സ്വർണവിലയില്‍ മൂന്നാം ദിവസവും ഇടിവ്: അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ താഴേക്ക്

എന്നാല്‍ ഒരു പവൻ 22 കാരറ്റ് സ്വർണം ആഭരണമായി വാങ്ങാൻ ഏകദേശം 1,13,255 രൂപയോളം നൽകേണ്ടിവരും

സ്വർണവിലയില്‍ മൂന്നാം ദിവസവും ഇടിവ്: അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ താഴേക്ക്
അജ്മല്‍ എം കെ
3 min read|14 Jul 2026, 10:26 am
dot image

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് . ഇന്ന് (ജൂലൈ 14) കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04,720 രൂപയാണ് നിരക്ക്. ഗ്രാമിന് 13,090 രൂപയിലും വ്യാപാരം നടക്കുന്നു. ഇന്നലെ പവന് 1,04,800 രൂപയായിരുന്ന വിലയിൽ നിന്നാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. അതായത് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,280 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,710 രൂപയുമാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടി-യും ഉൾപ്പെടെ നിലവിലെ നിരക്കിൽ ഒരു പവൻ 22 കാരറ്റ് സ്വർണം ആഭരണമായി വാങ്ങാൻ ഏകദേശം 1,13,255 രൂപയോളം നൽകേണ്ടിവരും.

ജൂലൈ മാസത്തിന്റെ തുടക്കം മുതൽ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാന്‍ സാധിക്കുന്നത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വില കുതിച്ചുയർന്ന് ജൂലൈ 3-ന് പവന് 1,07,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. തുടർന്ന് ജൂലൈ 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ 1,07,600 രൂപ നിലവാരത്തിൽ തുടർന്ന വില, പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. യു.എസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച കർശന നിലപാടുകളും അന്താരാഷ്ട്ര തലത്തിൽ യു.എസ് ഡോളർ ശക്തിപ്രാപിച്ചതുമാണ് സ്വർണത്തിന് മേൽ സമ്മർദ്ദമുണ്ടാക്കിയത്. രാജ്യാന്തര സ്വർണവിലയിൽ ഉണ്ടായ ഇടിവും ആഗോളതലത്തിൽ നിക്ഷേപകർ ലാഭമെടുപ്പ് തുടരുന്നതും വരും ദിവസങ്ങളിൽ സ്വർണവില വലിയ കുതിപ്പുകളില്ലാതെ ഈ നിലവാരത്തിൽ തുടരാൻ കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വലിയ ഇടിവിലാണ് വ്യാപാരം തുടരുന്നത്. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണ്ണവില ഔൺസിന് 3,993 ഡോളർ മുതൽ 4,015 ഡോളർ വരെയുള്ള നിലവാരത്തിലേക്ക് താഴേക്ക് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 4,100 ഡോളറിന് മുകളിലായിരുന്ന വിലയിൽ നിന്നാണ് ഈ പെട്ടെന്നുള്ള ഇടിവ്. പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പുതിയ സൈനിക അസ്വസ്ഥതകളെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില (Crude Oil) കുതിച്ചുയർന്നതും, യു.എസ് ഡോളർ ശക്തിപ്രാപിച്ചതുമാണ് നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിൽ നിന്ന് ലാഭമെടുക്കാൻ കാരണമായത്.

Content Highlights: Gold prices have declined for the third consecutive day, while international markets have also witnessed a sharp fall. The continued weakness in global bullion prices has put pressure on domestic rates, with investors closely watching currency movements, interest rate expectations, geopolitical developments, and global economic trends for further direction.

dot image
To advertise here,contact us
dot image