

അടുത്തിടെ പട്‌നയിലും മുംബൈയിലും ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് മീറ്റിങ്ങിലാണ് രാജ്യത്ത് പോളിമര്‍ കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശം വീണ്ടുമുയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ, നിലവിലുള്ള പേപ്പര്‍ കറന്‍സിക്ക് പകരം പ്ലാസ്റ്റിക് കറന്‍സി വരുന്നത് ഏത് തരത്തിലാകും നിര്‍മാണച്ചെലവിനെ ഉള്‍പ്പെടെ ബാധിക്കുകയെന്നും മാറ്റം എന്തിനാണെന്നും ചോദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. എന്നാല്‍ വ്യക്തമായ കണക്കുകളുടെയും ഡേറ്റകളുടെയും അടിസ്ഥാനത്തിലാണ് മാറ്റത്തിന് തയാറെടുക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വര്‍ധിച്ചെങ്കിലും ഏതാനും വര്‍ഷങ്ങളായി കറന്‍സി നോട്ടുകളുടെ ആവശ്യം ഉയര്‍ന്നുവരുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വിനിമയത്തിലുള്ള കറന്‍സികളുടെ മൂല്യത്തില്‍ 11.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഈടുനില്‍ക്കുന്ന പോളിമര്‍ കറന്‍സി അവതരിപ്പിക്കുന്നതിന് സെന്‍ട്രല്‍ ബോര്‍ഡ് യോഗങ്ങളില്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.
പഞ്ഞി അടിസ്ഥാനമാക്കിയുള്ള പ്രത്യേക കടലാസുകളിലാണ് കറന്‍സി അച്ചടിച്ചു വരുന്നത്. മൂന്നുമുതല്‍ നാലുവര്‍ഷം കഴിയുമ്പോള്‍ ഇത് മുഷിഞ്ഞുതുടങ്ങും. ഇത് പിന്‍വലിച്ച് പുതിയ കറന്‍സി അച്ചടിക്കേണ്ടതായും വരും. കൂടുതലായി ഉപയോഗത്തില്‍ വരുന്ന 10, 20 രൂപ നോട്ടുകളാണ് എളുപ്പത്തില്‍ നശിക്കുന്നത്. പോളിമര്‍ നോട്ടുകള്‍ പൊടിയും വെള്ളവും പ്രതിരോധിച്ച് കൂടുതല്‍ ഈടുനില്‍ക്കും. ഇത് കറന്‍സി പുറത്തിറക്കുന്നതിനുള്ള ചെലവില്‍ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
പ്ലാസ്റ്റിക് കറന്‍സികളില്‍ കൂടുതല്‍ സുരക്ഷ ഉള്‍പ്പെടുത്താനാകും. പ്രത്യേക മഷിയാണ് ഉപയോഗിക്കുക. കള്ള നോട്ടുകള്‍ ഉണ്ടാക്കാനും പ്രയാസമാകും. മുന്‍പും പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിട്ടിരുന്നു. കൊച്ചിയുള്‍ പ്പെടെ അഞ്ചിടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പോളിമര്‍ കറന്‍സി കൊണ്ടുവരാന്‍ 2012ലാണ് ആലോചന നടന്നത്. എന്നാല്‍, ചില സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് ഇതു നടക്കാതെപോയി. ആഗോളതലത്തില്‍ ഓസ്‌ട്രേലിയ ആണ് പോളിമര്‍ കറന്‍സി ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. 1988ല്‍. നിലവില്‍ അറുപതോളം രാജ്യങ്ങള്‍ പ്ലാസ്റ്റിക് കറന്‍സി ഉപയോഗിക്കുന്നുണ്ട്.
2025-26 സാമ്പത്തിക വര്‍ഷം കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ 4,875.2 കോടി രൂപയാണ് ചെലവുവന്നത്. തൊട്ടു മുന്‍വര്‍ഷമിത് 6,375 കോടിയായിരുന്നു. പഴയ നോട്ടുകള്‍ പിന്‍വലിച്ച ശേഷം 2017ല്‍ കറന്‍സികള്‍ അച്ചടിച്ചത് 7,965 കോടി രൂപ ചെലവിലാണ്. 2025-26 സാമ്പത്തിക വര്‍ഷം 1,702 കോടി മുഷിഞ്ഞ നോട്ടുകള്‍ പൊതു വിപണിയില്‍നിന്ന് പിന്‍വലിച്ച് ആര്‍ബിഐ നശിപ്പിച്ചിരുന്നു. 2024-25ല്‍ ഇത് 2,386 കോടിയെണ്ണമായിരുന്നു. കറന്‍സി അച്ചടിക്കുന്നതിനൊപ്പം അവ കൂടുതല്‍ കാലം ഈടുനില്‍ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്ലാസ്റ്റിക് കറന്‍സിയിലേക്ക് മാറാന്‍ ആര്‍ബിഐ തീരുമാനിക്കുന്നത്.
Content Highlights: Unlike paper currency, polymer notes are more durable and resistant to dirt and moisture, factors that are especially relevant in India's climate and usage conditions. Their longer lifespan reduces the need for frequent reprinting, potentially lowering costs over time despite higher initial production expenses.