവും പാരമ്പര്യവുമാണ് കേരളത്തിന്റേത്. ജാതീയമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഏറെ നൂറ്റാണ്ടുകള്‍ വിവിധ മതങ്ങളും മത വിശ്വാസികളും സഹിഷ്ണുതയിലും സാഹോദര്യത്തിലും കഴിഞ്ഞ ഒരു ചരിത്രമാണ് കേരളത്തിനുള്ളത്.

പാരമ്പര്യമായ തനിമയോടെ ജീവിച്ച മനുഷ്യര്‍ക്കിടയില്‍ മതശുദ്ധിവാദങ്ങളും ഭക്തി പ്രസ്ഥാനങ്ങളും കടന്ന് വന്നതോടെയാണ് മതാഭിനിവേശങ്ങളുടെ ആധിക്യം കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകളില്‍ രൂപം കൊള്ളുന്നത്. നൂറ്റാണ്ടുകളായി കേരളം പുലര്‍ത്തിയ സഹിഷ്ണുതാ ബോധത്തെയും സഹവര്‍ത്തന സംസ്‌കാരത്തെയും തകര്‍ക്കാന്‍ പോന്ന വിധം ശക്തിമത്തായിരുന്നു അവയുടെ ഉള്ളടക്കങ്ങള്‍.

പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളീയ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ഐക്യസംഘം പോലെയുള്ള മുസ്‌ലിം സംഘടിത മുന്നേറ്റങ്ങളെ അക്കാലത്തെ പരിഷ്‌കരണ പ്രസ്ഥാനങ്ങളായാണ് കണക്കാക്കുന്നത്. അവരുടെ പ്രവര്‍ത്തന രീതിശാസ്ത്രമായിരുന്നു അതിന് കാരണം. മതത്തെ യുക്തിയുടെയും വിചാരങ്ങളുടെയും പിന്‍ബലത്തില്‍ കാലികമായി പുനര്‍ വ്യാഖ്യാനിക്കാനാണ് അവര്‍ ശ്രമിച്ചത്. അന്ധവിശ്വാസങ്ങളെ നിര്‍മാര്‍ജനം ചെയ്യാനും മതത്തിന്റെ ലേബലില്‍ തന്നെ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കാനും അവര്‍ ശ്രമിച്ചു. കുടുസായ സാമുദായിക ചിന്തകളില്‍ നിന്ന് വിശാലമായ മാനവിക ബോധത്തിലേക്ക് മതവിശ്വാസികളെ മാറ്റിയെടുക്കാനും, മതാചാരങ്ങളുടെ സംരക്ഷണത്തെ മാത്രം മതപരമായ ഉത്തരവാദിത്വമായി കണ്ടിരുന്ന മുസ്‌ലിം സമുദായത്തെ പുരോഗമനപരമായ സാമൂഹിക നിര്‍മിതിയില്‍ പങ്കാളികളാകലും വിശ്വാസികളുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണെന്ന ബോധത്തിലേക്ക് നയിക്കാനുമാണ് വക്കം മൗലവിയും മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയും കെ എം സീതി സാഹിബുമൊക്കെ അടങ്ങുന്ന പുരോഗമനധാര ശ്രമിച്ചത്.

ഐക്യസംഘം ഒരു ഘട്ടത്തോടെ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സംഘം പിരിച്ച് വിടപ്പെട്ടു. അതിന്റെ തുടര്‍ച്ച അവകാശപ്പെട്ട് കൊണ്ട് രണ്ടര പതിറ്റാണ്ടിന് ശേഷം രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍. മുജാഹിദ് പ്രസ്ഥാനമെന്ന് ചുരുക്കി വിളിക്കാറുള്ള ഈ സംഘടന പരിമിതമായ ചില കാര്യങ്ങളില്‍ ഐക്യ സംഘത്തിന്റെ ചില അജണ്ടകള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും പരിപൂര്‍ണമായും അതൊരു മത സംഘടന മാത്രമായാണ് മുന്നോട്ട് നീങ്ങിയത്. മത വ്യാഖ്യാനങ്ങളില്‍ യുക്തിയും വിചാരവും മാറ്റി വെച്ച് കൊണ്ട് ഖണ്ഡിതവും ഏകപക്ഷീയവുമായ ലിഖിത പ്രമാണങ്ങളിലേക്ക് മുസ്ലിം സമൂഹത്തെ നയിക്കാനാണ് അവര്‍ ശ്രമിച്ചത്.

പെട്രോ ഡോളര്‍ കൊണ്ട് സമ്പുഷ്ടമായ അറേബ്യന്‍ നാടുകളുമായി ബന്ധം സ്ഥാപിച്ച് കൊണ്ട് സാമ്പത്തികമായി ശാക്തീകരിക്കപ്പെടാനാണ് സംഘടന ആഗ്രഹിച്ചത്. മതേതര സമൂഹത്തിന് തീരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധമുള്ള പുതിയൊരു ഇസ്‌ലാം വ്യാഖ്യാനം കേരളത്തിന്റെ മണ്ണിലേക്ക് അറേബ്യന്‍ നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നതിന്റെ കണ്ണിയായി വര്‍ത്തിച്ചത് കേരള നദ്വത്തുല്‍ മുജാഹിദീനും അവരുടെ പ്രവാസ ഘടകങ്ങളായ ഇസ്‌ലാഹീ സെന്ററുകളുമായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് കേട്ട് കേള്‍വി പോലുമില്ലാത്ത അനവധി സംഗതികളാണ് മതമെന്ന ലേബലില്‍ കേരളത്തിലേക്ക് പുസ്തകങ്ങളായും പ്രസംഗങ്ങളായും പ്രസരിച്ചത്. മുസ്‌ലിം സമൂഹത്തിനുള്ളില്‍ ഒരു സമാന്തര ലോകത്തെ തന്നെ ഇവര്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് മുജാഹിദ് സംഘടനയിലെ ഒരു വിഭാഗം കുറേക്കൂടി ബഹുസ്വരവും സാമൂഹിക പ്രാധാന്യമുള്ളതുമായ അജണ്ടകളിലേക്ക് സംഘടനയെ നയിക്കാന്‍ ശ്രമിച്ചിരുന്നു. തൊണ്ണൂറുകളിലാണ് അത്തരമൊരു ശ്രമം നടന്നത്. മതത്തിന്റെ വ്യാഖ്യാനങ്ങളെ കുറേക്കൂടി കാലികമാക്കി മാറ്റി പ്രമാണബദ്ധമായ ഒരു പരിവര്‍ത്തനത്തിനായി അവര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. സംഘടന രണ്ടായി നെടുകെ പിളര്‍ന്നുവെന്നതായിരുന്നു ഇതിന്റെ അനന്തര ഫലം.

ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും ഇസ്‌ലാമിക പ്രബോധനങ്ങള്‍ക്കായി മില്യണ്‍ കണക്കിനു ഡോളര്‍ മാറ്റി വെക്കുന്ന ഗള്‍ഫിലെ മത കാര്യമന്ത്രാലയങ്ങളിലും സമ്പന്നമായ പ്രബോധക സംഘടനകളിലും നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ എണ്‍പതുകള്‍ക്ക് ശേഷം മുജാഹിദ് സംഘടന കഠിനമായി പരിശ്രമിച്ചു. അത് വലിയ ഗുണമുണ്ടാക്കി. കോടിക്കണക്കിന് രൂപ വിവിധ പദ്ധതികള്‍ക്കായും സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനായും പ്രബോധകര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കുന്നതിനായും മുജാഹിദ് സംഘടനയുടെ മേല്‍വിലാസത്തില്‍ കേരളത്തിലേക്ക് ഒഴുകിയെത്തി. അതിന്നും തുടരുന്നു. അമുസ്‌ലി ആളുകള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുന്നതിന് ഫണ്ട് നല്‍കുന്ന അനേകം സംഘടനകള്‍ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പണം നല്‍കുന്ന അവര്‍ക്ക് മുന്നില്‍ അക്കൗണ്ടബിലിറ്റി ബോധ്യപ്പെടുത്താന്‍ അനേകം പ്രബോധന പദ്ധതികള്‍ കേരളത്തില്‍ മുജാഹിദ് സംഘടന ആവിഷ്‌കരിച്ചു. ആ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ മുസ്‌ലിം സമൂഹത്തിലേക്കുള്ള കടന്ന് കയറ്റം തടയുക എന്ന ലക്ഷ്യവുമായി ആവിഷ്‌കരിക്കപ്പെട്ട ഒരു വേദിയാണ് നിച്ച് ഓഫ് ട്രൂത്ത്.

എംഎം അക്ബര്‍ എന്ന പരപ്പനങ്ങാടിക്കാരനായ ഒരു അധ്യാപകന്‍ ചുമതലക്കാരനായി എത്തിയതോടെ പ്രതിരോധത്തില്‍ നിന്ന് പ്രത്യാക്രമണത്തിലേക്ക് നിച്ച് ഓഫ് ട്രൂത്തിന്റെ പ്രബോധന സ്വഭാവം മാറി വന്നു. ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും സൗഹാര്‍ദ്ദത്തിന്റെയും ജാര്‍ഗണുകള്‍ ഉപയോഗിച്ച് തീവ്രമായ ഒരു മത പ്രബോധന ത്വരയുടെ സംസ്‌കാരത്തിന് മുജാഹിദ് പ്രസ്ഥാനത്തിന്റെയുള്ളില്‍ തുടക്കമിടുകയായിരുന്നു യഥാര്‍ത്ഥത്തില്‍ എംഎം അക്ബര്‍ ചെയ്തത്.

ദക്ഷിണാഫ്രിക്കയിലെ ഇസ്‌ലാമിക പ്രബോധകനായ അഹമദ് ദീദാത്തിനെയും ഇന്ത്യയിലെ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ തലവന്‍ സാക്കിര്‍ നായ്ക്കിനെയും മാതൃകയാക്കിയാണ് എംഎം അക്ബര്‍ നിച്ച് ഓഫ് ട്രൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്. എല്ലാറ്റിന്റെയും മീതെയായി ഇസ്‌ലാമിനെ വാദിച്ച് സ്ഥാപിക്കുന്ന ഒരു പ്രത്യേക തരം സംവാദ പരിപാടികള്‍ക്ക് ആരംഭം കുറിച്ച് കൊണ്ടാണ് നിച്ച് ഓഫ് ട്രൂത്ത് കേരളത്തിലെ മുക്ക് മൂലകളില്‍ പ്രത്യക്ഷപ്പെട്ടത്. മതാന്തര സംവാദമെന്നും സ്‌നേഹ സംവാദമെന്നും പേരിട്ട്, അരമനകളിലെ ക്രിസ്ത്യന്‍ പുരോഹിതരെയും കാഷായ വസ്ത്രധാരികളായ ചില സ്വാമിമാരെയും പങ്കെടുപ്പിച്ച് നടത്തിയ ഏകപക്ഷീയമായ സംവാദങ്ങള്‍ തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ ആദ്യ പതിറ്റാണ്ടുകളിലും കേരളത്തിലെ ഇസ്‌ലാമിക മത പ്രബോധന രംഗത്തെ തരംഗമായി മാറി.

Also Read:

മുന്‍ കൂട്ടി തയാറാക്കി വെക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും തല്‍ക്ഷണ മറുപടി പോലെ കേട്ട ശ്രോതാക്കള്‍ അത്ഭുതപ്പെട്ടു. ബൈബിള്‍ വചനങ്ങളും ഭഗവത് ഗീതയും ശ്ലോകങ്ങളും ഇടതടവില്ലാതെ മനപാഠമാക്കി ചൊല്ലി പുരോഹിതരെയും സ്വാമിമാരെയും തറ പറ്റിച്ച് ഇസ്ലാമിനെ സ്ഥാപിക്കുന്ന പുതിയ പ്രബോധന ധാരക്ക് ആരാധകരും അനുയായികളും വര്‍ദ്ധിച്ച് കൊണ്ടിരുന്നു. മതത്താല്‍ അഭിനിവേശിതരായ ഒരു കൂട്ടത്തെ നിച്ച് ഓഫ് ട്രൂത്തിന്റെ ഓരോ സംവാദ വേദികളില്‍ നിന്നും പ്രവര്‍ത്തകരായി ലഭിച്ച് തുടങ്ങി. അവരോരുത്തരും ഓരോ മിനി അക്ബര്‍മാരാകാന്‍ ശ്രമിച്ചു. അവരെ പരിശീലിപ്പിക്കാനും പ്രബോധനത്തിന്റെ ടെക്‌നിക്സ് പഠിപ്പിക്കാനുമായി പ്രബോധന പരിശീലന ക്യാമ്പുകള്‍ പലയിടങ്ങളിലും നടന്നു. കേരളത്തിലെ പരിഷ്‌ക്കരണ, പുരോഗമന മുസ്ലിം ധാരയെന്ന് കരുതപ്പെടുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ മേല്‍ വിലാസത്തിലും അവരുടെ ഭൗതിക സാഹചര്യങ്ങളും വിഭവങ്ങളും ഉപയോഗിച്ചുമായിരുന്നു ഇതെല്ലാം നടന്നത്.

1980കളില്‍ ലോക പ്രശസ്ത ഇസ്‌ലാമിക ചിന്തകനായ ഇസ്മായില്‍ റജ ഫാറൂഖി, താഹ ജാബിര്‍ അല്‍വാനി, ഡോ. സിയാവുദ്ദീന്‍ സര്‍ദാര്‍ തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കിയ ഇസ്‌ലാമൈസേഷന്‍ ഓഫ് നോളെജ് എന്ന ഒരു പ്രോജക്ട് ലോകത്തെല്ലായിടത്തുമുള്ള ഇസ്‌ലാമിക പ്രബോധകര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. പാശ്ചാത്യ, മതേതര വിദ്യാഭ്യാസ സമ്പ്രദായവും ഇസ്‌ലാമിക മൂല്യങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കുക, ആധുനിക ശാസ്ത്ര-മാനവിക വിഷയങ്ങളെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വായിക്കുക എന്നിവയാണ് ഈ പ്രസ്ഥാനം ലക്ഷ്യമിട്ടത്. ഈ ഗവേഷണ പദ്ധതിയുടെ ഭാഗമായി ശാസ്ത്രത്തെ ഇസ്‌ലാമുമായി ബന്ധിപ്പിക്കുന്ന അനേകം രചനകള്‍ക്ക് ഇസ്‌ലാമിക ലോകം ഫണ്ട് നല്‍കിയിട്ടുണ്ടായിരുന്നു.

വിവിധ പുസ്തകങ്ങളിലായി ഇതിലെ ആശയങ്ങളെ മലയാളത്തില്‍ പ്രസിദ്ധീകരിക്കാനും ഇസ്‌ലാമിനെ ആധുനിക ശാസ്ത്രത്തിന്റെ മൂശയില്‍ അവതരിപ്പിക്കാനുമായി നിച്ച് ഓഫ് ട്രൂത്ത് നടത്തിയ ശ്രമങ്ങള്‍ക്ക് മുജാഹിതേതരമായ മറ്റ് മുസ്ലിം സംഘടനകളിലെ പ്രവര്‍ത്തകരുടെ നിശബ്ദമായ സഹകരണങ്ങള്‍ വരെ ലഭിച്ചു. ഇതെല്ലാം കേരളത്തിലെ മുസ്ലിം മത സംഘടനാ പരിസരങ്ങളില്‍ നിച്ച് ഓഫ് ട്രൂത്ത് ഒരു ചര്‍ച്ചയായി മാറാന്‍ കാരണമായി. നിച്ച് ഓഫ് ട്രൂത്തിനെ അനുകരിച്ച് മറ്റ് സംഘടനകളിലും നീക്കങ്ങളുണ്ടായി.

ഒരു ബഹുമത സമൂഹത്തില്‍ തീവ്രവും വൈകാരികവുമായ പ്രബോധന ത്വര ഉയര്‍ത്തുന്ന അപകടങ്ങളെ സംബന്ധിച്ച് മുജാഹിദ് സംഘടനയിലെ പല നേതാക്കളും മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു ഭൂതാവേശം പോലെ ഈ പ്രബോധന ത്വര സംഘടനയിലെ ഒരു പറ്റം യുവാക്കളെ സ്വാധീനിച്ചിരുന്നു. സ്വന്തം വിശ്വാസങ്ങളെ മറ്റ് വിശ്വാസങ്ങള്‍ക്ക് മേല്‍ സ്ഥാപിക്കുന്ന ഈ പ്രബോധന തീവ്രത മുസ്ലിമേതര വിഭാഗങ്ങളില്‍ വലിയ ചര്‍ച്ചയായി. ഏകപക്ഷീയമായി ഇസ്‌ലാം സ്ഥാപിക്കാന്‍ നടത്തുന്ന നിച്ച് ഓഫ് ട്രൂത്തിന്റെ സംവാദ പരിപാടികളില്‍ പങ്കെടുക്കേണ്ട എന്ന നിലപാട് പല ക്രിസ്ത്യന്‍ സഭകളും കൈക്കൊണ്ടു.

തങ്ങളുടെ മതത്തെയും വിശ്വാസങ്ങളെയും കൊച്ചാക്കുകയും പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന എംഎം അക്ബര്‍ സ്‌റ്റൈല്‍ ഓഫ് ഡിബേറ്റിനെ അതേ യുക്തികള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍ രൂപം കൊണ്ട് തുടങ്ങി. മതങ്ങള്‍ തമ്മില്‍ പരസ്പരം നിലനിര്‍ത്തിയ സൗഹാര്‍ദ്ദങ്ങള്‍ക്കും പരസ്പര വിശ്വാസത്തിനുമേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു യഥാര്‍ത്ഥത്തില്‍ നിച്ച് ഓഫ് ട്രൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ മതപരമായ വലിയൊരു ധ്രുവീകരണത്തിന് കൂടിയാണ് ഇത് വിത്തിട്ടത്. ഇസ്‌ലാം വിരുദ്ധതയുടെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വക്ക് കേരളത്തിന്റെ മണ്ണില്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ വലിയ വേരോട്ടമുണ്ടാക്കാന്‍ ഈ ധ്രുവീകരണം വലിയൊരളവില്‍ സഹായകമായിട്ടുണ്ട്.

മത പ്രബോധനമാണ് മുസ്ലിംകളുടെ ബാധ്യതയെന്നത് ഒരു മധ്യകാല യുക്തി മാത്രമായിരുന്നു. ഒരു ബഹുമത സമൂഹത്തിലെ സഹവര്‍ത്തന ജീവിതത്തെ തകര്‍ക്കുന്ന നിലയിലേക്ക് അതിനെ സന്ദര്‍ഭവും സാഹചര്യവും നോക്കാതെ പുനഃപ്രതിഷ്ഠിക്കുന്ന അവധാനതയില്ലായ്മയെയാണ് പുണ്യവും ഉത്തരവാദിത്വവുമെന്ന മേല്‍ വിലാസത്തില്‍ നിച്ച് ഓഫ് ട്രൂത്ത് പ്രചരിപ്പിച്ചത്. മുജാഹിദ് സംഘടനയിലെ പിളര്‍പ്പുകള്‍ ഇതിനെ തീവ്രമാക്കി. പുതുതായി പിളര്‍ന്ന് രൂപപ്പെട്ട ചില സംഘടനകള്‍ പൊതുസമൂഹത്തെയോ ജനാധിപത്യ ബോധങ്ങളെയോ പരിഗണിക്കുന്നവരേയായിരുന്നില്ല. നിച്ച് ഓഫ് ട്രൂത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് കൊണ്ട് ക്ഷിപ്ര പ്രബോധനത്തിന്റെ സങ്കേതങ്ങളുമായി ആയിരക്കണക്കിന് ചെറുപ്പക്കാരെയാണ് പൊതുസമൂഹത്തിലേക്ക് ഈ തീവ്ര സംഘടനകള്‍ ഇറക്കി വിട്ടത്.

തങ്ങള്‍ ചെയ്യുന്നതെല്ലാം പുണ്യവും ദൈവിക താത്പര്യവുമാണെന്ന മിഥ്യാ ധാരണകളെ ആവാഹിച്ച അത്തരം മനുഷ്യര്‍ മത പ്രബോധനമെന്ന മട്ടില്‍ കാണിച്ചു കൊണ്ടിരിക്കുന്ന പ്രവൃത്തികളാണ് കടല്‍ത്തീരങ്ങളിലും പാര്‍ക്കുകളിലും സ്വസ്ഥതയാഗ്രഹിച്ച് വന്നിരിക്കുന്ന മനുഷ്യരിലേക്ക് സ്വന്തം മതം മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാന്‍ ആളുകള്‍ വരുന്നതില്‍ വരെയെത്തി നില്‍ക്കുന്നത്.

ഇത് വെറുമൊരു പാര്‍ക്ക് പ്രബോധനമായോ വിശ്വാസമോ മാത്രമായി അവഗണിക്കാന്‍ കഴിയുന്നതല്ല. സമീപകാലത്തായി നമ്മുടെ സാമൂഹിക ഘടനയിലും മതസൗഹാര്‍ദ്ദ അന്തരീക്ഷത്തിലും സംഭവിക്കുന്ന വിള്ളലുകളില്‍ ഈ ക്ഷിപ്ര പ്രബോധകര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മറ്റനേകം ആശയങ്ങള്‍ പൊതു ഇടങ്ങളില്‍ പ്രചരിപ്പിക്കാറുണ്ടല്ലോ, പിന്നെ ഞങ്ങള്‍ ഇസ്‌ലാം പ്രചരിപ്പിക്കാന്‍ വരുമ്പോള്‍ മാത്രമെന്താണ് ഈ പ്രശ്‌നമെന്നാണ് ഈ പ്രബോധകരും അവരെ പിന്തുണക്കുന്ന ചില ആളുകളും ചോദിക്കുന്നത്. ഈ ചോദ്യം ഒട്ടും നിഷ്‌കളങ്കമല്ലെങ്കിലും അതിന്റെ കാരണം കൂടി പറഞ്ഞ് പോകേണ്ടതുണ്ട്. മറ്റേതൊരു ആശയ പ്രചരണവും പോലെയല്ല മതം. നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ മതത്തിന് മറ്റെന്തിനേക്കാളും വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് മനുഷ്യരിലധികവും.

ജീവിതത്തിന്റെ ആചാരങ്ങള്‍, ആരാധനകള്‍, വിവാഹം, മരണം തുടങ്ങിയ എല്ലാറ്റിലും ഭൂരിപക്ഷം മനുഷ്യര്‍ക്കും മതം ഒരു സുപ്രധാന ഘടകമാണ്. ഈ യാഥാര്‍ഥ്യം മനസിലാക്കുന്നത് കൊണ്ടാണ് രാഷ്ട്രീയം, ഭരണം തുടങ്ങി രാജ്യത്തിന്റെ അധികാര ഘടനയില്‍ മതം ഒരു തരത്തിലുമുള്ള സ്വാധീന ശക്തിയായി മാറാന്‍ പാടില്ലെന്ന് നമ്മുടെ ഭരണഘടന കണിശമായി നിഷ്‌കര്‍ഷിക്കുന്നത്.

മതത്തെ വ്യക്തികളുടെ സ്വകാര്യതയാണ് ഭരണഘടന വക വെച്ച് നല്‍കുന്നത്. മതത്തിന്റെ പ്രചാരണം പൊതുസമാധാനം, ഭരണഘടന ധാര്‍മ്മികത, സാമൂഹിക ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മാത്രമായിരിക്കണമെന്നാണ് ഇതെല്ലാം നിഷ്‌ക്കര്‍ഷിക്കുന്നത്. അതായത്, മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താതെയുള്ള ആശയപ്രചാരണമേ അനുവദനീയമുള്ളൂ. മതത്തിന്റെ പ്രചാരണം നിര്‍ബന്ധിച്ചോ ആശയക്കുഴപ്പമുണ്ടാക്കിയോ മതം മാറ്റത്തിനുള്ള ഒരു ശ്രമമാകരുത് എന്നതാണ് പൊതു തത്വം. ഈ തത്വത്തെയാണ് ഇത്തരം തീവ്ര പ്രബോധകര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതെല്ലാം മുന്നില്‍ വെച്ച് പരിശോധിക്കുമ്പോള്‍, കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തില്‍ നിച്ച് ഓഫ് ട്രൂത്തും അതിന്റെ പ്രബോധകരും ചേര്‍ന്ന് ഏല്പിച്ച പരിക്കുകള്‍ ഗുരുതരമായതാണ്.

കേരളത്തിലെ മുസ്ലീം സമൂഹം എക്കാലത്തും സാംസ്‌കാരിക തനിമയും അയല്‍പക്ക ബന്ധങ്ങളും പുലര്‍ത്തിപ്പോന്നവരാണ്. ഇസ്‌ലാമിന്റെ പേരില്‍ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങളാണ് ഇവിടെ പ്രചരിച്ചിരുന്നത്. അവരിലേക്കാണ് അതി തീവ്രമായ ഒരു പ്രബോധന സംസ്‌കാരവുമായി നിച്ച് ഓഫ് ട്രൂത്ത് എന്ന പ്രസ്ഥാനവും അതിന്റെ പ്രബോധകരും കടന്ന് വന്നത്. തദ്ദേശീയമായ നാടന്‍ സംസ്‌കാരവുമായുള്ള എല്ലാ ഇഴുകി ചേരലുകളെയും അറുത്ത് മാറ്റാന്‍ ശ്രമിക്കുന്നവരാണ് സ്‌നേഹ സംവാദം എന്ന പേരില്‍ ഇതര മതസ്ഥരുമായി മതാന്തര സംവാദങ്ങള്‍ നടത്തുന്നത് എന്നത് ഒരു ക്രൂരമായ തമാശ കൂടിയാണ്. പരസ്പരം ഇഴുകിച്ചേര്‍ന്നുള്ള ഇവിടുത്തെ മുസ്ലീം ജീവിതം, മാപ്പിളപ്പാട്ടുകള്‍, ഓണവും വിഷുവും പോലുള്ള ആഘോഷങ്ങളിലെ പങ്കാളിത്തം, ജാതിമത ഭേദമന്യേയുള്ള പരസ്പര സഹായം എന്നിവയെല്ലാം കേരളീയ ഇസ്‌ലാമിന്റെ മുഖമുദ്രയായിരുന്നു. ഇതിനെയെല്ലാം അതി രൂക്ഷമായി എതിര്‍ക്കുന്നവരാണ് സംവാദത്തിന്റെ പടുഭാഷണങ്ങളുമായി കടന്ന് വരുന്ന ഈ നവ പ്രബോധകര്‍.

Also Read:

മത വിശ്വാസമെന്നത് വ്യക്തിപരവും ആത്മീയവുമായ ഒരു കാര്യമായി കൊണ്ടുനടക്കാനും, അതോടൊപ്പം തന്നെ മറ്റു മതവിഭാഗങ്ങളുമായി ചേര്‍ന്നുനിന്ന് പൊതുസമൂഹത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനും ഇവിടുത്തെ സമൂഹം നേരത്തെ തന്നെ ശീലിച്ചിരുന്നു. ഐക്യ സംഘമടക്കമുള്ള മുസ്ലിം പരിഷ്‌കരണ ശ്രമങ്ങള്‍ അതിനുള്ള വിത്തുകളാണ് കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ പാകിയത്. എന്നാല്‍ അതിനെ തകര്‍ക്കാനും മുസ്ലിം മത ജീവിതത്തെ ബഹുസ്വരമായ ആധുനിക സമൂഹത്തില്‍ അപ്രായോഗികമാക്കാനുമാണ് വിസ്ഡം പോലെയുള്ള മത സംഘടനകള്‍ ഇന്ന് തീവ്രമായി പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്.

പരമ്പരാഗതമായി കേരളത്തില്‍ നിലനിന്നിരുന്ന മിതവാദപരമായ ഇസ്‌ലാമിക രീതികളില്‍ നിന്ന് മാറി, മറ്റു മതങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുകയും സ്വന്തം വിശ്വാസമാണ് പരമമായ സത്യം എന്ന് കടുപ്പിച്ച് അവതരിപ്പിക്കുകയും ചെയ്യുന്ന ശൈലിയെയാണ് ഈ നവ പ്രബോധകര്‍ പ്രോത്സാഹിപ്പിക്കുന്നത്. മറ്റ് മതങ്ങളുമായുള്ള സമ്മിശ്ര സംസ്‌കാരങ്ങളെയും ആചാരങ്ങളെയും 'അനാചാരങ്ങളോ' 'ഹറാമോ' ആയി ചിത്രീകരിച്ച് പുതിയ തലമുറയെ പൊതുസമൂഹത്തില്‍ നിന്ന് മാനസികമായി അകറ്റാന്‍ ഈ പ്രബോധനങ്ങള്‍ കാരണമാകുന്നു.

കോംപാക്ട് ഡിസ്‌കുകള്‍, സോഷ്യല്‍ മീഡിയ, ആധുനിക സ്‌കൂളുകള്‍ എന്നിവയിലൂടെ നഗരവല്‍ക്കരിക്കപ്പെട്ട യുവതലമുറയെ ലക്ഷ്യമിട്ട് നടത്തിയ പ്രബോധനം അവരില്‍ ഒരുതരം തീവ്രമായ മതബോധവും സമുദായ കേന്ദ്രീകൃത ചിന്തയുമാണ് വളര്‍ത്തികൊണ്ടിരിക്കുന്നത്. ഓണവും ക്രിസ്തുമസും പെരുന്നാളുകളും ഒന്നിച്ച് ആഘോഷിക്കുകയും സന്തോഷങ്ങളെ ഒന്നിച്ച് പങ്കിടുകയും ചെയ്തിരുന്ന അയല്‍വക്ക ബന്ധങ്ങളിലും സൗഹൃദങ്ങളിലും സ്വാഭാവികത നഷ്ടപ്പെടുകയും, മതം നോക്കി മാത്രം മനുഷ്യരെ വിലയിരുത്തുന്ന പ്രവണത ശക്തമാവുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്.

Also Read:

മറ്റ് മത വിശ്വാസങ്ങളെയും ആചാരങ്ങളെയും ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് പകരം, അവയെ ചോദ്യം ചെയ്യുന്ന രീതിയെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനാണ് ഈ ക്ഷിപ്ര പ്രബോധകര്‍ ശ്രമിക്കുന്നത്. ഇത് സമൂഹത്തില്‍ അനാവശ്യമായ സ്പര്‍ദ്ധകള്‍ക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുകളെ ഇവര്‍ അവഗണിക്കുകയാണ്. ഇത്തരം രൂക്ഷവും സംഘര്‍ഷാത്മകവുമായ പ്രബോധനങ്ങള്‍ നേരിട്ട് തീവ്രവാദത്തിലേക്ക് നയിച്ചില്ലെങ്കില്‍ പോലും, പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുനില്‍ക്കാനും തങ്ങളാണ് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരെന്നുള്ള ചിന്ത ചിലരിലെങ്കിലും വളര്‍ത്താനും ഇത് പരോക്ഷമായി കാരണമായിട്ടുണ്ട്. ഒരു ബഹുസ്വര സംസ്‌കാരത്തില്‍ ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗുരുതരമായതാണ്.

കേരളത്തിന്റെ സാംസ്‌കാരിക സഹവര്‍ത്തനത്തിന് മേല്‍ ഇത്തരം പ്രബോധന ശൈലികള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ചെറുതല്ല. ഒരു കാലത്ത് പരസ്പര സ്‌നേഹത്തോടെയും ഐക്യത്തോടെയും കഴിഞ്ഞിരുന്ന ഒരു സമൂഹത്തിലേക്ക് സംശയത്തിന്റെയും ഭിന്നതയുടെയും വിഷവിത്തുകള്‍ പാകാന്‍ ഇത്തരം ആധുനിക പ്രബോധന രീതികള്‍ കാരണമായിട്ടുണ്ടോ എന്ന് നാം ഗൗരവത്തോടെ പരിശോധിക്കണം. എതിര്‍ക്കുന്നവരെ മതം പറഞ്ഞ് പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും തീവ്രമായ പ്രബോധന ത്വരയെ മതമായി കാണുകയും ചെയ്യുന്നവരോട് സാംസ്‌കാരിക കേരളം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മാനവിക ബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യര്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സമകാലിക ലോകത്ത് പഴയ കാലത്തിന്റെ നന്മനിറഞ്ഞ മതസൗഹാര്‍ദ്ദ പാരമ്പര്യം വീണ്ടെടുക്കേണ്ടത് പരസ്പരം പങ്കിട്ട് ജീവിക്കുന്ന ഒരു ജനതയെന്ന നിലയില്‍ നമുക്ക് അത്യന്താപേക്ഷിതമാണ്.

Content Highlights: M S Shaiju said people should remain cautious about those who approach the public with religious ideologies

dot image
To advertise here,contact us
dot image