

ഏഷ്യൻ രാജ്യങ്ങൾക്കായി ജൂലൈ മാസത്തിൽ വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ഔദ്യോഗിക വിൽപന വില വീണ്ടും കുത്തനെ കുറയ്ക്കാന്‍ സൗദി അറേബ്യ. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ ഡിമാൻഡ് കുറയുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കത്തിന് സൗദി തുനിയുന്നത്. മിഡിൽ ഈസ്റ്റ് ക്രൂഡ് വിപണിയിലെ തളർച്ച കണക്കിലെടുത്താണ് സൗദി ഈ തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസി നടത്തിയ ഏറ്റവും പുതിയ സർവേയിൽ വിദഗ്ധർ സൂചിപ്പിക്കുന്നത്. വില കുറയ്ക്കുന്നത് ഇന്ത്യ ഉള്‍പ്പെടേയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി, തങ്ങളുടെ മുൻനിര ബ്രാൻഡായ 'അറബ് ലൈറ്റ്' (Arab Light) ക്രൂഡിന്റെ വിലയിലാണ് ഈ ഇളവ് വരുത്താൻ ഒരുങ്ങുന്നത്. ജൂൺ മാസത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈയിലെ കയറ്റുമതികൾക്ക് ബാരലിന് 3 ഡോളർ മുതൽ 8 ഡോളർ വരെ വില കുറയ്ക്കാനാണ് സാധ്യതയുള്ളത്. മിഡിൽ ഈസ്റ്റ് എണ്ണവിലയുടെ പ്രധാന മാനദണ്ഡമായ ഒമാൻ/ദുബായ് ശരാശരി നിരക്കിനേക്കാൾ 7.50 ഡോളർ മുതൽ 12.50 ഡോളർ വരെയുള്ള പ്രീമിയം നിരക്കിലായിരിക്കും പുതിയ വില നിശ്ചയിക്കുക.
സൗദി അറേബ്യ തുടർച്ചയായി വരുത്തുന്ന രണ്ടാമത്തെ വലിയ വിലക്കുറവാണിത്. മേയ് മാസത്തെ വിതരണത്തിനായി ഏപ്രിൽ ആദ്യം പ്രഖ്യാപിച്ച ബാരലിന് 19.50 ഡോളർ എന്ന റെക്കോർഡ് പ്രീമിയം നിരക്കിന് ശേഷം വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണിത്.
നേരത്തെ, ജൂൺ മാസത്തേക്കുള്ള അറബ് ലൈറ്റ് ക്രൂഡിന്റെ പ്രീമിയം വില മേയ് മാസത്തെ അപേക്ഷിച്ച് 4 ഡോളർ കുറച്ച് ബാരലിന് 15.50 ഡോളറായി സൗദി നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത മാസവും വില കുറയ്ക്കാനുള്ള നീക്കം നടക്കുന്നത്. മേയ് മാസത്തിൽ സ്പോട്ട് മാർക്കറ്റിലുണ്ടായ ഡിമാൻഡ് കുറവാണ് സൗദിയെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഏപ്രിലിൽ ശരാശരി 13.92 ഡോളറായിരുന്ന ദുബായ് കാഷ് പ്രീമിയം മേയ് മാസത്തിൽ 8.90 ഡോളറായി താഴ്ന്നു. ഒമാൻ ക്രൂഡിന്റെ സ്പോട്ട് പ്രീമിയത്തിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്.
ഇതിനെല്ലാം പുറമെ, രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വിലയിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബാരലിന് 100 ഡോളറിന് താഴേക്ക് പോയ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്ച ഏഷ്യൻ വിപണിയിൽ 93 ഡോളർ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയും ഇറാനും തമ്മിൽ ഒരു നയതന്ത്ര ധാരണയിലെത്തിയേക്കുമെന്ന വിപണിയിലെ പ്രതീക്ഷകളാണ് ക്രൂഡ് ഓയിൽ വില പെട്ടെന്ന് താഴേക്ക് എത്തിച്ചത്.
അറബ് ലൈറ്റിന് പുറമെ സൗദി അറേബ്യയുടെ മറ്റ് ഗ്രേഡുകളിലുള്ള എണ്ണവിലയും ഇതേ രീതിയിൽ കുറയുമെന്നാണ് ഏഷ്യയിലെ എണ്ണ വ്യവസായ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. സാധാരണയായി എല്ലാ മാസവും അഞ്ചാം തീയതിയോടെയാണ് സൗദി അടുത്ത മാസത്തെ എണ്ണവില പ്രഖ്യാപിക്കാറുള്ളത്. എന്നാൽ ഇത്തരം വില വ്യത്യാസങ്ങളെക്കുറിച്ച് ഔദ്യോഗികമായി മുൻകൂട്ടി പ്രതികരിക്കാൻ സൗദി അധികൃതർ തയ്യാറാകാറില്ല. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ ഇറക്കുമതി രാജ്യങ്ങൾക്ക് വരും ദിവസങ്ങളിൽ ഈ വിലക്കുറവ് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Saudi Arabia may reduce its official crude oil selling prices once again, offering potential relief to major importers such as India. Lower crude prices could help reduce India’s oil import bill, ease pressure on fuel costs, and support broader economic stability amid fluctuations in global energy markets.