ദുബായില്‍ പുതിയ പബ്ലിക് ബസ് റൂട്ടുകള്‍; പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുക ലക്ഷ്യം

നിലവിലുള്ള 13 സര്‍വീസുകള്‍ നവീകരിക്കുകയും റൂട്ടുകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്

ദുബായില്‍ പുതിയ പബ്ലിക് ബസ് റൂട്ടുകള്‍; പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുക ലക്ഷ്യം
dot image

ദുബായില്‍ പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ജൂലൈ 17 മുതല്‍ നഗരത്തില്‍ നാല് പുതിയ പബ്ലിക് ബസ് റൂട്ടുകള്‍ കൂടി ആരംഭിക്കും. ഇതിനൊപ്പം നിലവിലുള്ള 13 സര്‍വീസുകള്‍ നവീകരിക്കുകയും റൂട്ടുകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

ദുബായ് മെട്രോ ശൃംഖലയുമായുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും പ്രധാന റെസിഡന്‍ഷ്യല്‍, വാണിജ്യ മേഖലകളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനുമാണ് ആര്‍ടിഎ പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യവും യാത്രാ രീതികളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുത്തുന്നത്. പുതുതായി ആരംഭിക്കുന്ന റൂട്ട് 35 ഇന്റര്‍നാഷണല്‍ സിറ്റിയെ ദുബായ് സിലിക്കണ്‍ ഒയാസിസുമായി ബന്ധിപ്പിക്കും.

തിരക്കേറിയ സമയങ്ങളില്‍ ഓരോ 30 മിനിറ്റിലും ഈ ബസ് ലഭ്യമാകും. അല്‍ ഖൂസിനെ ദുബായ് ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റൂട്ട് 85 തിരക്കേറിയ സമയങ്ങളില്‍ ഓരോ 20 മിനിറ്റിലും സര്‍വീസ് നടത്തും. ഇന്റര്‍നാഷണല്‍ സിറ്റിക്കും ദുബായ് സിലിക്കണ്‍ ഒയാസിസ് തടാകത്തിനും ഇടയില്‍ ഇരുദിശകളിലുമായി റൂട്ട് 37A, 37B എന്നീ പുതിയ സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ റൂട്ടുകള്‍ക്കൊപ്പം പ്രധാനപ്പെട്ട പല സര്‍വീസുകളിലും മാറ്റങ്ങളുണ്ട്. ഇന്റര്‍നാഷണല്‍ സിറ്റിക്കും ദുബായ് സിലിക്കണ്‍ ഒയാസിസിനും ഇടയിലുള്ള പഴയ 36A, 36B റൂട്ടുകള്‍ നിര്‍ത്തലാക്കി. അല്‍ ഗുബൈബയ്ക്ക് പകരം റൂട്ട് 67 ഇനി ഔദ് മേത്ത മെട്രോ സ്റ്റേഷനില്‍ അവസാനിക്കും. റൂട്ട് 84 മാള്‍ ഓഫ് ദി എമിറേറ്റ്സിന് പകരം ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് സ്റ്റോപ്പിലും റൂട്ട് 88 അല്‍ ഷീഫ് സ്ട്രീറ്റിന് പകരം ഓണ്‍പാസീവ് (ONPASSIVE) മെട്രോ സ്റ്റോപ്പിലും സര്‍വീസ് അവസാനിപ്പിക്കും. അല്‍ ഖൂസിലേക്കുള്ള യാത്രാ സമയം കുറയ്ക്കാനായി റൂട്ട് 96, X94 എന്നിവ ഇനി അല്‍ യലായിസ് സ്ട്രീറ്റ് വഴി തിരിച്ചുവിടും.

മെട്രോ ലിങ്ക് സര്‍വീസുകളായ എ06 നാദ് ഷമ്മയിലേക്കും, എ36 അല്‍ ബര്‍ഷ സൗത്തിലേക്കും നീട്ടിയിട്ടുണ്ട്. എ29 ഉം അല്‍ ഷീഫിലേക്കും, ജെബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ജീവനക്കാര്‍ക്കായി എ47 ഉം പരിഷ്‌കരിച്ചു. അതേസമയം, അല്‍ ഖുസൈസിലേക്കുള്ള എക്സ്പ്രസ്സ് റൂട്ടായ X22 ഇനി ബിസിനസ് ബേ സ്റ്റോപ്പുകള്‍ ഒഴിവാക്കി ഷെയ്ഖ് സായിദ് റോഡ് വഴി നേരിട്ട് സര്‍വീസ് നടത്തും. ദുബായിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സംയോജിതവും കാര്യക്ഷമവുമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആര്‍ടിഎ വ്യക്തമാക്കി.

Content Highlights: Dubai Roads and Transport Authority (RTA) has introduced a series of reforms to enhance the efficiency and reliability of public transport

dot image
To advertise here,contact us
dot image