അദാനിയെ 'ക്ഷ' വരപ്പിച്ച് യുഎസ് ജഡ്ജി; കൈക്കൂലി കേസ് ഒഴിവാക്കാൻ ഉത്തരങ്ങൾ എഴുതിനൽകാൻ ആവശ്യം

രണ്ട് ചോദ്യങ്ങളാണ് യുഎസ് ജഡ്ജി അദാനിയോട് ചോദിച്ചത്

അദാനിയെ 'ക്ഷ' വരപ്പിച്ച് യുഎസ് ജഡ്ജി; കൈക്കൂലി കേസ് ഒഴിവാക്കാൻ ഉത്തരങ്ങൾ എഴുതിനൽകാൻ ആവശ്യം
dot image

കൈക്കൂലി ആരോപണക്കേസിൽ ഗൗതം അദാനിയോട് കടുപ്പിച്ച് യുഎസ് ജഡ്ജി. കുറ്റവിമുക്തനാക്കപ്പെടാനുള്ള ആവശ്യത്തിന്റെ ഭാഗമായി ചില ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകാൻ അദാനിയോട് ജഡ്ജി ആവശ്യപ്പെട്ടു. അവ എഴുതിനൽകിയാൽ മാത്രമേ അദാനിയെ കുറ്റവിമുക്തനാക്കണമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളൂ.

രണ്ട് ചോദ്യങ്ങളാണ് യുഎസ് ജഡ്ജി അദാനിയോട് ചോദിച്ചത്. കുറ്റപത്രം തള്ളിക്കളയുന്നതുമായി ബന്ധപ്പെട്ട് ആരെങ്കിലും വാഗ്ദാനം ചെയ്തതോ, സമ്മതിച്ചതോ, സ്വീകരിച്ചതോ ആയ എന്തെങ്കിലും നിങ്ങൾക്കറിയാമോ?, കുറ്റപത്രം തള്ളിക്കളയുന്നതിനായി എന്തെങ്കിലും കരാർ കൈമാറ്റം ചെയ്യുന്നതായി നിങ്ങൾക്കറിയാമോ? എന്നിങ്ങനെയാണ് ചോദ്യങ്ങൾ. ജൂലൈ 15നകം മറുപടി നൽകാനാണ് അദാനിയോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

യുഎസ് ജില്ല കോടതി ജഡ്ജിയായ നിക്കോളാസ് ഗരൗഫിസ് ആണ് അദാനിയോട് ചോദ്യങ്ങൾ ചോദിച്ചത്. നേരത്തെ കേസ് തള്ളാൻ നീതിന്യായ വകുപ്പ് ആ തീരുമാനത്തെ ചോദ്യം ചെയ്തും ഗരൗഫിസ് രംഗത്തെത്തിയിരുന്നു. അദാനിക്കെതിരേ കേസ് ഒഴിവാക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാൻ ജഡ്ജി നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കേസ് തള്ളണമെന്ന അദാനിയുടെ അഭിഭാഷകരുടെ ആവശ്യത്തെയും അദ്ദേഹം നിരസിച്ചിരുന്നു.

സൗരോർജ കരാറുകൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ പദ്ധതിയിട്ടെന്നും യുഎസ് നിക്ഷേപകരിൽ കമ്പനിയുടെ അഴിമതി വിരുദ്ധ നടപടികളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നുമാണ് അദാനിക്ക് മേലുള്ള കേസ്. കേസിൽ അദാനിയുടെ അനന്തരവൻ സാഗർ അദാനിയേയും യുഎസ് ഉദ്യോഗസ്ഥർ പ്രതിചേർത്തിരുന്നു. എന്നാൽ പരാതിയെ അദാനി തള്ളുകയാണ് ചെയ്തത്.

2024 നവംബറിൽ നടന്ന ഒരു ഓഹരി വിപണി ഫയലിങിൽ കൈക്കൂലി കേസിനല്ല, നിക്ഷേപ തട്ടിപ്പിനാണ് യുഎസിൽ കുറ്റം ചുമത്തിയിരിക്കുന്നത് എന്നാണ് കമ്പനി പറഞ്ഞത്. മെയ് 18ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തന്നെയാണ് അദാനിക്കെതിരായ കേസുകൾ തള്ളാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടത്. അമേരിക്കയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാമെന്നും 15000 തൊഴിലുകൾ സൃഷ്ടിക്കാമെന്നും ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപ് കുറ്റവിമുക്തനാക്കാൻ ഇടപെട്ടത്.

Content Highlights: A US judge has sought written responses from Gautam Adani to specific questions related to his request for dismissal in an alleged bribery case. The court will decide on whether to grant relief to Adani only after reviewing the submitted answers.

dot image
To advertise here,contact us
dot image