സ്വർണത്തിലെ ഈ മാറ്റങ്ങള്‍ നിങ്ങള്‍ അറിയുന്നില്ലേ: യുവതലമുറ കാലത്തിനൊത്ത് മാറുന്നു, നേട്ടവും ഉണ്ടാക്കുന്നു

ആകെ സ്വർണ്ണ ഡിമാൻഡിന്റെ 70 ശതമാനവും നിക്ഷേപ രൂപത്തിലായി മാറി

സ്വർണത്തിലെ ഈ മാറ്റങ്ങള്‍ നിങ്ങള്‍ അറിയുന്നില്ലേ: യുവതലമുറ കാലത്തിനൊത്ത് മാറുന്നു, നേട്ടവും ഉണ്ടാക്കുന്നു
അജ്മല്‍ എം കെ
3 min read|15 Jul 2026, 12:18 pm
dot image

ന്യൂഡൽഹി: തലമുറകളായി പല ഇന്ത്യന്‍ കുടുംബങ്ങളുടെ ഐശ്വര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമായി ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം പതിയെ പതിയെ മികച്ചൊരു നിക്ഷേപ ആസ്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിപണിയിൽ സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമ്പോഴും, സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ താൽപ്പര്യം കുറഞ്ഞിട്ടില്ല. പക്ഷെ, അത് വാങ്ങുന്ന രീതിയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്.

24 കാരറ്റ് സ്വർണ്ണവില കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനത്തോളം വർധിച്ച് പത്ത് ഗ്രാമിന് ഏകദേശം 1.45 ലക്ഷം രൂപയിലെത്തിയതോടെയാണ് ഉപഭോക്താക്കളുടെ ചിന്താഗതിയിൽ ഈ മാറ്റം പ്രകടമായത്. പരമ്പരാഗത ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ ഡിജിറ്റൽ സ്വർണ്ണത്തിലേക്കും ഗോൾഡ് ഇ.ടി.എഫുകളിലേക്കും (Gold ETF) പണം നിക്ഷേപിക്കാനാണ് മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോൾ താല്പര്യപ്പെടുന്നത്.

ആഭരണ ഡിമാൻഡ് കുറഞ്ഞു; നിക്ഷേപ ഡിമാൻഡ് കുതിച്ചുയർന്നു

വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026 ഒന്നാം പാദ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്വർണ്ണ നിക്ഷേപ ഡിമാൻഡ് (ബാറുകൾ, കോയിനുകൾ, ഗോൾഡ് ഇ.ടി.എഫ്) മുൻവർഷത്തെ അപേക്ഷിച്ച് 54% വർധിച്ച് 82 ടണ്ണിലെത്തി. ഇതോടെ ആകെ സ്വർണ്ണ ഡിമാൻഡിന്റെ 70 ശതമാനവും നിക്ഷേപ രൂപത്തിലായി മാറി. അതേസമയം, ആഭരണങ്ങളുടെ വിഹിതം 30 ശതമാനമായി കുറഞ്ഞു. 2000-ത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച്, ഒരേ കുടുംബം തന്നെ വിവാഹ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങുമ്പോൾത്തന്നെ, സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഗോൾഡ് ഇടിഎഫ് എസ്ഐപി (SIP) വഴിയും നിക്ഷേപം നടത്തുന്നുണ്ട്.

ഉയർന്ന വിലയും മാറിയ ശീലങ്ങളും

സ്വർണ്ണവില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾ തങ്ങളുടെ ബജറ്റ് നിലനിർത്തിക്കൊണ്ട് വാങ്ങുന്ന സ്വർണ്ണത്തിന്റെ അളവ് കുറച്ചു. ഇക്കഴിഞ്ഞ പാദത്തിൽ ആഭരണങ്ങളുടെ ഡിമാൻഡ് 19% കുറഞ്ഞ് 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 66 ടണ്ണിലെത്തി. എങ്കിലും ഉയർന്ന വില കാരണം ആഭരണങ്ങൾക്കായി ചിലവഴിച്ച തുക റെക്കോർഡ് നിലവാരത്തിലാണ് (₹99,900 കോടി). ഭാരം കുറഞ്ഞതും, കട്ടി കുറഞ്ഞതുമായ ഡിസൈനുകൾക്കും, സ്റ്റഡ്ഡഡ് ആഭരണങ്ങൾക്കുമാണ് ഇപ്പോൾ പ്രിയം.

ഡിജിറ്റൽ സ്വർണ്ണം

യുവതലമുറയാണ് (മില്ലേനിയൽസ്, ജെൻ സി) ഈ മാറ്റത്തിന് പ്രധാന പങ്കുവഹിക്കുന്നത്. വിവാഹങ്ങളിലൂടെയോ കുടുംബ പാരമ്പര്യത്തിലൂടെയോ അല്ല ഇവർ സ്വർണ്ണ വിപണിയിലേക്ക് എത്തുന്നത്. മൊബൈൽ ആപ്പുകൾ വഴി പ്രതിമാസം 500 രൂപയോ 1000 രൂപയോ നിക്ഷേപിച്ച്, മ്യൂച്വൽ ഫണ്ടുകൾ പോലെ സ്വർണ്ണത്തെ ഒരു അസറ്റ് ക്ലാസ് ആയിട്ടാണ് അവർ കാണുന്നത്.

പണിക്കൂലി, സൂക്ഷിക്കാനുള്ള ഭയം, പരിശുദ്ധി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാത്തതാണ് ഗോൾഡ് ഇടിഎഫുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. 2025 മാർച്ചിൽ ₹59,000 കോടിയായിരുന്ന ഗോൾഡ് ഇ.ടി.എഫ് കൈകാര്യം ചെയ്യുന്ന ആസ്തി (AUM), 2026 മാർച്ചിൽ ₹1.7 ലക്ഷം കോടിയായി കുതിച്ചുയർന്നു.

വിപണി മാറുന്നു, ജ്വല്ലറികളും


പരമ്പരാഗത വിവാഹ ആവശ്യങ്ങൾ ഇപ്പോഴും ശക്തമായി തുടരുമ്പോഴും, ഉത്സവകാലങ്ങളിലെയും അല്ലാതെയുമുള്ള സ്പർണ്ണ വാങ്ങലുകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. ഈ മാറ്റം ഉൾക്കൊണ്ട് ജ്വല്ലറികളും തങ്ങളുടെ ബിസിനസ്സ് ശൈലി മാറ്റിക്കഴിഞ്ഞു. ഭാരം കുറഞ്ഞ ആഭരണങ്ങൾക്കും 9-കാരറ്റ് സ്വർണ്ണത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം, ഉപഭോക്താക്കളെ നിലനിർത്താൻ സ്വർണ്ണ സമ്പാദ്യ പദ്ധതികളും ബൈബാക്ക് ഓഫറുകളും റീട്ടെയിലർമാർ വ്യാപകമായി അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Investment demand through bars, coins, and Gold ETFs now accounts for nearly 70% of India's total gold demand, while jewellery's share has slipped to an all-time low of around 30%.

dot image
To advertise here,contact us
dot image