

2026 ഫിഫ ലോകകപ്പ് അതിന്റെ അന്ത്യത്തിലേക്ക് കടക്കുമ്പോൾ ഫ്രാൻസിനെ തകർത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് സ്പെയിൻ. അതേസമയം, ആരാകും കലാശപ്പോരിലെ സ്പെയിനിന്റെ എതിരാളികൾ എന്നതിൽ ഇന്ന് ഉത്തരം ലഭിക്കും. ഇന്ന് അർധരാത്രി 12:30ന് നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടും. ജൂലൈ 19 അർധരാത്രി 12:30നാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്.
തോൽവി എന്തെന്ന് അറിയാതെയാണ് ഈ ലോകകപ്പിലെ അർജന്റീനയുടെ ഇതുവരെയുള്ള പോരാട്ടങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നി ടീമുകളെ തകർത്തായിരുന്നു അർജന്റീന റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറിയിരുന്നത്. അൾജീരിയയെ എതിരില്ലാത്ത മൂൺ ഗോളുകൾക്കും ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും തകർത്തപ്പോൾ ജോർദാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയിച്ചത്. റൗണ്ട് ഓഫ് 32ൽ കാബോ വെർദെയുമായി ഒരു ത്രില്ലിംഗ് പോരാട്ടത്തിന് ഒടുവിലായിരുന്നു അർജന്റീനയുടെ ജയം. അന്ന് 3 - 2 നായിരുന്നു കാബോ വെർദെയ്ക്ക് എതിരായ അർജന്റീനയുടെ ജയം. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മെസിയും സംഘവും പരാജയപ്പെടുത്തിയതെങ്കിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സ്വിറ്റസർലാൻഡിനെതിരായ ക്വാർട്ടറിൽ ജയം.
വിജയങ്ങളും സമനിലയും അടങ്ങുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ ലോകകപ്പ് യാത്ര. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയ്ക്കും പാന്മിക്കും എതിരെ ജയിച്ചപ്പോൾ ഘാനക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയിരുന്നു. റൗണ്ട് ഓഫ് 32 ൽ ഡിആർ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പരാജയപ്പെടുത്തിയിരുന്നത്. അതേസമയം, രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മേക്സിക്കോയെ പ്രീ-ക്വാർട്ടറിലും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവേയെ ക്വാർട്ടറിലും തോൽപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്.
Content highlight: England vs Argentina second semi-final FIFA World Cup 2026