

വിരമിച്ച ശേഷവും എല്ലാ മാസവും സ്ഥിരമായ വരുമാനം ലഭിക്കണമെന്നത് മിക്ക മുതിർന്ന പൗരന്മാരുടെയും ആഗ്രഹമാണ്. അതിനായി നിരവധി പദ്ധതികളും ഇന്ന് നിലവിലുണ്ട്. പ്രത്യേകിച്ച് സർക്കാർ പിന്തുണയുള്ള സ്‌കീമുകളാണെകിൽ ഒരല്പം വിശ്വാസ്യത കൂടുതലായിരിക്കും. അത്തരത്തിൽ കേന്ദ്ര സർക്കാരിന്റെ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS) ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപ പദ്ധതികളിലൊന്നായി തുടരുകയാണ്. നിലവിലെ 8.2 ശതമാനം വാർഷിക പലിശനിരക്കിൽപ്പെടുന്ന പദ്ധതിയുടെ പ്രത്യേകതകൾ നോക്കാം.
പദ്ധതിയിൽ 30 ലക്ഷം നിക്ഷേപിക്കുന്ന ഒരാൾക്ക് ഒരു വർഷം 2.46 ലക്ഷം രൂപ പലിശ ലഭിക്കും. പലിശ ഓരോ മൂന്ന് മാസത്തിലും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനാൽ ഓരോ പാദത്തിലും 61,500 ലഭിക്കും. ഇത് മാസ ശരാശരിയാക്കി കണക്കാക്കുമ്പോഴാണ് ഏകദേശം 20,500 വരുമാനം ലഭിക്കുന്നത്. മൂലധനത്തെ തൊടാതെ ദൈനംദിന ചെലവുകൾക്കും മരുന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ഈ തുക ഉപയോഗിക്കാനാകുമെന്നതാന് ഏറ്റവും വലിയ പ്രത്യേകത.
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് SCSS അക്കൗണ്ട് തുറക്കാം. ചില നിബന്ധനകൾക്ക് വിധേയമായി 55 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വിരമിച്ച സർക്കാർ ജീവനക്കാർക്കും പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. കുറഞ്ഞത് 1,000 മുതൽ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ പരിധി ഒരാൾക്ക് 30 ലക്ഷം രൂപയാണ്. അക്കൗണ്ട് പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്കുകളിലും തുറക്കാൻ കഴിയും.
SCSS അക്കൗണ്ടിന്റെ കാലാവധി അഞ്ച് വർഷമാണ്. കാലാവധി പൂർത്തിയായ ശേഷം മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനും അവസരമുണ്ട്. അക്കൗണ്ട് തുറക്കുന്ന സമയത്തെ പലിശനിരക്കാണ് മുഴുവൻ കാലാവധിയിലും ബാധകമാകുക. അതിനാൽ പിന്നീട് സർക്കാർ പലിശ കുറച്ചാലും നിലവിലുള്ള അക്കൗണ്ടിനെ അത് ബാധിക്കില്ല എന്നത് ആശ്വാസജനകമാണ്.
സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതിയായതിനാൽ വിപണിയിലെ ചാഞ്ചാട്ടങ്ങൾ ഈ നിക്ഷേപത്തെ ബാധിക്കില്ല. ഓഹരി വിപണിയിലോ മ്യൂച്വൽ ഫണ്ടുകളിലോ ഉള്ളതുപോലുള്ള റിസ്ക് ഇല്ലാത്തതിനാൽ, സ്ഥിര വരുമാനം ആഗ്രഹിക്കുന്ന വിരമിച്ചവർക്ക് SCSS മികച്ച തിരഞ്ഞെടുപ്പായി കണക്കാക്കപ്പെടുന്നു.
അതേസമയം, പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം നികുതിക്ക് വിധേയമാണെന്ന കാര്യം ശ്രദ്ധിക്കണം. കൂടാതെ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് അവസാനിപ്പിച്ചാൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകൾക്കും പിഴയ്ക്കും വിധേയമാകും. അതിനാൽ നിക്ഷേപത്തിന് മുമ്പ് പദ്ധതിയുടെ എല്ലാ നിബന്ധനകളും മനസ്സിലാക്കി തീരുമാനമെടുക്കണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നു.
Content Highlights: How SCSS helps senior citizens earn a ₹20,500 monthly income from ₹30 lakh savings